തിരുവനന്തപുരം: ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുടെ വരവോടെ സംസ്ഥാനത്ത അക്രമങ്ങൾ കൂടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിക്കുന്നു. അക്രമങ്ങൾക്ക് പിന്നിൽ അമിത് ഷായുടെ തന്ത്രമാണ്. സംസ്ഥാനത്ത് ക്രമസമാധാന നില തകർക്കുകയെന്നത് ആർഎസ്എസ്- ബിജെപി അജണ്ടയാണെന്നും കോടിയേരി പറയുന്നു. ഇതിന് മറുതന്ത്രവുമായി ബിജെപിയും. എല്ലാ പ്രശ്‌നത്തിനും കാരണം സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരിയാണെന്നാണ് ബിജെപി നിലപാട്. യെച്ചൂരിയുടെ ട്വീറ്റാണ് കേരളത്തെ കലാപ ഭൂമിയാക്കിയതെന്ന് ബിജെപി ആരോപിക്കുന്നു. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി ടി പി സെൻകുമാറിന് ബിജെപി സംസ്ഥാന സെക്രട്ടറി വിവി രാജേഷ് പരാതിയും നൽകി.

ഏഴാം തീയതി യെച്ചൂരി നടത്തിയ ട്വീറ്റാണ് എല്ലാത്തിനും കാരണം. സംഘപരിവാറിന്റെ ഗുണ്ടാ ആക്രമണത്തിന് താൻ ഇരായായി എന്നായിരുന്നു ട്വീറ്റ്. യഥാർത്ഥത്തിൽ ആർ എസ് എസുമായി ബന്ധമില്ലാത്ത ഹിന്ദു സേനയായിരുന്നു പ്രശ്‌നമുണ്ടാക്കിയത്. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ യെച്ചൂരി നുണ പ്രചരിപ്പിച്ചു. തന്നെ ആക്രമിച്ചത് ആർഎസ്എസ് ആണെന്ന പ്രചരണത്തിലൂടെ കേരളത്തിൽ അക്രമവും പൊട്ടിപുറപ്പെട്ടു. ഈ ട്വീറ്റിന് തൊട്ട് പിന്നാലെ കേരളത്തിലുടനീളം സിപിഎമ്മുകാർ അക്രമം തുടങ്ങി. ഇടതു മുന്നണിയുടെ മാർച്ചെല്ലാം അക്രമാസക്തവുമായി. യെച്ചൂരിയെ സംഘപരിവാറുകാർ ആക്രമിച്ചുവെന്നായിരുന്നു മാർച്ചുകളിലെ മുദ്രാവാക്യം. എന്നാൽ യെച്ചൂരിയുടെ ട്വീറ്റ് വസ്തുതാപരമായി ശരിയല്ലെന്ന് തെളിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ കലാപം ഉണ്ടാക്കുകയെന്ന ഉദ്ദേശമാണ് യെച്ചൂരിയുടെ പോസ്റ്റിനുള്ളത്. അതിനാൽ സംഘപരിവാറിനെതിരെ കേരളത്തിൽ നടക്കുന്ന കലാപത്തിന്റെ പേരിൽ യെച്ചൂരിക്കെതിരെ കേസെടുക്കണമെന്നാണ് വിവി രാജേഷിന്റെ ആവശ്യം.

ഡൽഹിയിൽ സീതാറാം യെച്ചൂരിക്ക് നേരെ നടന്ന കയ്യേറ്റം കേന്ദ്രസർക്കാരിന്റെ അറിവോടെയാണെന്നായിരുന്നു കോടിയേരിയുടെ നിലപാട്. സി.പി.എം നേതാക്കളെ ഡൽഹിയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന യുവമോർച്ചയുടെ ആഹ്വാനത്തിന് പിന്നലെയാണ് ആക്രമണം. സി.പി.എം കേന്ദ്രങ്ങളിൽ കയറി ആക്രമിക്കുമ്പോൾ സി.പി.എം ചെറുക്കും. അങ്ങനെ കേരളം കലാപപ്രദേശമാകും. ഇതിനാണ് ആർഎസ്എസ്-ബിജെപി സംഘംശ്രമിക്കുന്നത്. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയെ കൊലപ്പെടുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും കോടിയേരി ആരോപിച്ചിരുന്നു. ഇതെല്ലാം അമിത് ഷായുടെ വരവിന്റെ ഫലമായിരുന്നുവെന്നായിരുന്നു കോടിയേരി പറഞ്ഞത്.

ഇതിനെ രാഷ്ട്രീയമായി നേരിടാനാണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ട്വീറ്റിൽ ഡിജിപിക്ക് പരാതി കൊടുക്കുന്നത്. ഏതായാലും കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിലുള്ള സംഘർഷം തുടരുമെന്നാണ് ഇതെല്ലാം നൽകുന്ന സൂചന. അതിനിടെ കോഴിക്കോട് ജില്ലയിൽ രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ കളക്ടർ സർവകക്ഷി സമാധാന യോഗം വിളിച്ചു. തിങ്കളാഴ്ച വൈകിട്ട് കളക്ടറുടെ ചേംബറിലാണ് യോഗം ചേരുക. രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളെയും ജനപ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

രാത്രി 12 മണിയോടെ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്റെ വീടിന് നേരെ കല്ലേറുണ്ടായി. വടകര വള്ളിയോടുള്ള വീടിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ജനൽചില്ലുകൾ തകർന്നു. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സാക്ഷികൾ പറഞ്ഞു. കഴിഞ്ഞ ദിവസം ബിഎംഎസിന്റെ ഓഫീസ് ആക്രമണത്തിന്റെ പശ്ചാതലത്തിൽ കോഴിക്കോട് ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്.