കൊല്ലം: മതപരിവർത്തനത്തിനായി കൊല്ലം ശാസ്താംകോട്ടയ്ക്ക് സമീപം ചക്കുവള്ളി മയ്യത്തും കര പള്ളി കേന്ദ്രീകരിച്ച് പ്രത്യേക സംഘം പ്രവർത്തിക്കുന്നതായി സൂചന. നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചതിന് ഈ സംഘത്തിനെതിരെ കരുനാഗപ്പള്ളി തഴവ മണപ്പള്ളി ശരത് ഭവനത്തിൽ രാജേന്ദ്രന്റെയും തങ്കമ്മയുടേയും മകൻ ശരത്ത് രാജ് (32) ആണ് കരുനാഗപ്പള്ളി എ.സി.പി ശിവപ്രസാദിന് പരാതി നൽകിയത്.

കുടുംബ ബന്ധത്തിലുണ്ടായ താളപ്പിഴകളിൽ മനം നൊന്തുകഴിഞ്ഞ യുവാവിനെ കുടുംബ പ്രശ്‌നങ്ങൾ തീർക്കാമെന്നും ജോലിയും പുതിയ വീടും മറ്റു സൗകര്യങ്ങൾ ഒരുക്കി തരാമെന്നും ഇതിനായി മതം മാറാൻ നിർബന്ധിപ്പിച്ചു എന്നു കാട്ടിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.ഒരാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം. പ്രവാസിയായ ശരത് ഏറെ നാളായി കുടുംബ പ്രശ്‌നങ്ങളാൽ മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു.

ഗൾഫിൽ നിന്നും നാട്ടിലെത്തിയിട്ട് ആറുമാസം കഴിഞ്ഞു. ഇതിനിടയിൽ ഇയാളുടെ ഭാര്യയും കുഞ്ഞും പിണങ്ങി പോയി. സ്വന്തം വീട്ടിൽ കയറാൻ പാടില്ലെന്ന് അച്ഛൻ വിലക്കിയതോടെ ഇയാൾ ഒരു ബന്ധു വീട്ടിലാണ് താമസിച്ചു വരുന്നത്. ഒരു വിവാഹത്തിനിടക്ക് ശരത് പോളി ടെക്‌നിക്കിന് പഠിക്കുന്ന കാലത്തെ സഹപാഠിയായ ശ്യാമി നെ കണ്ടു മുട്ടുകയും അറ്റ് പോയ പഴയ സൗഹൃദം പുനരാരംഭിക്കുകയും ചെയ്തതു. ഇതിനിടയിൽ ശരത്തിന്റെ കുടുംബ പ്രശ്‌നങ്ങൾ മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്യാമെന്ന് ശ്യാം ഉറപ്പ് നൽകുകയും ചെയ്തു. പിന്നീട് ശ്യാം മതം മാറിയെന്നും ഷംസുദീൻ എന്നാണ് ഇപ്പോഴത്തെ പേരെന്നും വെളിപ്പെടുത്തി.

ശ്യാം എന്ന ഷംസുദീൻ നിരന്തരം ഫോണിൽ വിളിച്ച് ഖുറാനെ പറ്റിയും ഇസ്ലാം മതത്തെ പറ്റിയും കൂടുതൽ സംസാരിക്കാൻ തുടങ്ങി. ദൈവങ്ങളുടെ മുമ്പിൽ സി.സി.ടി.വി ക്യാമറകൾ വയ്ക്കുന്നതെന്തിനെന്നും വിഗ്രഹാരാധന തെറ്റാണെന്നുമുള്ള ഉപദേശങ്ങൾ നൽകി. പിന്നീട് ശരത്തിനോട് ചക്കുവള്ളി മയ്യത്തും കര പള്ളിയുടെ ഓഡിറ്റോറിയത്തിന് മുന്നിൽ എത്താൻ ശ്യാം പറഞ്ഞു. തുടർന്ന് ശരത്ത് എത്തുകയും ഒരു ഒമ്‌നി വാന്നിലിരുന്ന് ഏറെ നേരം മതത്തെ പറ്റി സംസാരിച്ചു. പിന്നീട് ഭരണിക്കാവിലുള്ള പള്ളിയിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും പള്ളിയിൽ നിസ്‌ക്കരിക്കാൻ പറയുകയും ചെയ്തു.

ഇതിന് ശേഷം തഴവ മണപ്പള്ളിക്ക് സമീപമുള്ള ഷിഹാസ് എന്നയാളെ ശ്യാം വിളിച്ചു വരുത്തുകയും വീണ്ടും മയ്യത്തും കര പള്ളിയിലേക്ക് പോകുകയും ചെയ്തു. പള്ളിയുടെ കിഴക്ക് ഭാഗത്ത് ഇടത് വശത്തായുള്ള പള്ളിയിലേക്കുള്ള പൂജാ സാമഗ്രികൾ വിൽക്കുന്ന കടയിലേക്ക് ശരത്തിനെ ഇരുവരും കൂട്ടിക്കൊണ്ട് പോയി. കടയിലുണ്ടായിരുന്ന ആളിനോട് ശരത്തിന്റെ കുടുംബ പ്രശ്‌നങ്ങൾ പറഞ്ഞപ്പോൾ ഇയാളെ നമ്മുടെ ഒപ്പം കൂട്ടാമെന്നും സത്യസരണിയിലേക്ക് കൊണ്ടുപോകാമെന്നും നിർദ്ധേശിച്ചു. പിന്നീട് പള്ളിക്ക് സമീപമുള്ള മറ്റൊരു വീട്ടിൽ എത്തിച്ച് കുളിക്കാൻ നിർദ്ദേശിച്ചു. പിന്നീട് ചക്കുവള്ളിയിലെ പള്ളിയിൽവച്ച് ശരത്ത് എന്ന പേരു മാറ്റി സബീർഖാൻ എന്നാക്കി മാറ്റുകയും ചെയ്തു.

ഇസ്ലാം മതം സ്വീകരിച്ചാൽ പുതിയ വീടും ജോലിയും നൽകാമെന്നും ഒരു മുസ്ലിം യുവതിയെ വിവാഹം കഴിപ്പിച്ച് നൽകാമെന്നും പറഞ്ഞു. 17ന് പൊന്നാനിയിലെ സത്യസരണിയിൽ പോകാനിരിക്കുമ്‌ബോഴാണ് ചതി മനസ്സിലാക്കിയ ശരത് പൊലീസ്‌നെ സമീപിച്ചത്. തന്നെ മത പരിവർത്തനത്തിന് പ്രേരിപ്പിച്ചവർ സഹപാഠിയായ ശ്യാം, ഷിയാസ്'എന്നിവരും രാജീവുമാണെന്നും ഇതിൽ ശ്യാം ഇപ്പോൾ ഷംസുദീനും രാജീവിപ്പോൾ ബിലാൽ എന്നും പേര് സ്വീകരിച്ച് മതം മാറിയെന്നും ശരത് പരാതിയിൽ പറഞ്ഞു. പരാതിയെ തുടർന്ന് കരുനാഗപ്പള്ളി എ.സി.പി അന്വേഷണമാരംഭിച്ചു.