- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂരിൽ നാളെ നടക്കാനിരിക്കുന്നത് വിവാഹ മാമാങ്കം; ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ തൂണുകൾ വരെ അലങ്കരിക്കാൻ അനുവാദം; വിവാഹത്തിന് സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും പ്രമുഖർ; രവി പിള്ളയുടെ മകന്റെ വിവാഹം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് പരാതി
ഗുരുവായൂർ: പ്രമുഖ വ്യവസായിയും പത്മശ്രീ പുരസ്കാര ജേതാവുമായ രവിപിള്ളയുടെ മകൻ ഗണേശിന്റെ വിവാഹം നാളെ ഗുരുവായൂരിൽ നടക്കാനിരിക്കെ കോവിഡ് പ്രോട്ടോക്കോൾ ലംഘനമെന്ന പരാതി ജില്ലാ കളക്ടർക്ക്. വിവാഹത്തിന് മുന്നോടിയായി ഗംഭീരമായ അലങ്കാരങ്ങളാണ് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലടക്കം ഒരുങ്ങുന്നത്. പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങളും കമാനങ്ങളുമാണ് ഏറെയും. രാഷ്ട്രീയ -സിനിമ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തൂണുകൾ വരെ അലങ്കരിക്കാൻ അനുവാദം നൽകിക്കൊണ്ടാണ് ആയിരത്തിലേറെ ആളുകളെ ക്ഷണിച്ച ഈ വിവാഹം കോവിഡ് കാലത്ത് നടത്തുന്നത് എന്നാണ് പരാതിയിൽ പറയുന്നത്. സർക്കാർ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണിതെന്ന് കാണിച്ച് ഗുരുവായൂർ ക്ഷേത്രരക്ഷാ സമിതി ജില്ലാ കലക്ടർക്ക് പരാതി നൽകി. നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കും പരാതികൾ നൽകിയിട്ടുണ്ട്.
ഗുരുവായൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് കോവിഡ് വ്യാപകമായുള്ള സമയത്താണ് എല്ലാ സർക്കാർ മാനദണ്ഡങ്ങളും ലംഘിച്ച് ഇത്രയേറെ ആളുകളെ വിളിച്ച് കല്യാണം സംഘടിപ്പിക്കുന്നത്. പൂന്താനം ഓഡിറ്റോറിയം അഞ്ച് ദിവസത്തേക്ക് വാടകക്കെടുത്താണ് ചടങ്ങുകൾ നടത്തുന്നത്. കേരളത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധി പ്രമുഖർ കല്യാണത്തിന് എത്തിയേക്കും.
രവി പിള്ളയുടെ മകന്റെ വിവാഹം നടത്താൻ വേണ്ടി മാത്രം പ്രത്യേക മണ്ഡപം പണിയാൻ അനുവദിക്കണം എന്ന ആവശ്യവുമായി ചിലർ ദേവസ്വത്തെ സമീപിച്ചിരുന്നതായും വാർത്തകളുണ്ട്. കല്യാണ മണ്ഡപത്തിന്റെ തൊട്ടടുത്തുള്ള സ്ഥലം വൃന്ദാവനം മാതൃകയിൽ സെറ്റിടുകയും ചെയ്തു. ഇതിനെതിരെയും വലിയ പരാതി ഉയർന്നിരുന്നു.
കോവിഡ് പടരുന്ന സാഹചര്യത്തിൽ ഇത്തരമൊരു പരിപാടി നടത്താൻ അനുവാദം നൽകരുതെന്ന് കാണിച്ചാണ് ക്ഷേത്രരക്ഷാ സമിതി ജില്ലാ കലക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. തൂണുകളിൽ പുല്ലുകൾ പടർത്തി അലങ്കരിക്കുകയും ഇത് ഇടക്കിടക്ക് നനയ്ക്കുകയും ചെയ്യുന്നുണ്ട്. സാധാരണക്കാരുടെ വിവാഹങ്ങൾക്ക് അമ്പതും നൂറും ആളുകളെ മാത്രമെ പങ്കെടുപ്പിക്കാവൂ എന്ന കർശന നിയന്ത്രണം പൊലീസ് ഏർപ്പെടുത്തുന്ന സമയത്താണ് ഇതുപോലെ അധികൃതരുടെ ഒത്താശയോടെ ആയിരങ്ങളെ പങ്കെടുപ്പിച്ച് വിവാഹമാമാങ്കം നടത്തുന്നത്.
ഗുരുവായൂർ ദേവസ്വത്തിൽ തന്നെ ധാരാളം പേർ അടുത്തിടെ പോസിറ്റീവായി ചികിത്സയിലാണ്. ഈ വിവാഹത്തിൽ ഗുരുവായൂർ ദേവസ്വത്തിലെ കൂടുതൽ ജീവനക്കാർ പങ്കെടുക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ഗുരുവായൂർ ക്ഷേത്രരക്ഷാ സമിതിയുടെ പരാതിയിൽ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ