തിരുവനന്തപുരം:ജിഎസ്ടിയെത്തുമ്പോൽ വില കുറയുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാൽ നികുതി ഇല്ലാത്ത പച്ചക്കറിക്കും പലചരക്കിനും പോലും വിലകുറഞ്ഞില്ല. ഇത് നിയമവിരുദ്ധമാണ്. ഇത്തരക്കാരെ കുടുക്കാനുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ട്. ഇത് മനസ്സിലാക്കി പ്രവർത്തിക്കാൻ തുടങ്ങുകയാണ് ഉപഭോക്താക്കൾ. അങ്ങനെ ജിഎസ് ടിയെ ചൊല്ലിയുള്ള തർക്കങ്ങൾ പൊലീസ് സ്റ്റേഷൻ കയറുന്നു. ഹോട്ടൽ ഭക്ഷണത്തിന് അമിതവില ഇടാക്കി എന്ന് ആരോപിച്ച് തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലെ തക്കാരം ഹോട്ടലിനെതിരെ കൺടോൺമെന്റ് സ്റ്റേഷനിൽ പരാതി. ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം പൊലീസിൽ പരാതി ലഭിക്കുന്ന കേരളത്തിലെ ആദ്യ കേസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

സൂരജ് എന്ന യുവാവും അഞ്ച് സുഹൃത്തുക്കളും ചേർന്ന് ഉച്ച ഭക്ഷണം കഴിക്കാൻ എത്തിയതാണ് തിരുവനന്തപുരത്തെ തക്കാരം ഹോട്ടലിൽ. നേരത്തെ മോശം ഭക്ഷണം വിളമ്പിയതിന് നടപടി നേരിട്ട ഹോട്ടലാണ് ഇത്. കോർപ്പറേഷൻ നടപടി എടുത്ത ഹോട്ടൽ. ഈ സ്ഥാപനമാണ് ജിഎസ് ടി വിവാദത്തിലും പെടുന്നത്. ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാൻ എത്തിയപ്പോൾ ജിഎസ്ടിയായി 12% നികുതി കൂട്ടിചേർത്ത് 84 രൂപ അധികം അടക്കണമെന്ന് ക്യാഷർ ആവശ്യപ്പെട്ടു. ജിഎസ്ടി വന്നതോടെ ഹോട്ടൽ നികുതി കൂടി എന്നതാണ് കടക്കാരന്റെ വാദം.

എന്നാൽ ഇന്നലെ വരെ അടച്ച തുകയേ തരാൻ കഴിയു എന്ന് സൂരജും കൂട്ടുകാരും വാശി പിടിച്ചതോടെ വാക്കേറ്റമായി. ഒടുവിൽ ബിൽ തുകയും ജിഎസ്ടിയും കൂട്ടിചേർത്ത് മുഴുവൻ തുകയും അടച്ച ശേഷം സൂരജും സംഘവും പരാതിയുമായി കൺടോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തി. കേസ് ഒതുക്കാനായിരുന്നു ശ്രമം. എന്നാൽ പരാതിക്കാർ വഴങ്ങിയില്ല. ഇതോടെ കേസെ എടുക്കേണ്ട സാഹചര്യം ഉണ്ടായി. അപ്പോഴും ജിഎസ്ടിയെ കുറിച്ച് പൊലീസുകാർക്കും നിശ്ചയമില്ലെന്ന് വ്യക്തമായി.

നികുതി വരുമാനത്തിന്റെ സ്ളാബ് നിരക്കുകളെ പറ്റി സാമ്പത്തിക വിദഗ്ദർക്ക് പോലും കാര്യമായ അറിവില്ലെന്ന് ഇരിക്കെ ലഭിച്ച പരാതിയിൽ എന്ത് നടപടി എടുക്കണമെന്ന് പൊലീസിനും അറിയില്ല. ജിഎസ്ടി രജിസ്ട്രേഷൻ തങ്ങൾക്കുണ്ടെന്നും, നികുതി നിശ്ചയിക്കാൻ അതുകൊണ്ട് തന്നെ തങ്ങൾക്ക് അധികാരം ഉണ്ടെന്നുമാണ് സ്റ്റ്റ്റാച്യുവിലെ തക്കാരം ഹോട്ടൽ അധികാരികൾ നൽകുന്ന വിശദീകരണം. എന്നാൽ നേരത്തെയും നികുതി ഈടാക്കിയിരുന്നു. ഇത് കുറച്ച് പുതിയത് കൂട്ടുകായണ് വേണ്ടത്. എന്നാൽ പഴയ നികുതി ഉൾപ്പെടെയുള്ള തുകയിൽ നിന്ന് ജിഎസ്ടി ഈടാക്കുന്നു. ഇതിലൂടെ ഹോട്ടലുകൾക്ക് കൊള്ളലാഭം ഉണ്ടാവുകയാണ്.

ഇരുപത് ലക്ഷത്തിൽ താഴെ വിറ്റ് വരവ് ഉള്ള തലസ്ഥാനത്തെ ചില നോൺ എസി റസ്റ്റോറന്റുകൾ നികുതിയായി 18% വരെ വാങ്ങുന്നു എന്ന പരാതി ഇതിനോടകം ഉയർന്നിട്ടുണ്ട്. ഹോട്ടൽ അധികാരികളുമായി നികുതി പ്രശ്നത്തിൽ സർക്കാർ ധാരണ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ പൊലീസ് സ്റ്റേഷനിലെത്തും. ഹോട്ടലുകളുടെ കള്ളക്കളികൾക്കെതിരെ സോഷ്യൽ മീഡിയയിലും വ്യാപക പരാതിയുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ഇടപെടൽ ഉറപ്പാണ്.