- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്കിടെ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു; മുന്നറിയിപ്പില്ലാതെ പുലർച്ചെ ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ടതായി യുവതിയുടെ പരാതി; ഹരിപ്പാട് സ്വകാര്യാശുപത്രിയിലെ സംഭവം പുറത്തറിഞ്ഞത് സമൂഹമാധ്യമത്തിൽ നഴ്സ് പങ്കുവെച്ച കുറിപ്പോടെ; മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് കുടുംബം; തങ്ങൾ അറിയില്ലെന്നും സഹപ്രവർത്തകർ ചെയ്തതാകാമെന്നും ആശുപത്രിയുടെ വിശദീകരണം
ഹരിപ്പാട്: ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ ഡ്യുട്ടിയിൽ നിന്ന് ഇറക്കിവിട്ടതായി പരാതി.ഹരിപ്പാടെ സ്വകാര്യാശുപത്രിക്കെതിരെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.സമൂഹമാധ്യമത്തിൽക്കൂടി യുവതി പങ്കുവെച്ച കുറിപ്പിലുടെയാണ് സംഭവം പുറംലോകമറിയുന്നത്.രാത്രിഡ്യൂട്ടിയിൽ ജോലിചെയ്ത നഴ്സിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നേരം പുലരുംമുൻപ് ആശുപത്രിയിൽനിന്ന് ഇറക്കിവിട്ടതായാണ് പരാതിയിൽ പറയുന്നത്.
ഒരു മണിക്കൂറിലധികം റോഡരികിൽ നിന്ന നഴ്സിനെ വീട്ടുകാർ എത്തിയാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയത്. കരുവാറ്റ സ്വദേശിനിയായ നഴ്സിനു ഡ്യൂട്ടിക്കിടയിലാണ് രോഗലക്ഷണം ഉണ്ടായത്. തുടർന്ന് പരിശോധന നടത്തുകയും ഫലം വന്നപ്പോൾ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
മൂന്നുമാസമായി ഇവിടെ നഴ്സിങ് ട്രെയിനിയായി നിൽക്കുന്ന പെൺകുട്ടിക്ക് ജോലിക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായപ്പോൾ കോവിഡ് പരിശോധനയ്ക്ക് സ്രവം നൽകിയശേഷം ജോലിതുടർന്നു. പുലർച്ചേ ഫലംവന്നപ്പോൾ രോഗം സ്ഥിരീകരിച്ചു. അപ്പോൾത്തന്നെ പെൺകുട്ടിയെ അധികൃതർ പുറത്താക്കിയെന്നാണ് ആരോപണം. രാവിലെ ബന്ധുക്കൾ എത്തുന്നതുവരെ പെൺകുട്ടിക്ക് ആശുപത്രി വാതിലിനുപുറത്ത് റോഡിൽ നിൽക്കേണ്ടിവന്നു.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. പുറത്തിറക്കി നിർത്തുന്ന വിവരം അറിയിച്ചിരുന്നില്ലെന്നും മറ്റുള്ളവർക്കു പകരാതിരിക്കാൻ സഹപ്രവർത്തകർ ചെയ്തതാകാമെന്നും പരിശോധിച്ചു നടപടി എടുക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ജോലിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ അവിടെതന്നെ ചികിത്സിക്കുകയോ സർക്കാരിന്റെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുകയോ ചെയ്യാതെ ഇറക്കിവിട്ടു എന്നതാണ് പരാതി.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ