പത്തനംതിട്ട: പന്തളം മൈനാപ്പള്ളി ശ്രീ അന്നപൂർണേശ്വരി ദേവീക്ഷേത്രത്തിൽ അയിത്താചരണമെന്ന പേരിൽ വ്യാജപോസ്റ്റർ പ്രചരിപ്പിച്ച സംഭവത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്ത ചാനൽ അവതാരകൻ എസ്.ലല്ലുവിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു.പോസ്റ്റ് ഷെയർ ചെയത്് നല്ല ഉദ്ദേശത്തോടെയല്ല എന്നായിരുന്നു വിമർശനം. താൻ നല്ല ഉദ്ദേശത്തോടെയാണ് പോസ്റ്റിട്ടതെന്ന് ലല്ലു വിശദീകരിച്ചെങ്കിലും വിമർശകർ ആഞ്ഞടിച്ചതോടെ പോസ്റ്റ് പിൻവലിച്ചു.

ദേവി നായരാണോ? അതോ നമ്പൂരിയോ? ഹിന്ദു ഐക്യം വരുന്ന വഴി എന്നായിരുന്നു ഷെയർ ചെയ്ത പോസ്റ്റിനൊപ്പമുള്ള ലല്ലുവിന്റെ കമന്റ്. ക്ഷേത്രത്തിനെതിരെ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് എസ് ലല്ലുവിനെതിരെ പൊതുപ്രവർത്തകനായ മഹേഷ് കുമാറാണ് അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി നൽകിയത്. ജാതിസ്പർദ്ധ വളർത്തുന്ന തരത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു എന്നാണ് പരാതി.

ലല്ലു മനപ്പൂർവ്വം സമൂഹത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. അതിനാൽ ഉടൻ തന്നെ ഇദ്ദേഹത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കണമെന്നും പരാതിയിൽ പറയുന്നു.

ക്ഷേത്രത്തിനെതിരെയുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അത് വ്യാജമാണെന്നും അത്തരത്തിൽ അയിത്താചരണം ക്ഷേത്രത്തിൽ ഇല്ലെന്നും കാട്ടി ക്ഷേത്ര കമ്മിറ്റി രംഗത്തെത്തിയിരുന്നു. ഇതിന് പുറമേ ഭക്തരും,നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തു.

ക്ഷേത്ര സംബന്ധമായ സേവനങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും കുറവർ, പറയർ, പുലയർ, മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആളുകളെ ആവശ്യമില്ലെന്ന് ദേവീനാമത്തിൽ തര്യപ്പെടുത്തിക്കൊള്ളുന്നുവെന്ന ഹിന്ദു കരയോഗ സേവാസമിതിയുടെ പേരിലുള്ള കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാൽ, കേരളത്തിൽ നിന്ന് ഓടിച്ചു വിട്ടതൊക്കെ ഒളിച്ചും പാത്തും തിരിച്ച് വരുന്നുണ്ട്..എന്ന തലക്കെട്ടിലാണ് ഈ കുറിച്ച് പ്രചരിച്ചത്. ഇതോടെ തൊട്ടുകൂടായ്മയിൽ വീണ്ടും ചർച്ചയായി. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സാധുത വീണ്ടും ചർച്ചായാക്കി. അതിനിടെയാണ് ഊരു പേരുമില്ലാത്ത പോസ്റ്ററിനെതിരെ നിലപാട് വിശദീകരിച്ച് മൈനാപ്പള്ളിൽ ക്ഷേത്ര കമ്മിറ്റി രംഗത്ത് വന്നത്.

ലല്ലുവിന്റെ വിശദീകരണം ഇങ്ങനെ:

പന്തളത്തെ അമ്പലവുമായി ബന്ധപ്പെട്ട പോസ്റ്റർ ഷെയർ ചെയ്തത് നല്ല ഉദ്ദേശത്തോടെയല്ല എന്ന വിമർശനങ്ങൾ കണ്ടു.. നല്ല ഉദ്ദേശത്തോടെ തന്നെയാണ് പോസ്റ്റിട്ടതെന്ന് കമന്റുകൾക്കുള്ള മറുപടിയായും വിളിച്ച .പല സുഹുത്തുക്കളോടും കാര്യ കാരണ സഹിതം വ്യക്തമാക്കിയതാണ്. മുഖമില്ലാതെ വന്ന് തെറി പറയുന്നവരോട് ഒന്നും പറയാനില്ല. ഞാൻ വ്യാജ വാർത്ത ചമച്ചു എന്ന മട്ടിലും കമന്റുകൾ കണ്ടു. അതിനോടും ഒന്നും പറയാനില്ല. നോട്ടീസിന് പിന്നിൽ ആരായാലും കണ്ടെത്തണമെന്ന നിലപാടിൽ ഒരു ' മാറ്റവുമില്ല.. നമ്മളെത്ര ജനാധിപത്യ വാദിയായി കമന്റ് ബോക്സ് തുറന്നു വച്ചാലും ഇതിൽ ജനാധിപത്യം എന്നത് അകലെയാണെന്നാണ് മനസിലാകുന്നത്. അതു കൊണ്ട് കമന്റ് ബോക്സ് സുഹൃത്തുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണ്. വെറുതേ വഴിയിൽ കൂടി പോകുന്നവർക്ക് കേറി നിരങ്ങാൻ പറ്റില്ലന്ന് സാരം.