ലക്നൗ: അച്ഛനും മകനും തമ്മിലുള്ള പോരിൽ പൊട്ടിത്തെറിയുടെ വക്കിലെത്തിയ സമാജ്‌വാദി പാർട്ടിയിൽ വെടിനിർത്തൽ ഫോർമുലകൾക്ക് ഊർജിത ശ്രമം നടക്കുന്നതായി സൂചനകൾ. മുലായം സിങ് യാദവിന്റെ ദേശീയ അധ്യക്ഷ സ്ഥാനം നിലനിർത്തി ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം അഖിലേഷ് യാദവിന് വിട്ടുനൽകാനുള്ള സമവായ ഫോർമുല ഇരുപക്ഷവും അംഗീകരിച്ചതായാണ് സൂചന. പാർട്ടിയിലെ മുതിർന്ന നേതാവ് അസംഖാനാണ് അനുരഞ്ജന ചർച്ചകൾക്കു മുൻകൈ എടുത്തത്. തുടർന്ന് അഖിലേഷ് യാദാവ് മുലായത്തിന്റെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. രണ്ട് മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. പിന്നാലെ താനുമായി കടുത്ത അഭിപ്രായ ഭിന്നതയിലുള്ള അമ്മാവൻ ശിവ്പാൽ യാദവുമായും അഖിലേഷ് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

ദേശീയ അധ്യക്ഷൻ സ്ഥാനത്തേക്ക് സ്വയം അവരോധിച്ച അഖിലേഷ്, അധ്യക്ഷ സ്ഥാനം മുലായത്തിന് തന്നെ വിട്ടുനൽകി അദ്ദേഹത്തെ അനിഷേധ്യ നേതാവായി പ്രഖ്യാപിക്കുമെന്നതാണ് സമവായ ഫോർമുലയിൽ ആദ്യത്തേത്. ഇതിന് പകരമായി പോരിന് കാരണമായ സ്ഥാനാർത്ഥി നിർണയത്തിൽ അഖിലേഷിന് പ്രാധാന്യം നൽകണമെന്നതാണ് രണ്ടാമത്തെ വ്യവസ്ഥ. സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനമെടുക്കുക അഖിലേഷാവും. കടുത്ത പോരും അഭിപ്രായവ്യത്യാസവും നിലനിൽക്കുന്ന ശിവ്പാൽ യാദവിന് ദേശീയ തലത്തിൽ പ്രത്യേക പരിഗണന നൽകാമെന്നതാണ് മൂന്നാമത്തെ നിബന്ധന.

ഉത്തർപ്രദേശിലെ സമാജ്വാദി പാർട്ടി പ്രതിസന്ധി ഡൽഹിയിൽ നിയമയുദ്ധത്തിന് കളമൊരുക്കുന്നതിനിടയിലാണ് അനുനയ ശ്രമമുണ്ടായത്. അച്ഛനെ വെട്ടി പാർട്ടിയിൽ ദേശീയ അധ്യക്ഷൻ സ്ഥാനം കൈയടക്കിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അനുരഞ്ജന ചർച്ചക്ക് മുൻകൈയെടുത്തു. ഭിന്നിപ്പിനെ തുടർന്ന് സമാജവാദി പാർട്ടി രണ്ട് പക്ഷമായതോടെ പാർട്ടി ചിഹ്നത്തിനായി ഡൽഹിയിൽ വടംവലി നടക്കുന്നതിനിടയിൽ അഖിലേഷ് മുലായവുമായി ഫോണിൽ ബന്ധപ്പെട്ടു. പാർട്ടി അധ്യക്ഷനും പിതാവുമായ മുലായം സിങ് യാദവിനെ രാവിലെ ഫോൺ വിളിച്ച് അഖിലേഷ് യാദവ് സംസാരിച്ചു. ഇതോടെ ഡൽഹിയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ ലക്നൗവിലേക്ക് മുലായം ഉടനടി തിരിക്കുകയായിരുന്നു.

പാർട്ടി എംഎൽഎയും മുതിർന്ന നേതാവുമായ അസം ഖാനാണ് ഇരുവർക്കും ഇടയിൽ സന്ധി സംഭാഷണത്തിന് കളമൊരുക്കിയത്. മുലായവും അഖിലേഷും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ കൂടിക്കാഴ്ചയ്ക്ക് സമയം തീരുമാനിച്ച് അഖിലേഷ് ഉച്ചയോടെ മുലായത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തുകയായിരുന്നു. അഖിലേഷ് മന്ത്രിസഭയിലെ മന്ത്രി ഗായത്രി പ്രജാപതിയാണ് മുലായത്തിനെ ഡൽഹിയിൽ നിന്ന് വിമാനത്തിൽ അനുഗമിച്ചത്.

സമാജ്വാദി പാർട്ടിയിൽ നിന്ന് നേരത്തെ അഖിലേഷിനേയും രാം ഗോപാൽ യാദവിനേയും ആറ് വർഷത്തേക്ക് പുറത്താക്കിയതായി പ്രഖ്യാപിച്ച മുലായം 15 മണിക്കൂറിനകം തീരുമാനം പിൻവലിച്ചിരുന്നു. ഇതോടെ പ്രശ്നങ്ങൾ അവസാനിച്ചുവെന്ന കരുതിയെങ്കിലും വീണ്ടും യാദവ പോര് തുടർന്നു. അസാധാരണ നീക്കത്തിലൂടെയുള്ള കൺവെൻഷൻ അട്ടിമറിയിലൂടെ അഖിലേഷ് പാർട്ടി തലപ്പത്തേക്ക് എത്തി. എന്നാൽ യഥാർത്ഥ സമാജ്വാദി പാർട്ടി അധ്യക്ഷൻ താനാണെന്ന് പ്രഖ്യാപിച്ച് മുലായം അഖിലേഷിന്റെ വിശ്വസ്തനായ രാം ഗോപാൽ യാദവിനെതിരെ നടപടിയെടുത്തെങ്കിലും രണ്ടാമത് അഖിലേഷിനെ തൊട്ടില്ല. ഇതിന് പിന്നാലെയാണ് പാർട്ടി ചിഹ്നമായ സൈക്കിളിന് വേണ്ടി ഇരു വിഭാഗവും ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.

90% എംഎൽഎമാരും തനിക്കൊപ്പമാണെന്നാണ് അഖിലേഷിന്റെ വാദം. ഇതിനാൽ പാർട്ടി ചിഹ്നം തനിക്ക് വേണമെന്നും അഖിലേഷ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അവസാനവട്ട ശ്രമമെന്ന നിലയിൽ അസം ഖാൻ അനുരഞ്ജന ചർച്ചക്ക് ശ്രമിച്ചതും സമവായ ഫോർമുല തയ്യാറാക്കിയതും.