തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവ മാമാങ്കം എന്ന് കൊട്ടിഘോഷിച്ച അമ്പെത്തെട്ടാമത് കേരള സ്‌കൂൾ കലോത്സവം രണ്ടുനാൾ പിന്നിടുമ്പോൾ പരാതികളുടെ പ്രളയം മാത്രം.ഉദ്ഘാടനം മുതലിങ്ങോട്ട് നടന്നതെല്ലാം സമയക്രമം തെറ്റിച്ച്. ഉദ്ഘാടനത്തിൽ നിന്ന് മുഖ്യമന്ത്രി പിന്മാറിയതുമുതൽ പരിപാടികളെല്ലാം താറുമാറായി.

ഇതുവരെ വിലയിരുത്തുമ്പോൾ ഉദ്ഘാടന ദിവസം സൂര്യ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ദൃശ്യവിസ്മയവും ഗിന്നസ് ജേതാവ് ഭാർഗ്ഗവി ടീച്ചർ അരങ്ങേറ്റിയ മെഗാ തിരുവാതിരക്കളിയും മാത്രം കലോത്സവത്തിന്റെ മാനം കാത്തു എന്നുപറയാം.

കലോത്സവം രണ്ടുനാൾ പിന്നിടുമ്പോൾ എടുത്തുപറയാവുന്ന ഏറ്റവും വലിയ പാകപ്പിഴ കലോത്സവത്തിന്റെ മൊത്തം മാനേജ്‌മെന്റ് തകരാറിലായി എന്നുതന്നെയാണ്. ഒരു പരിപാടിപോലും സമയക്രമം അനുസരിച്ച് നടത്താൻ സംഘാടകർക്ക് കഴിഞ്ഞില്ല. 24 വേദികളിലും സമയക്രമം പാലിക്കപ്പെട്ടിട്ടില്ല. കലോത്സവം പോലുള്ള സങ്കീർണ്ണമായ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ഒന്നിൽ പിഴച്ചാൽ സർവ്വതും പിഴയ്ക്കും എന്നത് സ്വാഭാവികം മാത്രം.

കൊല്ലത്ത് നിന്നുവന്ന കുട്ടികൾ മുഖത്ത് ചമയവും ആടയാഭരണങ്ങളും അണിഞ്ഞുനിന്നത് ആറു മണിക്കൂറിലേറെ. മാത്രമല്ല, ഇതിന്നിടെ നേരത്തെ നടക്കേണ്ടിയിരുന്ന മാർഗ്ഗംകളിയുടെ ചമയം അഴിച്ചുവച്ച് തിരുവാതിരക്കളിയുടെ ചമയം അണിയേണ്ടതായും വന്നു. വീണ്ടും മാർഗ്ഗംകളിയുടെ വേഷംകെട്ടി കാത്തിരുന്നപ്പോൾ സംഘത്തിനു നഷ്ടമായതുകൊല്ലത്തേക്കുള്ള തീവണ്ടി റിസർവേഷൻ. എത്ര വേണമെങ്കിലും ആടാം പാടാം പക്ഷെ വേഷമിട്ടു കാത്തിരിക്കുന്നതിന്റെ വിഷമവും സങ്കടവും വിദ്യ എന്ന പെൺകുട്ടി മറുനാടനോട് പങ്കുവച്ചു.

എല്ലാം ആടിയും പാടിയും തളർന്നുവരുന്ന കുട്ടികൾക്ക് അവർക്കർഹമായ ട്രോഫിക്കും സർട്ടിഫിക്കറ്റിനും സമ്മാനത്തുകക്കും വേണ്ടി വീണ്ടും അനന്തമായ കാത്തിരുപ്പ്. ട്രോഫികൾ എല്ലാം റെഡിയാണെന്ന് ട്രോഫി കമ്മറ്റിക്കാർ അവകാശപ്പെടുന്നു. എന്നാൽ കൃത്യസമയത്ത് റിസൾട്ട് ഷീറ്റ് എത്തുന്നില്ല. കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള സർട്ടിഫിക്കറ്റുകൾ ഇനിയും അച്ചടിച്ചുവന്നിട്ടില്ല

. അച്ചടിച്ചുവന്ന സർട്ടിഫിക്കറ്റുകളിൽ ഒപ്പുചാർത്താനുള്ള അധികാരികൾക്ക് സമയവും ഇല്ല. ഇനി എല്ലാ സർട്ടിഫിക്കറ്റുകളും കൂടി വന്നാൽ അത് ഭാരിച്ച ജോലിയാവും. അതിന്നിടെ മത്സരം കഴിഞ്ഞവർക്ക് നാട്ടിലേക്ക് മടങ്ങുകയും വേണം. ഈ നിലക്ക് കാര്യങ്ങൾ പോയാൽ മത്സരാർത്ഥികൾ ട്രോഫിയും സർട്ടിഫിക്കറ്റും പാരിതോഷികവുമില്ലാതെ വെറുംകയ്യോടെ നാട്ടിലേക്ക് പോകേണ്ടിവരും.

സമ്മാനത്തുകയുടെ കാര്യമാണ് ഏറെ കഷ്ടം. ഈ തുക അവരവരുടെ ബാങ്ക് അക്കൗണ്ടിലെക്കാണ് പോകുക. എന്നാൽ ആധാർ കാർഡ് മുതൽ ബാങ്ക് അക്കൗണ്ടിന്റെ മുഴുവൻ വിശദാംശങ്ങളും മത്സരാർത്ഥികൾക്ക് അതതു കൗണ്ടറുകളിൽ കൊടുക്കേണ്ടിവരുന്നു. എന്നാൽ പല മത്സരാർത്ഥികൾക്കും ഇത്തരം വിശദാംശങ്ങൾ അറിയില്ല. ഇതെക്കുറിച്ചൊന്നും അവരോട് സംഘാടകർ പറഞ്ഞതുമില്ല.