- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുന്ദമംഗലത്ത് റവന്യൂ വകുപ്പിന്റെ ഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ചു മാറ്റലും മണ്ണെടുത്ത് നീക്കലും: തങ്ങളോട് അന്വേഷിക്കാതെയാണ് നടപടിയെന്ന് റവന്യു ഉദ്യോഗസ്ഥർ; കലക്ടറുടെ ഉത്തരവുണ്ടെന്ന് കരാറുകാരൻ; ഡെപ്യൂട്ടി തഹസിൽദാർ ഓഫീസിന്റെ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങളെ ചൊല്ലി വിവാദം
കോഴിക്കോട്: കുന്ദമംഗലത്ത് ഡെപ്യൂട്ടി തഹസിൽദാർ ഓഫീസിന്റെ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങളെ ചൊല്ലി വിവാദം. റവന്യു വകുപ്പിന്റെ കൈവശത്തിൽ കുന്ദമംഗലത്ത് അവശേഷിക്കുന്ന 32 സെന്റ് ഭൂമിയിലെ മരങ്ങളാണ് മുറിച്ചു മാറ്റുന്നത്. വ്യാപകമായ തോതിൽ ഇവിടെ നിന്ന് മണ്ണ് കടത്തുകയും ചെയ്യുന്നുണ്ട്. റവന്യു വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഒഴിവു ദിവസങ്ങളിൽ ഇവിടെ മരങ്ങൾ മുറിച്ചു മാറ്റി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
എന്നാൽ തങ്ങൾക്കിതിനെപ്പറ്റി ഒന്നും അറിയില്ലെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ പ്രതികരണം. റവന്യു വകുപ്പ് അറിയാതെ ഭ്രമി കൈമാറ്റം ചെയ്യാനോ അതിൽ പ്രവർത്തനങ്ങൾ നടത്താനോ പാടില്ലെന്ന് ഉത്തരവുണ്ട്. എന്നാൽ സമീപത്ത് നിർമ്മിച്ച സർക്കാർ ഓഫീസിന് പാർക്കിങ് സൗകര്യം ഒരുക്കാൻ വേണ്ടിയാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നത്. . പുതിയ സർക്കാർ ഓഫീസിന് സ്ഥലം വേണമെന്ന് എം എൽ എ ആവശ്യപ്പെട്ടിരുന്നു. കലക്ടറും എം എൽ എയും ഇത് സംബന്ധിച്ച് ചർച്ചകളും നടത്തിയിരുന്നു. കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മണ്ണെടുക്കുകയും മരങ്ങൾ മുറിക്കുകയും ചെയ്തതെന്നാണ് കരാറുകാരൻ വ്യക്തമാക്കുന്നത്. എന്നാൽ കലക്ടർ ഇത് സംബന്ധിച്ച് ഉത്തരവുകളൊന്നും പുറത്തിറക്കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. റവന്യൂ ഡിപ്പാർട്ട്മെന്റിനെ നോക്കുകുത്തിയാക്കിയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു.
ജില്ലയിൽ വില്ലേജ് ഓഫീസുകൾ പലതും സ്ഥലമില്ലാത്തതിനാൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കുന്ദമംഗലം പരിധിയിലുള്ള വില്ലേജ് ഓഫീസുകളുകളുടെ നിയന്ത്രണം ഡെപ്യൂട്ടി തഹസിൽദാർ ഓഫീസിന്റെ പരിധിയിലാണ്. കുന്ദമംഗലം താലൂക്ക് രൂപീകരണം എന്ന നാട്ടുകാരുടെ ആവശ്യം സാക്ഷാത്ക്കരിക്കപ്പെട്ടാൽ ഓഫീസ് കേന്ദ്രം ആയി പ്രവർത്തിക്കാൻ ഉദ്ദേശിച്ച ഭൂമി ആണ് ഇത്തരത്തിൽ അന്യാധീനപ്പെടുന്നത്. ഇക്കാര്യത്തിൽ അടിയന്തിര നടപടി ഉണ്ടാവണമെന്നും ആവശ്യം ഉയരുന്നുണ്ട്. മണ്ണെടുക്കുമ്പോൾ മതിലിടിഞ്ഞ് വീണതിനെ തുടർന്ന് പരിസര വാസിയായ ഒരു സ്ത്രീ പരാതിയും നൽകിയിട്ടുണ്ട്. ഇതേ സമയം ഭൂമി കയ്യേറി എന്ന ആക്ഷേപം ശരിയല്ലെന്ന് എഡിഎം വ്യക്തമാക്കി. പുതുതായി വരുന്ന സർക്കാർ സ്ഥാപനത്തിന് പാർക്കിങ് സൗകര്യം ഒരുക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നത്. ഇക്കാര്യം എം എൽ എ നേരത്തെ തന്നെ ആവശ്യം ഉന്നയിച്ചിരുന്നു. അതിന്റെ ഭാഗമായാണ് നടപടിയെന്നുമാണ് എഡിഎം വ്യക്തമാക്കുന്നത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.