- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവികുളം എംഎൽഎ എ.രാജയെ പോലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം; മന്ത്രി അസത്യപ്രസ്താവന നടത്തിയെന്ന് ആരോപണം; മന്ത്രിയുടെ പേര് പ്രൊഫസർ.ആർ. ബിന്ദു എന്നത് ഡോക്ടർ. ആർ. ബിന്ദുവെന്ന് തിരുത്തിയത് ആൾമാറാട്ടത്തിന് തുല്യമെന്നും ഭരണഘടനാ ലംഘനമെന്നും ഗവർണർക്ക് പരാതി
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി. മന്ത്രി വീണ്ടും ഗവർണറുടെ മുമ്പാകെ സത്യപ്രതിജ്ഞ നടത്തണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞാലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടർന്ന് സർക്കാർ തന്നെ തെറ്റു തിരുത്തി പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി പരാതി ഉന്നയിച്ചത്.
മെയ് 20ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേര് പ്രൊഫസർ.ആർ. ബിന്ദു എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് ഡോക്ടർ. ആർ. ബിന്ദുവെന്ന് തിരുത്തിയതായി അറിയിച്ചുകൊണ്ടാണ് ജൂൺ എട്ടിന് ചീഫ് സെക്രട്ടറി ഡോക്ടർ.വി. പി. ജോയി അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
പ്രൊഫസർ. ആർ.ബിന്ദു വെന്ന പേരിലാണ് മന്ത്രി ഗവർണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്. തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപികയായ ഡോ: ബിന്ദു പ്രൊഫസറല്ലെന്നും ഇത് ആൾമാറാട്ടത്തിന് തുല്യവും ഭരണഘടനാ ലംഘനവുമാണെന്നും ഗസറ്റ് വിജ്ഞാപനത്തിലൂടെ തെറ്റ് സർക്കാർ തന്നെ തിരുത്തിയിരിക്കുന്ന സാഹചര്യത്തിൽ തെറ്റ് തിരുത്തി വീണ്ടും സത്യപ്രതിജ്ഞ നടത്താൻ മന്ത്രിക്ക് നിർദ്ദേശം നൽകണമെന്നും ഗവർണർക്കു നൽകിയ നിവേദനത്തിൽ പറയുന്നു.
സർക്കാർ പുറപ്പെടുവിച്ച ഗസറ്റ് വിഞാപനത്തിന്റെ പകർപ്പും പരാതിയോടൊപ്പം ഗവർണർക്ക് നൽകിയിട്ടുണ്ട്. ദേവികുളം എംഎൽഎ യ്ക്ക് സത്യപ്രതിജ്ഞയിൽ തെറ്റ്പറ്റിയതിനെ തുടർന്ന് പിഴ അടച്ചശേഷം വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിവന്നുവെന്നും, അസത്യപ്രസ്താവന നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും സമിതി ചെയർമാൻ ആർ എസ് ശശികുമാറും സെക്രട്ടറി എം.ഷാജർ ഖാനും പറഞ്ഞു.
സത്യപ്രതിജ്ഞ ക്രമപ്രകാരം നടത്തിയില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ദേവികുളം എംഎൽഎ എ. രാജയ്ക്ക് പിഴയിട്ടിരുന്നു. നിയമസഭയിൽ ഹാജരായ അഞ്ച് ദിവസത്തേയ്ക്ക് 2500 രൂപ പിഴ അടക്കണമെന്നായിരുന്നു സ്പീക്കറുടെ റൂളിങ്.
തമിഴിൽ ആയിരുന്നു രാജ സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ സത്യപ്രതിജ്ഞയിൽ ദൈവ നാമത്തിലെന്നോ സഗൗരവമെന്നോ പറഞ്ഞിരുന്നില്ല. നിയമ വകുപ്പ് തർജ്ജമ ചെയ്തപ്പോഴുണ്ടായ പിഴവാണിതെന്നാണ് വിലയിരുത്തൽ. തുടർന്ന് ജൂൺ രണ്ടിന് രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ഗുരുതരമായ സംഭവത്തിൽ രാജയ്ക്ക് സംഭവിച്ച വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും സ്പീക്കർ നിർദ്ദേശം നൽകിയിരുന്നു. അതേസമയം കന്നഡയും തമിഴും ഉൾപ്പെടെ നാല് ഭാഷകളിലാണ് പതിനഞ്ചാം നിയമസഭയിൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തത്. 43 പേർ ദൈവനാമത്തിലും 13 പേർ അള്ളാഹുവിന്റെ നാമത്തിലും ബാക്കിയുള്ളവർ് സഗൗരവവും സത്യപ്രതിജ്ഞ ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ