- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് ഒരു നിയമവും പി വി അൻവറിന് മറ്റൊരു നിയമവുമോ? ആഫ്രിക്കയിൽ നിന്നുള്ള നിലമ്പൂർ എംഎൽഎയുടെ മാസ് എൻട്രിക്കെതിരെ കെ.എസ്.യുവിന്റെ പരാതി; കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുക്കണമെന്ന് ആവശ്യം; കരിപ്പൂരിൽ സിപിഎം പ്രവർത്തകർ എത്തിയത് 'തിരുമ്പി വന്തിട്ടേന്ന് സൊല്ല്' എന്ന് ആലേഖനം ചെയ്ത ഷർട്ടുമായി
മലപ്പുറം: കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് പി.വി അൻവർ എംഎൽഎയ്ക്കെതിരെ പരാതി. വിദേശയാത്ര കഴിഞ്ഞെത്തിയ അൻവർ ആൾക്കൂട്ട സ്വീകരണം ഏറ്റുവാങ്ങിയത് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നാണ് പരാതി. കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിനും മന്ത്രിക്കും പരാതി നൽകിയത്. എംഎൽഎയ്ക്കെതിരെ കേസെടുത്ത് ക്വാറന്റൈനിൽ പ്രവേശിപ്പിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു.
വിദേശത്ത് നിന്നു വരുന്ന പ്രവാസികൾക്ക് ഒരു നിയമവും ഒരു ജനപ്രധിനിതിയായ അൻവർ എം എൽ എക്ക് മറ്റൊരു നിയമവുമാണോ? എന്നാണ കെ എസ് യു പ്രവർത്തകർ ചോദിക്കുന്നത്. കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങുകയും ആൾകൂട്ട സ്വീകരണം ഏറ്റു വാങ്ങുകയും ക്വാറന്റൈനിൽ പോകാതെ ജനമധ്യത്തിലേക്ക് ഇറങ്ങുകയും ചെയ്യുകയായിരുന്നു എംഎൽഎ. ആരോഗ്യ മന്ത്രിയുടേയും ആരോഗ്യവകുപ്പിന്റേയും പ്രവർത്തിയിലും വാക്കുകളിലും ആത്മർഥത ഇല്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
അതേസമയം നിലമ്പൂർ എംഎൽഎയും നിലമ്പൂർ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പിവി അൻവറിന് കരിപ്പൂർ എയർപോർട്ടിൽ സ്വീകരണം നൽകാനെത്തിയത് ആയിരങ്ങളായിരുന്നു. വളരെ ആസൂത്രിതമായ സ്വീകരണം ഒരുക്കലായിരുന്നു അൻവറിന് വേണ്ടി നടത്തിയത്. കോവിഡിന്റെ ആഫ്രിക്കൻ വകഭേദത്തെ ഭയക്കേണ്ട ഘട്ടത്തിലായിരുന്നു ഒരു ജനപ്രതിനിധി പൊതുജനാരോഗ്യം കണക്കിലെടുത്തു ചെയ്യേണ്ട കാര്യം പോലും അൻവർ കാറ്റിൽപ്പറത്തിയത്.
രാവിലെ 11.30ന് അൻവർ കരിപ്പൂരിൽ വിമാനമിറങ്ങുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരങ്ങൾ. അതുകൊണ്ട് തന്നെ 11 മണിയോട് കൂടി എയർപോർട്ടിലേക്ക് പ്രവർത്തകരെത്തി തുടങ്ങിയിരുന്നു. തിരുമ്പിവന്തിട്ടേന്ന് സൊല്ല് എന്ന് ആലേഖനം ചെയ്ത പിവി അൻവറിന്റെ ചിത്രത്തോട് കൂടിയ ടീഷർട്ടുകൾ ധരിച്ചാണ് പ്രവർത്തകർ എത്തിയിരുന്നത്. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടികളും പ്രവർത്തകരുടെ കയ്യിലുണ്ടായിരുന്നു.
തലമൊട്ടയടിച്ച് തലയിൽ നിലമ്പൂരിന്റെ ഉറപ്പാണ് പിവി അൻവർ എന്നും ശരീരത്തിലാകമാനം എൽഡിഎഫ് പ്രചരണ വാക്യങ്ങൾ ചായംകൊണ്ട് എഴുതിയ പ്രവർത്തകനും അൻവറിനെ സ്വീകരിക്കാനെത്തിയിരുന്നു. നിലമ്പൂരിൽ നിന്നും മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് കരിപ്പൂർ എയർപോർട്ടിൽ എൽഡിഎഫ് പ്രവർത്തകരെത്തിയത്. 11.30ന് അൻവർ പുറത്തിറങ്ങുമെന്നാണ് പ്രവർത്തകരെ അറിയിച്ചിരുന്നത്. എന്നാൽ അറിയിച്ചതിലും ഒന്നര മണിക്കൂറിലേറെ വൈകി 1.15നാണ് അൻവർ പുറത്തേക്കിറങ്ങിയത്.
ചുവന്ന ടീഷർട്ടും പാന്റും വെള്ള മാസ്കും ധരിച്ചാണ് അൻവർ എത്തിയത്. കരിപ്പൂർ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ആഗമന ടർമിനലിനോട് ചേർന്ന വിസിറ്റേർസ് ലോഞ്ച് വഴിയാണ് അനർ പുറത്തിറങ്ങിയത്. അൻവറിന്റെ മകനടക്കമുള്ള കുടുംബാംഗങ്ങളും പേഴ്സണൽ സ്റ്റാഫും അകത്ത് വെച്ച് തന്നെ അൻവറിനെ സ്വീകരിച്ചു. നൂറ് കണക്കിന് പ്രവർത്തകർക്കിടയിലൂടെ പുറത്ത് നിർത്തിയിരുന്ന എംഎൽഎയുടെ ഔദ്യോഗിക കാറിലേക്ക് എത്താൻ വലിയ പ്രതിസന്ധി നേരിട്ടു. എല്ലാ വിധ കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ചായിരുന്നു അൻവർ കാറിനടുത്തേക്ക് എത്തിയത്.
പ്രവർത്തകർക്കിടയിൽ നിന്ന് അൻവറിനെ കാറിലേക്ക് എത്തിക്കാൻ സുരക്ഷ ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടു. കാറിലെത്തിയതിന് ശേഷമാണ് അൻവർ മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. നിലമ്പൂരുകാരോട് നന്ദിയുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എത്രയും പെട്ടെന്ന് തന്നെ സജീവമാകുമെന്നും മാത്രമാണ് അൻവർ പ്രതികരിച്ചത്. കാറിൽ കയറിയതിന് ശേഷവും പ്രവർത്തകർ വാഹനത്തെ പൊതിയുന്ന കാഴ്ചയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ വാഹനം പെട്ടെന്ന് മുന്നോട്ട് കൊണ്ടുപോകാൻ നിർദ്ദേശിച്ചെങ്കിലും വാഹനത്തിന് ചുറ്റും പ്രവർത്തകർ നിലയുറപ്പിച്ചതോടെ വാഹനം മുന്നോട്ടെടുക്കാനായില്ല.
സുരക്ഷ ഉദ്യോഗസ്ഥരോട് സിപിഎം പ്രവർത്തകർ തട്ടിക്കയറുന്നതും കാണാമായിരുന്നു. വലിയ വാഹന നിരയാണ് അൻവറിനെ നിലമ്പൂർ വരെ അനുഗമിക്കുന്നത്. എയർപോട്ട് പരിസരത്ത് ഈ വാഹന നിര ഏറെ നേരം ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. ബാന്റ്മേളത്തിന്റെ അകമ്പടിയോടെയാണ് പ്രവർത്തകർ കരിപ്പൂർ എയർപോർട്ട് പരിസരത്ത് നിന്നും അൻവറിനെ നിലമ്പൂരിലേക്ക് കൊണ്ടുപോയത്.