- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രേറ്റ ടൂൾകിറ്റിലുള്ളത് ബോംബും വടിവാളുമല്ല, കർഷക സമരത്തെ പിന്തുണയ്ക്കുന്ന കുറിപ്പ്! രണ്ടു വരി എഡിറ്റു ചെയ്തതിന്റെ പേരിൽ ദിഷയെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധം ഇരമ്പുന്നു; അതിക്രൂരമെന്ന് ജയറാം രമേശ്; പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്ത് നിരവധി ട്വീറ്റുകൾ; കർഷക സമരത്തിൽ തോറ്റ സർക്കാർ ജനങ്ങളുടെ 'പണിയായുധങ്ങളെ' അടിച്ചമർത്തുന്ന വിധം
ബെംഗളൂരു: കർഷക സമരത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് ട്വിറ്ററിൽ പങ്കുവച്ച ടൂൾകിറ്റുമായി ബന്ധപ്പെട്ട കേസിൽ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ അറസ്റ്റു ചെയ്ത സംഭവം ആഗോള തലത്തിൽ ഇന്ത്യയ്ക്ക് നാണക്കേടായി മാറുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന നരേന്ദ്ര മോദി സർക്കാറിന്റെ നടപടിക്കെതിരായാണ് പ്രതിഷേധം ഇരമ്പുന്നത്. ദിഷയ്ക്ക് ആഭ്യന്തരമാമായും അന്താരാഷ്ട്രമായും പിന്തുണ ഏറുകയാണ്.
സംഘപരിവാർ സൈബർ ഇടങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ ദിഷ ഒരു തീവ്രവാദിയോ ബോംബും വടിവാളും കൊണ്ടു നടക്കുന്ന വ്യക്തിയുമല്ല. മറിച്ച് ഗ്രേറ്റ ടൂൾകിറ്റിലുള്ളത് കർഷകര സമരത്തെ പിന്തുണയ്ക്കുന്ന ആശയമാണ്. ഒരു വിഷയമോ ഉദ്ദേശ്യമോ വിശദീകരിക്കാൻ നിർമ്മിക്കുന്ന ലഘുലേഖയോ രേഖയോ ആണ് ടൂൾകിറ്റ്. താഴേത്തലത്തിൽ ആ വിഷയത്തെ ഏതു തരത്തിൽ അഭിസംബോധന ചെയ്യണമെന്ന നിലപാടുകൾ വിശദീകരിക്കുന്നതാണിത്.
പ്രതിഷേധത്തിലോ മറ്റു പരിപാടികളിലോ സജീവാംഗമായിരിക്കുന്നവർക്ക് സഹായകമായ ആധികാരികവും യോജ്യവുമായ വിവരശേഖരമാകും ഇതിൽ. പരാതികൾ, പ്രതിഷേധത്തിന്റെ വിവരങ്ങൾ, വൻ പ്രതിഷേധനീക്കം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ടാകും. ആഗോള തലത്തിൽ ട്രംപിനെ പോലും വിറപ്പിച്ച ഗ്രേറ്റയെ മോദിയും വളരെ ഭയക്കുന്നു എന്നു വേണം ദിഷയുടെ അറസ്റ്റിൽ കുരുതാൻ.
അറസ്റ്റുവാർത്ത പുറത്തുവന്നതോടെ എങ്ങും ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. വിദേശത്തുനിന്നുൾപ്പെടെ ഒട്ടേറെ രാഷ്ട്രീയ പ്രവർത്തകരും സെലിബ്രിറ്റികളും പരിസ്ഥിതി പ്രവർത്തകരും ദിശയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. 'സുഹൃത്തുക്കൾക്കൊപ്പം നിങ്ങൾ ഒരു സിനിമയ്ക്കു പോവുകയാണെങ്കിൽ അവർക്കെല്ലാം നിങ്ങളൊരു സന്ദേശം അയയ്ക്കും. ഏതു സിനിമ, എപ്പോഴെത്തണം, എവിടെവച്ചു കണ്ടുമുട്ടാം തുടങ്ങിയ കാര്യങ്ങൾ അതിലുണ്ടാകും. അതിനെയായിരിക്കണം ഒരു ടൂൾകിറ്റ് എന്നു വിളിക്കുക. എന്നാൽ ഇതിന്റെ വൃത്തികെട്ട വ്യാഖ്യാനമാണ് ഐടി സെല്ലുകൾ ഇപ്പോൾ ചെയ്യുന്നത്. നിർത്തണം ഇത്തരം അസംബന്ധങ്ങൾ...' ദിശയെ പിന്തുണച്ച് നടൻ സിദ്ധാർഥ് ട്വീറ്റ് ചെയ്തു.
'അപകടകരമായ' ടൂൾകിറ്റ് പങ്കുവച്ചെന്നാരോപിച്ചാണ് ഒരു ഇരുപത്തിയൊന്നുകാരിക്കെതിരെ ഗുരുതരമായ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ബിജെപി പറയുന്നതു പ്രകാരം, ഒരു രാജ്യാന്തര സെലിബ്രിറ്റി (ഗ്രേറ്റ) കർഷക സമരത്തെപ്പറ്റി പങ്കുവച്ച, എഴുതിയ രേഖ പ്രകാരം തകിടം മറിയാവുന്നത്ര ദുർബലമാണ് നമ്മുടെ ഇന്ത്യ. പക്ഷേ ആ ടൂൾകിറ്റിനേക്കാളും ശക്തമാണ് രാജ്യമെന്ന് ബിജെപി ഓർക്കണം...' രാജ്യസഭ എംപിയും ശിവസേന പ്രവർത്തകയുമായ പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്തും ഒട്ടേറെ ട്വീറ്റുകളുണ്ട്.
ദിശയുടെ മോചനം ആവശ്യപ്പെട്ട് വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടെ ബെംഗളൂരുവിൽ പ്രതിഷേധ പ്രകടനത്തിനും തീരുമാനിച്ചിട്ടുണ്ട്. ദിശയ്ക്കു പിന്തുണയുമായി ജെഎൻയു യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷും രംഗത്തെത്തി. പരാജയം മറച്ചുവയ്ക്കാൻ സർക്കാർ മുൻകൂട്ടി തയാറാക്കിയ തിരക്കഥ പ്രകാരമാണ് ദിശ അറസ്റ്റിലായത്. മാത്രവുമല്ല, കർഷകർക്ക് പിന്തുണയുമായി കൂടുതൽ ശബ്ദമുയർന്നതും ഇരുപത്തിയൊന്നുകാരിയായ പരിസ്ഥിതി പ്രവർത്തകയുടെ അറസ്റ്റിനു കാരണമായെന്നും ഐഷി ട്വീറ്റ് ചെയ്തു.
ടൂൾകിറ്റിനെതിരെ കേന്ദ്രം നടപടിയെടുക്കാൻ തുടങ്ങിയാൽ ജനം ഇനി പണിയായുധങ്ങൾ പുറത്തെടുക്കാൻ പോലും ഭയക്കുമെന്നായിരുന്നു മറ്റൊരു ട്വീറ്റ്. പണിയായുധങ്ങളടങ്ങിയ ടൂൾകിറ്റുകളുടെ ചിത്രങ്ങളും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. അത്യന്തം ക്രൂരമായ നടപടിയെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് ദിശയുടെ അറസ്റ്റിനെ വിശേഷിപ്പിച്ചത്. അനാവശ്യമായി ഒരാളെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമാമാണ് ഇതിലൂടെ. തന്റെ എല്ലാ പിന്തുണയും ദിശയ്ക്കുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടിഷ് എംപി ക്ലൗഡിയ വെബ്ബും ദിശയുടെ അറസ്റ്റിനെ അപലപിച്ചു. '21 വയസ്സാണ് ദിശയ്ക്ക്. ശുദ്ധവായുവിനും ശുദ്ധജലത്തിനും ജീവിക്കാൻ അനുയോജ്യമായ ഭൂമിക്കും വേണ്ടി പോരാടുന്ന പരിസ്ഥിതി പ്രവർത്തകയാണവൾ. കർഷകരെ പിന്തുണച്ചതിന് അവൾക്കു നേരെ ഭരണകൂട അക്രമമാണ് അരങ്ങേറുന്നത്. ഇത്തരം അടിച്ചമർത്തലുകൾക്കെതിരെ ശബ്ദിക്കണം, നിശബ്ദതയല്ല ഇവിടെ ഉത്തരം..' ക്ലൗഡിയ ട്വീറ്റ് ചെയ്തു. 'എല്ലാവരെയും പിടിച്ച് ജയിലിലടച്ചാൽ പിന്നെ നികുതിയടക്കാൻ ആരുണ്ടാകും?' എന്നായിരുന്നു സംഭവത്തിൽ പ്രതിഷേധിച്ച് നടി റിച്ച ഛദ്ദ റിച്ച ട്വീറ്റ് ചെയ്തത്.
അതിനിടെ ദിശ രവിയെ കോടതി അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കയാണ്. ഇരുപത്തിയൊന്നുകാരിയായ ദിശയെ ഡൽഹി പൊലീസിന്റെ സൈബർ സെല്ലാണ് ബംഗളൂരുവിലെ വീട്ടിൽനിന്നു ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഏഴു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും ഡൽഹി കോടതി മജിസ്ട്രേറ്റ് ദോവ് സഹോറ അഞ്ചു ദിവസം അനുവദിക്കുകയായിരുന്നു.
ടൂൾകിറ്റിലെ രണ്ടു വരി എഡിറ്റ് ചെയ്യുക മാത്രമാണു താൻ ചെയ്തതെന്നും കർഷക സമരത്തെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യമേ അതിനുണ്ടായിരുന്നുള്ളൂവെന്നും ദിശ പറഞ്ഞു. കോടതി നടപടികൾക്കിടെ അവർ പൊട്ടിക്കരയുകയും ചെയ്തു. നിരോധിത സംഘടനയായ ഖലിസ്ഥാൻ അനുകൂല കൂട്ടായ്മകളുമായി ദിശയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് ആരോപണം. ഇവരോടൊപ്പം ചേർന്ന് കേന്ദ്ര സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു. ഇക്കാര്യങ്ങളെപ്പറ്റി ചോദിച്ചറിയാനാണ് കസ്റ്റഡി ആവശ്യപ്പെട്ടത്.
വാട്സാപ് ഗ്രൂപ്പുണ്ടാക്കി ടൂൾകിറ്റ് ഡോക്യുമെന്റ് തയാറാക്കാൻ മുൻകയ്യെടുത്തത് ദിശയാണെന്നും പൊലീസ് പറയുന്നു. ഇതു പിന്നീട് ഗ്രേറ്റയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഫെബ്രുവരി 3നാണ് ദിശ ടൂൾകിറ്റ് എഡിറ്റ് ചെയ്തതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിൽ ഒട്ടേറെ പേരും പങ്കാളികളായിട്ടുണ്ട്. ദിശയുടെ മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ ശത്രുതയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഫെബ്രുവരി നാലിന് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ആദ്യ അറസ്റ്റാണ് ദിശയുടേത്. ഗ്രേറ്റയുടെ നേതൃത്വത്തിൽ കാലാവസ്ഥ വ്യതിയാനം തടയുന്നതിനു നടപടികൾ ആവശ്യപ്പെട്ട് നടത്തുന്ന 'ഫ്രൈഡേ ഫോർ ഫ്യൂച്ചർ' ക്യാംപെയ്നിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ദിശ.
'കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാൻ സമൂഹ മാധ്യമങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ' എന്നു വിശദീകരിച്ച് ഗ്രേറ്റ ട്വീറ്റ് ചെയ്ത ടൂൾ കിറ്റിന്റെ പിന്നിൽ കാനഡ ക്രേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ എന്ന ഖാലിസ്ഥാൻ അനുകൂല സംഘടനയാണെന്നാണ് പൊലീസ് ആരോപണം. കർഷക സമരത്തിന്റെ മറവിൽ രാജ്യാന്തര തലത്തിൽ ഇന്ത്യൻ സർക്കാരിനെതിരെ വെറുപ്പ് വളർത്തുകയെന്ന വിശാല ഗൂഢാലോചനയാണ് ടൂൾകിറ്റിലൂടെ പുറത്തുവന്നതെന്നും പൊലീസ് അവകാശപ്പെടുന്നു. ജനുവരി 26നോ അതിനു മുന്നോടിയായോ ഹാഷ്ടാഗുകളിലൂടെ 'ഡിജിറ്റൽ സ്ട്രൈക്ക്' നടത്തണമെന്ന് ടൂൾകിറ്റിലുണ്ടെന്നാണ് പൊലീസ് വാദം. ജനുവരി 23 മുതൽ കർഷക സമര വിഷയത്തിൽ തുടർ ട്വീറ്റുകൾ വേണം. ജനുവരി 26ന് ഡിജിറ്റലിൽനിന്നു മാറി നേരിട്ടുള്ള നീക്കം വേണം. കർഷക സമരം നിരീക്ഷിക്കാനോ അതിനോടൊപ്പം ചേരാനോ ഉള്ള ആഹ്വാനവും ടൂൾകിറ്റിലെ പ്രത്യേക സെക്ഷനിൽ ചേർത്തിട്ടുണ്ടെന്നും പൊലീസ് ആരോപിക്കുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഗൂഗിളിനോടും ചില സമൂഹമാധ്യമങ്ങളോടും ഇമെയിൽ വിലാസങ്ങൾ, യുആർഎല്ലുകൾ, ചില അക്കൗണ്ടുകൾ എന്നിവയെപ്പറ്റിയുള്ള വിവരം പൊലീസ് തേടിയിരുന്നു. ടൂൾകിറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരാണെന്ന സംശയത്തിലാണ് ഇവരുടെ വിവരം തേടിയത്. കേന്ദ്രത്തിനെതിരെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായി യുദ്ധത്തിനു പദ്ധതിയിട്ട ഖാലിസ്ഥാൻ അനുകൂലികളായ ടൂൾകിറ്റ് നിർമ്മാതാക്കൾക്കെതിരെയെന്ന പേരിലാണ് ഡൽഹി സൈബർ സെൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമൂഹികവും മതപരവും സാംസ്കാരികപരവുമായ സംഘർഷത്തിനിടയാക്കുന്ന നീക്കമാണ് ടൂൾകിറ്റ് ഉപയോഗിച്ച് പ്രതികൾ നടത്തിയെന്നും പൊലീസ് പറയുന്നു. ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ളവ ചുമത്തി ഒട്ടേറെ പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണു വിവരം. ഇവരുടെ വിവരങ്ങളാണ് പൊലീസ് ഗൂഗിളിനോടും സമൂഹമാധ്യമ കമ്പനികളോടും തേടിയത്.
അതിനിടെ ദിശയുടേതാണെന്ന് വ്യക്തമാക്കി ട്വിറ്റർ അക്കൗണ്ടും സജീവമായിട്ടുണ്ട്. ദിശയുടെ സഹോദരിയും സുഹൃത്തുമെന്നു പറഞ്ഞാണ് ഞായറാഴ്ച രാത്രി ഒൻപതോടെ ഇതു സംബന്ധിച്ച് ഒരു ട്വീറ്റ് പ്രചരിക്കപ്പെട്ടത്. ദിശ രവി എന്ന അക്കൗണ്ടിൽനിന്നാണ് ട്വീറ്റ്. 'ഹലോ, ഇത് ദിശ രവിയുടെ സഹോദരിയാണ്. തെറ്റായ കുറ്റം ചുമത്തിയാണ് എന്റെ സഹോദരിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദിശയുടെ പേരിൽ ഒട്ടേറെ പേർ ഫേക്ക് ഐഡികൾ പലയിടത്തും വരുന്നുണ്ട്. അതെല്ലാം റിപ്പോർട്ട് ചെയ്യണം. ദിശയുടെ ഒരേയൊരു ഔദ്യോഗിക അക്കൗണ്ട് ഇതാണ്...' ജസ്റ്റിസ് ഫോർ ദിശ എന്ന ഹാഷ്ടാഗോടെയുള്ള ട്വീറ്റിൽ പറയുന്നു. ആദ്യ മണിക്കൂറിൽ മാത്രം നാലായിരത്തിലേറെ ലൈക്കും 1500ലേറെ റീട്വീറ്റുകളുമാണ് ഇതിനു ലഭിച്ചത്.
ഒട്ടേറെ പേർ ട്വീറ്റിനു പിന്തുണയുമായി രംഗത്തുണ്ട്. വിദേശ പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെ ഈ അക്കൗണ്ട് ടാഗ് ചെയ്താണ് ദിശയ്ക്ക് പിന്തുണ അറിയിക്കുന്നത്. അഞ്ജന എന്ന പേരിലും അക്കൗണ്ടിൽ ട്വീറ്റ് ചെയ്യുന്നുണ്ട്. എന്നാൽ ദിശയുടെ അക്കൗണ്ടാണിതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ദിശയെ പിന്തുണച്ച് കനേഡിയൻ എഴുത്തുകാരി റൂബി കൗർ ഉൾപ്പെടെ ട്വീറ്റ് ചെയ്തതും ഈ അക്കൗണ്ടിൽ റീട്വീറ്റ് ചെയ്തിട്ടുണ്ട്. ദിശ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, വിഷയത്തിൽ ഗ്രേറ്റ ഞായറാഴ്ച രാത്രി 11 വരെ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ കർഷക സംഘടനകൾ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്