കണ്ണൂർ: മയക്കു മരുന്നു നൽകി പീഡിപ്പിക്കുകയും പിന്നീട് നഗ്നചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയിൽ ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്തുമെന്നുള്ള ഭർതൃമതിയുടെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരം പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടന്നപ്പള്ളി സ്വദേശിനി മുപ്പത്തിനാലുകാരിയായ ഭർതൃമതി പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിലാണ് പയ്യന്നൂർ പൊലീസിനോട് കേസെടുത്ത് അന്വേഷണം നടത്താൻ നിർദ്ദേശിച്ചത്. കാങ്കോൽ കളരിക്ക് സമീപം താമസിക്കുന്ന വി.നന്ദകുമാറിനെതിരെ (40) ആണ്് പൊലീസ് കേസെടുത്തത്.

2016 ലാണ് സംഭവത്തിന്റെ തുടക്കം. പയ്യന്നൂരിലെ ഒരു സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു ഭർതൃമതി. ഇതിനിടയിലാണ് നന്ദകുമാർ യുവതിയുമായി പരിചയപ്പെടുന്നത്. പിന്നീട് തന്റെ ഉടമസ്ഥതയിൽ കണ്ടോത്ത് സ്ഥാപനമുണ്ടെന്നും അവിടെ ജോലി തരാമെന്നും പറഞ്ഞ് കൂട്ടികൊണ്ടു പോവുകയും ജോലി ശരിയാക്കി കൊടുക്കുകയും ചെയ്തു.

പരിചയം കൂടുതൽ ദൃഢമായതോടെ ഇതിന് ശേഷം മറ്റൊരു സ്ഥാപനം തുടങ്ങാൻ യുവതിയെയും ഭർത്താവിനെയും നിർബന്ധിച്ചും പ്രലോഭിപ്പിച്ചും പാർട്ണർഷിപ്പ് എടുപ്പിക്കുകയും പിന്നീട് സ്ഥാപനത്തിന്റെ ആവശ്യത്തിനെന്നും പറഞ്ഞ് ഭർതൃമതിയെയും കൂട്ടി നന്ദകുമാർ നാഗ്പൂരിലേക്ക് പോയി. അവിടെ വച്ചാണ് പീഡനം നടന്നതെന്നാണ് പരാതി. ഇവിടെ ഒരു മുറിയിൽ താമസിപ്പിച്ച് മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകുകയും പിന്നീട് മയക്കി കിടത്തി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തുകയും ചെയ്തുവെന്നാണ് യുവതി പരാതിയിൽ ചൂണ്ടിക്കാട്ടിയത്.

പിന്നീട് ഈ നഗ്നചിത്രങ്ങൾ കാട്ടിയും പീഡിപ്പിക്കാൻ തുടങ്ങി. ഇതോടൊപ്പം ബ്ലാക്ക് മെയിലിംഗും തുടർന്നു കൊണ്ടേയിരുന്നു. ഭർത്താവ് അറിഞ്ഞാൽ കുടുംബം തകരുമെന്ന ഭീതിയിൽ ഇതിനെല്ലാം വഴങ്ങിക്കൊടുക്കേണ്ടിവന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് ഭർത്താവിന്റെ പേരിലുള്ള സ്വത്ത് മറ്റൊരാളെ ഭർത്താവായി ചൂണ്ടിക്കാട്ടി പയ്യന്നൂരിലെ ഒരു സഹകരണ ബാങ്കിൽ പണയം വെച്ച് 45 ലക്ഷം രൂപ വായ്പ എടുത്ത് നന്ദകുമാറിന് നൽകേണ്ടിവന്നുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബ്‌ളാക്ക് മെയിലിംഗിലൂടെ യുവതിയെ ലൈംഗിക ചൂഷണം ചെയ്ത് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചുവെന്ന സൂചനകൾ പരിഗണിച്ചാണ് വിശദമായ അന്വേഷണത്തിന് കോടതി നിർദ്ദേശം നൽകിയത്. പയ്യന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.