ന്യൂയോർക്ക്: നമ്മുടെ നാട്ടിലെപ്പോലെ ഒറ്റനോട്ടത്തിൽ ലളിതമല്ല അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അമേരിക്കൻ പ്രസിഡന്റിനെ ജനം നേരിട്ട് തെരഞ്ഞെടുക്കയല്ല ചെയ്യുന്നത്. യുഎസിലെ മറ്റു തിരഞ്ഞെടുപ്പുകളിൽ പ്രതിനിധികളെ ജനം നേരിട്ട് തിരഞ്ഞെടുക്കുമ്പോൾ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ അങ്ങനെയല്ല. ഓരോ സ്റ്റേറ്റിലും തിരഞ്ഞെടുക്കപ്പെടുന്ന ഇലക്ടർമാരാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. ഇലക്ടറൽ കൊളേജ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ഇതനുസരിച്ച് ഓരോ സ്റ്റേറ്റിനും നിശ്ചിത എണ്ണം ഇലക്ടർമാരെ ലഭിക്കും. യുഎസിലെ 50 സ്റ്റേറ്റുകളിലെയും തലസ്ഥാനമായ വാഷിങ്ടൺ ഉൾപ്പെടുന്ന ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെ മൂന്നു വോട്ടുകളുമടക്കം 538 ഇലക്ടറൽ വോട്ടുകൾ ചേർന്നതാണ് ഇലക്ടറർ കോളജ്. ഇതിൽ ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 435 അംഗങ്ങളും സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട 100 പേരും ദേശീയ തലസ്ഥാന പ്രദേശമായ വാഷിങ്ടൻ ഡിസിയുടെ 3 പ്രതിനിധികളും ഉൾപ്പെടും.ഇന്ത്യയുടെ പാർലമെന്റിനു സമാനമായി യുഎസിൽ കോൺഗ്രസ് ആണ്. നമ്മുടെ ലോക്‌സഭയും രാജ്യസഭയും പോലെ അവിടെ ജനപ്രതിനിധി സഭയും സെനറ്റും. സെനറ്റ്, ജനപ്രതിനിധി സഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പും ഇന്ന് നടന്നു കഴിഞ്ഞു.

270 വോട്ടുകളാണ് ജയിക്കാനുള്ള ഭൂരിപക്ഷം. ഇന്ത്യയിലേതു പോലെയല്ല. ബാലറ്റ് സംവിധാനമാണ് യുഎസിൽ. ഇത് പോസ്റ്റൽ വോട്ടായും ചെയ്യാം. ഓരോ സ്റ്റേറ്റിലും ജയിച്ച പാർട്ടിയുടെ ഇലക്ടറൽ കോളജ് പ്രതിനിധികൾ അവരുടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ഡിസംബർ 14ന് വോട്ടു ചെയ്യും. അതിനു മുൻപുതന്നെ ആരാണു വിജയിയെന്നതിന്റെ ഏകദേശ രൂപം നമുക്ക് കിട്ടും. ജനപ്രതിനിധി സഭയും സെനറ്റും ജനുവരി ആറിന് ഉച്ചയ്ക്ക് ഒന്നിന് സംയുക്ത സമ്മേളനം നടത്തി ഇലക്ടറൽ വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി പ്രസിഡന്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ജനുവരി 20ന് പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യും. ഇതാണ് തെരഞ്ഞെടുപ്പ് പക്രിയയുടെ രത്നച്ചുരുക്കം.

പ്രൈമറിക്കും കോക്കസിനും ശേഷം നാഷണൽ കൺവെൻഷൻ

അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നിരവധി ഘട്ടങ്ങളുണ്ട്. പാർട്ടികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതുമുതൽ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ( Inauguration) വരെ നീണ്ടു നിൽക്കുന്നതാണ് അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രൈമറിയും കോക്കസും, നാഷണൽ കൺവെൻഷൻ, ജനറൽ ഇലക്ഷൻ, ഇലക്ടറൽ കോളെജ്, പിന്നിട് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, സത്യപ്രതിജ്ഞ എന്നിങ്ങനെയുള്ള ഘട്ടങ്ങളാണ് അമേരിക്കയിൽ ഉള്ളത്.അമേരിക്കയിലെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ പാർട്ടിയും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തങ്ങളുടെ സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതാണ് ഈ പ്രക്രിയ. ഒരോ സംസ്ഥാനത്തും ഇതുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കും. അവർ പ്രതിനിധികളെ തെരഞ്ഞെടുക്കും. സംസ്ഥാനത്തിന്റെ വലിപ്പത്തിനും ജനസംഖ്യയ്ക്കും അനുസരിച്ചായിരിക്കും പ്രതിനിധികളുടെ എണ്ണം തെരഞ്ഞെടുക്കുക. ചിലയിടത്ത് രഹസ്യ വോട്ടും മറ്റ് ചില ഇടങ്ങളിലും ശബ്ദവോട്ടിലുടെയുമായിരിക്കും പ്രതിനിധികളെ തെരഞ്ഞെടുക്കുക. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രൈമറികളെന്നും കോക്കസ്സുകളെന്നും വിളിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നിർണായക ഘട്ടമാണ് നാഷണൽ കൺവെൻഷൻ. പ്രൈമറിയിലും കോക്കസിലും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ വിശാല മായ യോഗമാണ് നാഷണൽ കൺവെൻഷൻ. വലിയ സ്റ്റേഡിയത്തിലോ ഹാളുകളിലോ ആണ് ഇത്തരം യോഗങ്ങൾ നടക്കുക. ഇവിടെ പങ്കെടുക്കുന്ന പ്രതിനിധികൾ വോട്ടെടുപ്പ് നടത്തി സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളെയും അന്ന് തന്നെ തെരഞ്ഞെടുക്കുന്നു. ഇവരെ റണ്ണിങ് മേറ്റ് എന്നാണ് വിളിക്കുന്നത്.

ലക്ഷ്യമിട്ടത് അയോഗ്യനായ ഒരാൾ പ്രസിഡന്റ് ആവാതിരിക്കൽ

ഇലക്ടറൽ കോളേജ് ഒരു സംവിധാനമല്ല. സമ്പ്രദായമാണ്. അമേരിക്കൻ ഭരണഘടനാ ശിൽപ്പികൾ രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക സമ്പ്രദായം. ഇന്ത്യയിലെയോ ബ്രിട്ടനിലെയോ പോലെ പൊതു തെരഞ്ഞെടുപ്പിലൂടെയും സംസ്ഥാന കേന്ദ്ര നിയമനിർമ്മാണ സഭാംഗങ്ങളുടെ വോട്ടിലൂടെയും പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കുന്ന രീതിയിൽനിന്ന് തികച്ചും വിഭിന്നമാണ് അമേരിക്കയുടെ ഇലക്ടറൽ കോളേജും പ്രസിഡൻഷ്യൽ ഭരണസംവിധാനവും. ഒരു വ്യക്തിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ജനങ്ങൾക്ക് ലഭിക്കാതെവരുന്ന സാഹചര്യത്തിൽ അയോഗ്യനായ ഒരാൾ അമേരിക്കൻ പ്രസിഡന്റാകുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യമിട്ടാണ് ഭരണഘടനാനിർമ്മാതാക്കൾ ഇലക്ടറൽ കോളേജ് സമ്പ്രദായം ആവിഷ്‌കരിച്ചത്.

ദേശീയ ആർക്കൈവ്സാണ് തെരഞ്ഞെടുപ്പിന് ചുക്കാൻപിടിക്കുന്ന അധികാര സ്ഥാപനം. ഇന്ത്യയിലെ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനു തുല്യമായ അധികാരകേന്ദ്രം. ഓരോ സംസ്ഥാനത്തിനും അവിടെനിന്നുള്ള അമേരിക്കൻ പാർലമെന്റിന്റെ പ്രതിനിധിസഭയിലെ (അമേരിക്കൻ കോൺഗ്രസ്) അംഗങ്ങൾക്കു തുല്യമായ ഇലക്ടറൽ കോളേജ് അംഗങ്ങളെ തെരഞ്ഞെടുക്കാം. ഇതിനു പുറമെ സംസ്ഥാനത്തുനിന്നുള്ള രണ്ട് സെനറ്റ് അംഗങ്ങളുംകൂടി ചേരുന്നതാണ് ആ സംസ്ഥാനത്തെ ഇലക്ടറൽ കോളേജ്. ഇവരാവും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആ സംസ്ഥാനത്തെ ജനങ്ങളെ പ്രതിനിധാനംചെയ്യുന്ന വോട്ടർമാർ. ഇലക്ടറൽ കോളേജ് അംഗങ്ങളുടെ സംഖ്യ പത്തുവർഷത്തിലൊരിക്കൽ ജനസംഖ്യാടിസ്ഥാനത്തിൽ പുനർനിർണയം ചെയ്യപ്പെടും എന്ന വ്യവസ്ഥയും അമേരിക്കയുടെ ഭരണഘടനയിലുണ്ട്. ചുരുക്കത്തിൽ ഏതെങ്കിലുമൊരു പ്രത്യേക സംസ്ഥാനത്തിന് തെരഞ്ഞെടുപ്പിൽ എല്ലായ്‌പ്പോഴും മേൽക്കൈ എന്ന അവസ്ഥ ഉണ്ടാകില്ല.

നിലവിൽ ഏറ്റവുമധികം ഇലക്ടറൽ കോളേജ് അംഗങ്ങളുള്ളത് കലിഫോർണിയയിൽനിന്നാണ് 55. പിന്നാലെ ടെക്സാസ് 38, ന്യൂയോർക്ക്, ഫ്ളോറിഡ 29 വീതം എന്നിങ്ങനെ പോകുന്നു മറ്റ് സംസ്ഥാനങ്ങളുടെ വിഹിതം. ഏഴ് സംസ്ഥാനത്തുനിന്ന് മൂന്നുവീതം അംഗങ്ങളാണുള്ളത്. കൊളംബിയ ഒരു സംസ്ഥാനമോ അവിടെനിന്ന് പ്രതിനിധിസഭയിൽ അംഗങ്ങളോ ഇല്ലെങ്കിലും അതിന് മൂന്ന് ഇലക്ടറൽ കോളേജ് അംഗങ്ങളെ തെരഞ്ഞെടുക്കാം. ജനസംഖ്യയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന വ്യോമിങ് സംസ്ഥാനത്തിനു തുല്യമായ സ്ഥാനമാണ് കൊളംബിയക്ക് നൽകിയിരിക്കുന്നത്. സംസ്ഥാനങ്ങളും കൊളംബിയയും ചേർന്നാണ് ഇത്തവണ 538 ഇലക്ടറൽ കോളേജ് അംഗങ്ങളെ എട്ടിലെ പോപ്പുലർ വോട്ടിലൂടെ തെരഞ്ഞെടുക്കുക.

ഇലക്ടറൽ കോളേജിനെ തെരഞ്ഞെടുക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിയമങ്ങളാണുള്ളത്. മിക്കയിടത്തും രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന കൺവൻഷനിലോ കേന്ദ്രകമ്മിറ്റി യോഗത്തിലോ ആവും ഇലക്ടറൽ കോളേജ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നതും തെരഞ്ഞെടുക്കുന്നതും. സെനറ്റ് (നിശ്ചയിക്കപ്പെടുന്ന രണ്ട് സെറ്റംഗങ്ങൾ ഒഴികെ) ജനപ്രതിനിധിസഭ എന്നിവയിലെ അംഗങ്ങൾ, അമേരിക്കയുടെ ദേശീയ ഗവൺമെന്റിൽ ഉദ്യോഗം വഹിക്കുന്ന ആളുകൾ എന്നിവർക്ക് ഇലക്ടറൽ കോളേജ് അംഗങ്ങളാകാൻ അർഹതയില്ല.

രാജ്യതാൽപ്പര്യത്തിനെതിരെ പ്രവർത്തിച്ചവർക്കും ശത്രുരാജ്യത്തെ സഹായിച്ചവർക്കും ഇലക്ടറൽ കോളേജ് അംഗങ്ങളാകാനാകില്ല. വർഷങ്ങളായി രാഷ്ട്രീയപ്രവർത്തനം നടത്തിവരുന്നവർക്കും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയുമായി അടുത്ത രാഷ്ട്രീയബന്ധം പുലർത്തുന്നവർക്കും മാത്രമേ സാധാരണയായി ഇലക്ടറൽ കോളേജ് അംഗങ്ങളാകാൻ കഴിയൂ. രാഷ്ട്രീയരംഗത്തെ പുതുമുഖങ്ങൾ ഇലക്ടറൽ കോളേജ് അംഗങ്ങളാകുന്ന സ്ഥിതി വിരളമാണ്.

പോപ്പുലർ വോട്ട് കിട്ടിയതുകൊണ്ട് പ്രസിഡന്റ്  ആവില്ല

പോപ്പുലർ വോട്ടിങ് ദിനത്തിൽ ജനങ്ങൾ തങ്ങൾക്കിഷ്ടപ്പെട്ട പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്തും. തങ്ങൾ തെരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളേജ് അംഗത്തിന്റെ പേര് ബാലറ്റിൽ കാണണമെന്നില്ല. വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങളനുസരിച്ച് ഇലക്ടറൽ കോളേജ് അംഗങ്ങളുടെ പേര് പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ പേരിനു താഴെ ബാലറ്റിൽ അച്ചടിക്കുകയോ അച്ചടിക്കാതിരിക്കുകയോ ചെയ്യാം. ഒരു പേരിലെന്തിരിക്കുന്നു എന്ന് തോന്നിപ്പോകുന്ന അവസ്ഥ. പക്ഷേ, യാഥാർഥ്യം അതല്ല. പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നവർ അതിനൊപ്പം സ്വാഭാവികമായിത്തന്നെ ആ സ്ഥാനാർത്ഥിയുടെയും പാർട്ടിയുടെയും നോമിനിയായ ഇലക്ടറൽ കോളേജ് അംഗത്തിനുംകൂടിയാണ് വോട്ട് ചെയ്യുന്നത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന ഇലക്ടറൽ കോളേജ് അംഗം പോപ്പുലർ വോട്ടിലെ വികാരം മാനിച്ചുതന്നെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിക്കൊള്ളണം എന്നില്ല, എങ്കിലും തന്നെ നാമനിർദ്ദേശം ചെയ്ത പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്കുതന്നെ വോട്ട് ചെയ്യുമെന്ന പ്രതിജ്ഞ നടത്തിയിരിക്കണം. എന്നാൽമാത്രമേ ഒരാൾക്ക് ഇലക്ടറൽ കോളേജ് അംഗമാകാനുള്ള തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശം ലഭിക്കാൻ അർഹതയുള്ളൂ.

താൻ നടത്തിയ സത്യപ്രതിജ്ഞ ലംഘിച്ച് മറുകണ്ടം ചാടി ആരെങ്കിലും നിയമനടപടിക്ക് വിധേയമായ ചരിത്രം അമേരിക്കയിൽ നാളിതുവരെയുണ്ടായിട്ടില്ല. ഇലക്ടറൽ കോളേജ് പോപ്പുലർ വോട്ടിന്റെ വികാരമുൾക്കൊണ്ട് പ്രവർത്തിച്ചതായാണ് ചരിത്രസാക്ഷ്യം. വോട്ടിന്റെ അനുപാതമനുസരിച്ച് ഫലം തിട്ടപ്പെടുത്തുന്ന മെയ്ൻ, നെബ്രാസ്‌ക സംസ്ഥാനങ്ങളെ ഒഴിച്ചുനിർത്തിയാൽ മറ്റ് എല്ലാ സംസ്ഥാനങ്ങളും പോപ്പുലർവോട്ടിൽ കേവല ഭൂരിപക്ഷം നേടുന്ന പ്രസിഡന്റ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്ന ഇലക്ടറൽ കോളേജ് സ്ഥാനാർത്ഥികളെ വിജയികളായി പ്രഖ്യാപിക്കുന്നവയാണ്.

എന്നാൽ പോപ്പുലർ വോട്ട് കൂടുതൽ കിട്ടിയതുകൊണ്ട് മാത്രം ഒരാൾ ജയിച്ച് പ്രസിഡന്റ് ആവില്ല. കഴിഞ്ഞ തവണ ഹിലരി ക്ലിന്റണായിരുന്നു പോപ്പുലർ വോട്ടുകൾ കൂടുതലായി ലഭിച്ചത്. പക്ഷെ ഇലക്ടറൽ കോളെജ് തെരഞ്ഞെടുത്തത് ട്രംപിനെയും. 1824, 1876, 1888, 2000 എന്നീ വർഷങ്ങളിലാണ് ഇങ്ങനെയുണ്ടായത്. 2000 ത്തിലെ പോപ്പുലർ വോട്ടെടുപ്പിൽ ഭൂരിപക്ഷം നേടിയ അൽഗോർ റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥി ജോർജ് ഡബ്ള്യു ബുഷിനു മുന്നിൽ ഇലക്ടറൽ കോളേജിലെ വോട്ടെടുപ്പിൽ പരാജയം ഏറ്റുവാങ്ങി. 2000 ത്തിൽ ജോർജ്ജ് ബുഷ് തെരഞ്ഞെടുക്കപ്പെട്ട സമയത്ത് ഈ പക്രിയയിലെ സങ്കീർണത മൂലം വലിയ വിവാദമുണ്ടായിരുന്നു. അൽ ഗോറായിരുന്നു അന്ന് എതിർ സ്ഥാനാർത്ഥി. യു എസ് സുപ്രീം കോടതി ഇടപെട്ടാണ് അന്ന് വിജയിയെ തീരുമാനിച്ചത്.

അമേരിക്കയുടെ കഴിഞ്ഞ 200 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭരണഘടനാ ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടത് ഇലക്ടറൽ കോളേജിന്റെ ഘടനാമാറ്റത്തെക്കുറിച്ചും ഇലക്ടറൽ കോളേജ് സമ്പ്രദായംതന്നെ ഒഴിവാക്കണം എന്നതിനെക്കുറിച്ചുമായിരുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അതിനാലാവും ഇത്രയധികം ഭരണഘടനാ ഭേദഗതികൾ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആണിക്കല്ലായ ഇലക്ടറൽ കോളേജ് സമ്പ്രദായത്തെ മാറ്റിമറിക്കാനോ ഇല്ലാതാക്കാനോ ഉദ്ദേശിച്ച് നിർദ്ദേശിക്കപ്പെട്ടത്.