- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഡിഎംആർസിയിൽ ഇ ശ്രീധരൻ നടത്തിയ ക്രമക്കേടുകൾ മകനും മരുമകനും വേണ്ടി'; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ പരാതിയുമായി കൊച്ചി സ്വദേശി; മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അനൂപ്
കൊച്ചി: ഇ ശ്രീധരനെതിരെ വീണ്ടും പരാതിയുമായി അഭിഭാഷകനായ കൊച്ചി സ്വദേശി അനൂപ്. ഇ. ശ്രീധരന്റെ മകൻ ജോലി ചെയ്ത കമ്പനിക്ക് ഡിഎംആർസിയുടെ യുടെ കരാറുകൾ കൊടുത്തതും, അതിന് വേണ്ടി കോൺട്രാക്റ്റ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതും, മരുമകൻ കൂടി ഉൾപ്പെട്ട് നടത്തിയുള്ള ക്രമക്കേടുകളും, ക്രയവിക്രയങ്ങളും ചൂണ്ടിക്കാട്ടിയാണ് പരാതി. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ നേരിട്ട് ഹാജരായാണ് അനൂപ് ഇ. ശ്രീധരനെതിരായ പരാതി നൽകിയത്.
ഇ.ശ്രീധരന്റെ മകൻ ജോലി ചെയ്ത കമ്പനിക്ക് DMRC യുടെ കരാറുകൾ കൊടുത്തതും, അതിന് വേണ്ടി കോൺട്രാക്റ്റ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതും, മരുമകൻ കൂടി ഉൾപ്പെട്ട് നടത്തിയുള്ള ക്രമക്കേടുകളും, ക്രയവിക്രയങ്ങളും വസ്തുതകൾ സഹിതം പരാതിയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിശ്വസനീയമായ സോഴ്സുകളിൽ കിട്ടിയ, പ്രൊഫഷണൽ ക്രമക്കേടുകൾ തെളിവുകൾ സഹിതം പത്രസമ്മേളനത്തിലൂടെ പുറത്ത് വിടുമെന്നും അനൂപ് പറയുന്നു. മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടും. ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറയുന്നു. നേരത്തേ, വിവാദ പ്രസ്താവനകളിലൂടെ സമുദായ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് അനൂപ് ശ്രീധരനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
പൊന്നാനി പൊലീസ് സ്റ്റേഷനിലാണ് അന്ന് അനൂപ് ശ്രീധരനെതിരെ പരാതി നൽകിയത്. കടുത്ത സസ്യാഹാരിയാണ് താനെന്നും മാംസാഹാരം കഴിക്കുന്നവരെ തനിക്ക് ഇഷ്ടമല്ലെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇ.ശ്രീധരൻ പറഞ്ഞത്. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴാണ് ശ്രീധരന്റെ പ്രതികരണം. "വ്യക്തിപരമായി ഞാൻ കടുത്ത സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല," ശ്രീധരൻ പറഞ്ഞു. കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും അതിന് താൻ എതിരാണെന്നും ശ്രീധരൻ പറഞ്ഞു. കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ ചെപ്പടിവിദ്യയിലൂടെ വശത്താക്കി വിവാഹത്തിലേക്കെത്തിക്കുന്ന തരത്തിൽ ലൗ ജിഹാദുണ്ടെന്നാണ് മെട്രോമാന്റെ അഭിപ്രായം. ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല മുസ്ലിങ്ങൾക്കിടയിലും ക്രിസ്ത്യാനികൾക്കിടയിലും വിവാഹത്തിലൂടെ പെൺകുട്ടികളെ വശത്താക്കുന്ന രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി വർഗീയ പാർട്ടിയാണെന്ന വിമർശനങ്ങളെയും ശ്രീധരൻ എതിർത്തിരുന്നു. "ബിജെപി ഒരിക്കലും ഒരു വർഗീയ പാർട്ടിയല്ല. എനിക്ക് അവരുമായുള്ള അടുപ്പത്തിന്റെ പേരിലല്ല അത് പറയുന്നത്. മറിച്ച് ഒട്ടേറെ രാജ്യസ്നേഹികളുടെ കൂട്ടായ്മയാണ് ബിജെപി. എല്ലാ പാർട്ടികളെയും കൂട്ടായ്മകളെയും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അങ്ങനെയാണ്. അദ്ദേഹം ഏതെങ്കിലും ഒരു മതത്തെ ആക്രമിച്ച് സംസാരിക്കുന്നത് ഞാനിതുവരെ കേട്ടിട്ടില്ല," ശ്രീധരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ