ഭോപ്പാൽ: യുപിയിലുൾപ്പെടെ ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പുകളിൽ വോട്ടിങ് യ്ന്ത്രങ്ങളിൽ ബിജെപിക്കുവേണ്ടി കൃത്രിമം നടത്തിയെന്ന ആരോപണം ഉയരുന്നതിനിടെ മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പിന് കൊണ്ടുവന്ന യന്ത്രം ബിജെപിക്കു വോട്ടുകുത്തുന്ന യന്ത്രമാണെന്ന് ആരോപണം ഉയർന്നു. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശിൽ, മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശനാർഥം അവതരിപ്പിച്ച വോട്ടിങ് യന്ത്രത്തിലാണ് ആർക്കു വോട്ടു ചെയ്താലും അത് ബിജെപി സ്ഥാനാർത്ഥിക്കു രേഖപ്പെടുത്തുന്നതായി ആരോപണമുയർന്നത്.

ആർക്കാണു താൻ വോട്ട് ചെയ്തതെന്നു വോട്ടർക്ക് ഒരിക്കൽകൂടി കണ്ടു ബോധ്യപ്പെടാവുന്ന വിവിപാറ്റ് (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) സംവിധാനം ചേർത്തുള്ള പരീക്ഷണ പ്രദർശനമാണ് സംഘടിപ്പിച്ചത്. അടുത്ത ആഴ്ചയാണ് മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പ്.
യന്ത്രത്തിൽ ആർക്ക് വോട്ടുചെയ്താലും അത് ബിജെപിക്ക് ലഭിക്കും വിധം ക്രമീകരിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസും എഎപിയും തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകി.

പ്രദർശനത്തിന് എത്തിച്ച യന്ത്രത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ വോട്ടിങ് യന്ത്രത്തിലെ സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിയുടെ പേരിനു നേരെയുള്ള ബട്ടണിൽ വിരലമർത്തിയെങ്കിലും, പുറത്തുവന്ന പ്രിന്റ് ഔട്ടിൽ വോട്ട് പോയത് ബിജെപി സ്ഥാനാർത്ഥിയുടെ പേരിലാണെന്ന് വ്യക്തമായി. തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പേരിനു നേരെയുള്ള ബട്ടണിലും വിരലമർത്തിയെങ്കിലും ഫലം തഥൈവ. വോട്ടു പോയത് ബിജെപി സ്ഥാനാർത്ഥിക്കു തന്നെ. സംഭവം പരസ്യമാവുകയും ഇതിന്റേതെന്നു കരുതുന്ന വിഡിയോ പുറത്താവുകയും ചെയ്തതോടെ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസും ആദ്യം മുതലേ വോട്ടിങ് യന്ത്രങ്ങളിൽ വ്യാപക കൃത്രിമത്വം ആരോപിക്കുന്ന അരവിന്ദ് കേജ്‌രിവാളും പരാതിയുമായി രംഗത്തെത്തി. ഉപതിരഞ്ഞെടുപ്പിൽ ഇത്തവണ ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

വോട്ട് ചെയ്ത സ്ഥാനാർത്ഥി, ചിഹ്നം, സീരിയൽ നമ്പർ, എന്നിവ ഉൾപ്പെടുന്ന പ്രിന്റ് ഏഴു സെക്കൻഡ് നേരം വോട്ടർക്ക് കാണാൻ സാധിക്കുന്ന സംവിധാനമാണ് വിവിപാറ്റ്. വിവിപാറ്റ് സംവിധാനത്തിൽ ഒരു പ്രിന്റിങ് യൂണിറ്റ് കൂടി ഉണ്ടാകും. ബാലറ്റ് യൂണിറ്റിൽ വോട്ടിങ് ബട്ടൺ അമർത്തിയ ശേഷം പ്രിന്റിങ് യൂണിറ്റിൽ നിന്നു തെർമൽ പേപ്പറിൽ പുറത്തു വരുന്ന പ്രിന്റൗട്ട് വോട്ടർക്കു കാണാനാകും. സീരിയൽ നമ്പർ, സ്ഥാനാർത്ഥിയുടെ പേര്, വോട്ട് രേഖപ്പെടുത്തിയ ചിഹ്നം എന്നിവ ഇതിൽ കാണാനാകും. വോട്ട് ചെയ്ത ആളുടെ വിവരങ്ങൾ ഇതിലുണ്ടാകില്ല. ഇതു വോട്ടർക്കു ലഭിക്കുകയുമില്ല. സ്ലിപ് പരിശോധിക്കാൻ ഏഴു സെക്കൻഡാണു ലഭിക്കുക. അടുത്ത സെക്കൻഡിൽ ഇതു മുറിഞ്ഞു ബാലറ്റ് പെട്ടിയിൽ വീഴും. ഇവ അടങ്ങിയ പെട്ടിയും വോട്ടിങ് യന്ത്രത്തോടൊപ്പം സീൽ ചെയ്തു സൂക്ഷിക്കും.

അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിൽ, വോട്ടിങ് യന്ത്രത്തിൽ വ്യാപക തിരിമറി നടന്നതായി ബിഎസ്‌പി നേതാവ് മായാവതി ആരോപിച്ചിരുന്നു. എല്ലാ വോട്ടും ബിജെപിക്കു പോകുന്ന തരത്തിൽ വോട്ടിങ് യന്ത്രങ്ങൾ ക്രമീകരിച്ചാണ് തിരിമറി കാട്ടിയതെന്നായിരുന്നു ആരോപണം. യുപിയിൽ ബിജെപി ഇത്തവണ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് സ്വന്തമാക്കിയത്. പഞ്ചാബിൽനിന്നും സമാനമായ ആരോപണവുമായി എഎപി നേതാവ് അരവിന്ദ് കേജ്‌രിവാളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പിന് മുൻപ് എത്തിച്ച യന്ത്രത്തിലും ഇത്തരമൊരു തിരിമറി ഉണ്ടെന്ന സംശയം പ്രത്യക്ഷ തെളിവായി മാറിയിരിക്കുന്നത്.

വോട്ടിന്റെ കൃത്യത ഉറപ്പാക്കാൻ ഇവിഎമ്മിനൊപ്പം വിവിപാറ്റ് യന്ത്രങ്ങൾ ഘടിപ്പിക്കുന്നത് നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി 2013ൽ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ഏപ്രിൽ 9ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ആത്തെറിൽ ഈ സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചത്. മധ്യപ്രദേശിൽ ഈ സംവിധാനം ആദ്യമായി ഉപയോഗിക്കുന്നതിനാലാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമപ്രവർത്തകർക്കു മുന്നിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്.

വോട്ട് ചെയ്ത സ്ഥാനാർത്ഥി, ചിഹ്നം, സീരിയൽ നമ്പർ, എന്നിവ ഉൾപ്പെടുന്ന പ്രിന്റ് ഏഴു സെക്കൻഡ് നേരം വോട്ടർക്ക് കാണാൻ സാധിക്കുന്ന സംവിധാനമാണ് വിവിപാറ്റ്. തുടർന്ന് ഇതു പ്രത്യേക ട്രേയിലേക്ക് വീഴും. ഇതു രഹസ്യമായി തിരഞ്ഞെടുപ്പു കമ്മിഷൻ സൂക്ഷിക്കുന്ന രീതിയിലാണ് സംവിധാനം. മധ്യപ്രദേശിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായ സലീന സിങ്ങാണ് ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി മാധ്യമങ്ങൾക്കു മുന്നിൽ 'വിവിപാറ്റ്' ഘടിപ്പിച്ച വോട്ടിങ് യന്ത്രം പ്രദർശിപ്പിച്ചത്. വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തനക്ഷമതയും വോട്ടെടുപ്പ് പ്രക്രിയയുടെ സുതാര്യതയും ഉറപ്പാക്കുന്നതിനായിരുന്നു ഇത്.

അതേസമയം, വോട്ടിങ് യന്ത്രം പൂർണമായും പ്രവർത്തന സജ്ജമായിരുന്നില്ലെന്നും വിവാദം സൃഷ്ടിക്കുന്നതിനായി മാധ്യമപ്രവർത്തകർ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറിൽനിന്ന് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഇതു ലഭിച്ചശേഷം വിശദമായി പ്രതികരിക്കുമെന്നുമാണ് അവർ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

അതിനിടെ, വോട്ടിങ് യന്ത്രം പ്രദർശിപ്പിക്കുന്നതിന്റേതെന്ന് സംശയിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. സലീന സിങ് എസ്‌പി സ്ഥാനാർത്ഥിക്കു വോട്ടു ചെയ്യുന്നതും പ്രിന്റ് ഔട്ടിൽ അത് ബിജെപി സ്ഥാനാർത്ഥിക്കു രേഖപ്പെടുത്തിയതായി കണ്ട് അവർ അദ്ഭുതം കൂറുന്നതും വിഡിയോയിൽ വ്യക്തമാണ്. സംഭവം പുറത്തുവിട്ടാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് ചുറ്റിലുമുള്ളവരോടായി ഇവർ പറയുന്നതും വിഡിയോയിലുണ്ട്. എന്നാൽ, ഈ വിഡിയോ യഥാർഥമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.