- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷോണിന്റെ വണ്ടിയുടെ പുറകുഭാഗം ഞങ്ങളുടെ വണ്ടിയിൽ ഇടിച്ചു; നിയന്ത്രണം വിട്ട് വലിയ കൊക്കയിലേക്കാണ് ഞങ്ങൾ വീണത്; പൂഞ്ഞാറിൽ എൽഡിഎഫ് പര്യടനത്തിന് ഇടയിലേക്ക് ഷോൺ ജോർജ് അമിതവേഗതയിൽ വാഹനം ഇടിച്ചുകയറ്റിയെന്ന് പരാതി; രണ്ടുപേർ ആശുപത്രിയിൽ; ആരോപണം നിഷേധിച്ച് പി.സി.ജോർജിന്റെ മകൻ
പൂഞ്ഞാർ: പൂഞ്ഞാറിലെ എൽഡിഎഫ് പര്യടനത്തിന് ഇടയിലേക്ക് പിസി ജോർജ് എംഎൽഎയുടെ മകൻ ഷോൺ ജോർജ് അമിതവേഗതയിൽ വാഹനം ഇടിച്ച് കയറ്റിയതായി പരാതി.
ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പൂഞ്ഞാർ പഞ്ചായത്തിലെ പര്യടനത്തിനിടയിലാണ് സംഭവം. തുടർന്ന് നിർത്താതെ പോയ വാഹനത്തിന്റെ നമ്പർ പ്രവർത്തകർ ശ്രദ്ധിച്ചപ്പോഴാണ് ഷോൺ ജോർജിന്റെ വാഹനമാണന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ പി കെ തോമസ് പുളിമൂട്ടിൽ, ഷിബു എന്നിവരെയാണ് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബ്രേക്ക് ചവിട്ടാൻ കഴിയുന്നതിന്റെ പരമാവധി ഞാൻ ശ്രമിച്ചു. ഷോണിന്റെ വണ്ടിയുടെ പുറകുഭാഗം ഞങ്ങളുടെ വണ്ടിയിൽ ഇടിച്ചു. നിയന്ത്രണം വിട്ട് വലിയ കൊക്കയിലേക്കാണ് ഞങ്ങൾ വീണത്. വണ്ടി ഇടിച്ച് കഴിഞ്ഞപ്പോൾത്തന്നെ കൂടെയുണ്ടായിരുന്ന ആളോട് ഞാൻ ചാടിക്കോളാൻ പറഞ്ഞു. എനിക്ക് പിടികിട്ടിയത് ഒരു ചെമ്പരത്തിയുടെ കമ്പാണ്. ആ കമ്പിൽ പിടിച്ച് കിടക്കുകയാണ് ചെയ്തത്. എന്റെ വണ്ടിയടക്കം താഴെപ്പോയി', അപകടത്തിൽപ്പെട്ട ഒരാൾ പറഞ്ഞു.
'6006 എന്ന നമ്പറുള്ള വണ്ടിയാണ് വന്നിടിച്ചത്. ഇടിച്ച് കഴിഞ്ഞ് വണ്ടി നിർത്താതെ പോയി. വണ്ടി ഓടിച്ചിരുന്നത് ഷോൺ ജോർജ്ജാണ്. താഴെനിന്നും കയറിവരുന്ന പ്രവർത്തകർ ഷോൺ ജോർജ്ജിനെ കൃത്യമായി കണ്ടതാണ്. ഷോൺ ജില്ലാ പഞ്ചായത്തംഗമാണ്. അദ്ദേഹത്തിന്റെ വണ്ടി കണ്ടാൽ അറിയാം', പര്യടനത്തിലുണ്ടായിരുന്ന എൽഡിഎഫ് പ്രവർത്തകൻ വ്യക്തമാക്കി.
എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് ഷോൺ ജോർജ് രംഗത്തെത്തിയിട്ടുണ്ട്. വിഷയദാരിദ്ര്യം കൊണ്ടും പരാജയഭീതി കൊണ്ടും എൽഡിഎഫ് പ്രവർത്തകർ സൃഷ്ടിച്ച കഥയാണതെന്നും അവർക്ക് ഭ്രാന്താണെന്നുമാണ് ഷോണിന്റെ പ്രതികരണം.
ഷോൺ ജോർജ് പറഞ്ഞത് ഇങ്ങനെ: ''ഞാൻ കൈപ്പള്ളിയിൽ നിന്ന് ഏണ്ടയാറിലേക്ക് വരുകയായിരുന്നു. അപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹനവ്യൂഹം കടന്നുപോയി. അവരെ എല്ലാവരെയും ഞാൻ കൈ പൊക്കി കാണിച്ചു, സ്ഥാനാർത്ഥിയെയും കാണിച്ചു. അത് കഴിഞ്ഞ ഒരു കിലോമീറ്റർ മുന്നോട്ട് വന്നപ്പോൾ ഒരു ബൈക്കിൽ രണ്ടു പേർ നല്ല മദ്യലഹരിയിൽ എന്റെ വാഹനത്തിന് നേരെ വന്നു.
എന്റെ വാഹനം വെട്ടിച്ച് മാറ്റി. അതിനിടയിൽ ബൈക്ക് ചെറുതായൊന്ന് തട്ടി. പിന്നെ ആ വാഹനം പിന്നെയും 100 മീറ്റർ കൂടി മുന്നോട്ട് പോയി, കുഴിയിലേക്ക് ചാടി. ഞാൻ പെട്ടെന്ന് വാഹനത്തിൽ നിന്നിറങ്ങി നാട്ടുകാരെയും കൂട്ടി, അവരെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മടങ്ങിയത്. അവർ വിഷയദാരിദ്ര്യം കൊണ്ടും പരാജയഭീതി കൊണ്ടും ഉണ്ടാക്കിയ കഥയാണത്. അവർക്ക് ഭ്രാന്താണ്. എന്റെ വാഹനം ആർക്കും പരിശോധിക്കും. എനിക്കെന്താ ഭ്രാന്താണോ, ഒരു സ്ഥാനാർത്ഥിയുടെ വാഹനവ്യൂഹത്തിന് നേരെ വണ്ടിയിടിച്ച് കയറ്റാൻ. എന്റെ അപ്പൻ മത്സരിക്കുമ്പോൾ അത് ദോഷമായിട്ട് വരുമോ, ഗുണമാകുമോ? ഞാനൊരു ജനപ്രതിനിധിയാണ്. ഞാൻ അത്ര ബോധമില്ലാത്തവനാണോ.?'