കോട്ടയം: ഹെൽമറ്റ് വേട്ടയ്ക്കിടെ പിടികൂടിയ വാഹനം സ്റ്റേഷനിൽ കൊണ്ടുവയ്ക്കുന്നതിനിടെ യുവാക്കളെ അസഭ്യവർഷത്തിൽ മൂടി എസ്‌ഐ. ഈരാറ്റുപേട്ട എസ്‌ഐ മഞ്ജുനാഥിന് എതിരെയാണ് പരാതി ഉയർന്നത്. കഴിഞ്ഞദിവസം വടക്കേക്കരയിലെ ഹൈവേയിൽ വാഹന പരിശോധന നടത്തുന്നതിനിടെ രണ്ടുബൈക്കുകളിൽ ഹെൽമറ്റ് ഇല്ലാതെ വന്ന യുവാക്കളെ എസ്‌ഐയും സംഘവും പിടികൂടുകയായിരുന്നു.

ഹെൽമറ്റ് പരിശോധന നടത്തുമ്പോൾ അതില്ലെങ്കിൽ ഫൈൻ ഈടാക്കി വാഹനം വിട്ടയക്കാമെന്നിരിക്കെ ഇത് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ആക്ഷേപം.

മാത്രമല്ല, സ്റ്റേഷനിൽ വാഹനം കൊണ്ടുവന്ന് നിർത്തുന്നതിനിടെ പാർക്കിങ് ചെയ്തത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി യുവാക്കൾനേരെ കേട്ടാലറയ്ക്കുന്ന തെറിയാണ് എസ്‌ഐ വിളിക്കുന്നത്. നാലുപേരെയും സ്റ്റേഷനിൽ എത്തിക്കുന്നതിനിടെ ഇത്തരത്തിൽ അസഭ്യം പറഞ്ഞതായും പറയുന്നുണ്ട്.

സംഭവത്തിനിടെ എസ്‌ഐയുടെ പ്രകടനം ഇവരിലൊരാൾ വീഡിയോയിൽ പകർത്തുകയും പിന്നീട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതോടെ വിഷയം വലിയ ചർച്ചയായി. തികച്ചും സംസ്‌കാര ശൂന്യമായാണ് മാതൃകാ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ പെർഫോമൻസ് എന്ന് ചൂണ്ടിക്കാട്ടി പലരും ഇത് ഷെയർ ചെയ്തതോടെ വീഡിയോ വൈറലായി.

വാഹനങ്ങളിൽ രേഖകളിൽ ഇല്ലെങ്കിൽപോലും ഹാജരാക്കാൻ സമയം അനുവദിച്ച് വണ്ടി വിട്ടുനൽകാനും ഹെൽമറ്റ് ഇല്ലാത്തതിന് പിഴയീടാക്കി വിടാനും ആണ് ചട്ടമെന്നിരിക്കെ യുവാക്കളെ സ്റ്റേഷനിൽ ബൈക്ക് കൊണ്ടുവരാൻ പറയുകയും തെറിവിളിക്കുകയും ചെയ്തത് എന്തിനെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.

ഏതായാലും വിഷയം ചർച്ചയായതോടെ ഉദ്യോഗസ്ഥനെതിരെ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായാണ് വിവരം. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയതായും എസ്‌ഐക്കെതിരെ നടപടി ഉണ്ടാവുമെന്നും ആണ് ലഭിക്കുന്ന സൂചനകൾ.