ന്യൂഡൽഹി: കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങൾ മൂന്നാംതരംഗ സാധ്യത ഒഴിവാക്കാൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ 80 ശതമാനം രോഗികളും ആറ് സംസ്ഥാനങ്ങളിലായാണ്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. വൈറസിന്റെ തുടർ ജനിതകമാറ്റം പോലെയുള്ള വെല്ലുവിളികളെ അതിജീവിക്കാൻ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ആഘോഷങ്ങൾ നടത്താൻ സമയമായിട്ടില്ല.

വാക്‌സിനേഷന്റെയും, രോഗ നിർണ്ണയ പരിശോധനയുടെയും നിരക്ക് കൂട്ടണം. ഗ്രാമീണ മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകണം. മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളിൽ പ്രതിരോധത്തിന് കൂടുതൽ ഊന്നൽ നൽകണം. ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്സിനേറ്റ് എന്ന സമീപനം മുൻനിർത്തി മുന്നോട്ടുപോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. മഹാമാരിയെ പ്രതിരോധിക്കാനായി ഫലവത്തായ മാർഗങ്ങൾ സ്വീകരിക്കാനും മൈക്രോ കൺടെയ്ന്മെന്റ് സോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

 

രാജ്യത്തെ കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമാണെന്നാണ് കണക്കാക്കുന്നത്. രണ്ടാം തരംഗം എവിടെ തുടങ്ങിയോ അവിടെ സ്ഥിതിഗതികൾ ആദ്യം നിയന്ത്രണ വിധേമാവുമെന്നാണ് വിദഗ്ദർ പറഞ്ഞത്. എന്നാൽ അതേ സമയത്ത് തന്നെ മഹാരാഷ്ട്രയിലും കേരളത്തിലും കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഗൗരവമേറിയ വിഷയമാണ്. രാജ്യത്തിന് തന്നെ ഭീഷണിയാവുന്ന വിഷയമാണിതെന്നും പ്രധാനമന്ത്രി ചുണ്ടിക്കാട്ടുന്നു.

സംഭവിച്ചേക്കാവുന്ന കോവിഡ് മൂന്നാംതരംഗത്തെ കുറിച്ച് ചർച്ചകൾ നടക്കുന്ന സന്ദർഭത്തിലാണ് നാം ഇപ്പോൾ ഉള്ളത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ ഏകദേശം 80 ശതമാനവും മരണനിരക്കിന്റെ 84 ശതമാനവും ഈ ആറു സംസ്ഥാനങ്ങളിൽനിന്നാണ്- മോദി പറഞ്ഞു.

കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് എല്ലാവരും ഓർമിക്കണം. ഇത് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരസ്പര സഹകരണത്തോടെയും യോജിച്ചുള്ള പ്രവർത്തനങ്ങളിലൂടെയുമാണ് രാജ്യം കോവിഡിനെതിരെ പോരാടിയത്. മൂന്നാംതരംഗത്തെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽനിന്നുള്ള കേസുകളുടെ എണ്ണം ആശങ്കയുണർത്തുന്നതാണ്- പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന് 23,000 കോടിയുടെ പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പാക്കേജിൽനിന്നുള്ള ഫണ്ടുകൾ വിനിയോഗിച്ച് സംസ്ഥാനങ്ങൾ ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ ശക്തിപ്പെടുത്തണം. അടിസ്ഥാനസൗകര്യങ്ങളിലെ അപാകതകൾ മെച്ചപ്പെടുത്തണമെന്നും ഗ്രാമീണ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് രണ്ടാം തരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ മുഖ്യമന്ത്രി അവതരിപ്പിച്ചു.

ഏപ്രിലിൽ ആരംഭിച്ച രണ്ടാം തരംഗത്തിൽ അതിവ്യാപന ശേഷിയുള്ള ഡെൽറ്റാ വൈറസാണ് സംസ്ഥാനത്ത് പ്രധാനമായും കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏകദേശം 30 ശതമാനത്തിനടുത്ത് എത്തുന്ന സാഹചര്യമുണ്ടായി. ഇപ്പോൾ അത് 10.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വൈകിയാണ് കേരളത്തിൽ രണ്ടാം തരംഗം ആരംഭിച്ചത്.

രോഗം ഉച്ചസ്ഥായിയിൽ എത്തിക്കുന്നത് വൈകിച്ചു കൊണ്ട് ആരോഗ്യമേഖലയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കുന്ന രീതിയിൽ രോഗവ്യാപനം പിടിച്ചു നിർത്താനാണ് കേരളം ശ്രമിച്ചത്. അതിൽ വിജയിക്കുകയും ചെയ്തു. അതിന്റെ ഭാഗമായാണ് കേരളത്തിൽ ഇപ്പോഴും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കൂടുതൽ ഉള്ളതെന്ന വസ്തുത യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു.

ടെസ്റ്റിങ് ആവശ്യമായ തോതിൽ നടത്തിയും, ക്വാറന്റൈനും ചികിത്സയും ഫലപ്രദമായി നടപ്പിലാക്കിയും രോഗത്തെ പ്രതിരോധിക്കാൻ കേരളത്തിനു സാധിച്ചു. അതിനാലാണ് മരണ നിരക്ക് മറ്റു പ്രദേശങ്ങളിൽ ഉയർന്നിട്ടും 0.48 ശതമാനത്തിൽ ഇപ്പോഴും പിടിച്ച് നിർത്താൻ കേരളത്തിനു സാധിക്കുന്നത്.

ഇതുവരെ സംസ്ഥാനത്തെ 1.17 കോടി ആളുകൾക്ക് ആദ്യ ഡോസ് വാക്‌സിനും 44.18 ലക്ഷം പേർക്ക് രണ്ടു ഡോസ് വാക്‌സിനും നൽകാൻ സാധിച്ചു. ആദിവാസി ജനവിഭാഗങ്ങൾ, കിടപ്പുരോഗികൾ, മാനസികാരോഗ്യ കേന്ദ്രങ്ങളിലെ രോഗികൾ, വൃദ്ധസദനങ്ങളിലെ അന്തേവാസികൾ, ട്രാൻസ്‌ജെന്റർ വിഭാഗത്തിൽ പെടുന്നവർ തുടങ്ങിയവർക്കായി പ്രത്യേക വാക്‌സിനേഷൻ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഒട്ടും നഷ്ടപ്പെടുത്താതെ ഏറ്റവും വേഗത്തിൽ വാക്‌സിൻ വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഇതെല്ലാം കണക്കിലെടുത്ത് കേരളത്തിൽ ആവശ്യമായ അളവിൽ വാക്‌സിൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

വാക്‌സിൻ ദൗർലഭ്യം ഒഴിവാക്കാൻ 60 ലക്ഷം ഡോസ് വാക്‌സിൻ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ലഭ്യമാക്കാൻ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 11നു തന്നെ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാനാവശ്യമായ പിന്തുണ കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് ആരോഗ്യമന്ത്രാലയം രാവിലെ പുറത്തുവിട്ട കണക്ക് പറയുന്നത്. 542 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചുട്ടുണ്ട്. ഇതോടെ സർക്കാർ കണക്കനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,12,531 ആയി. കഴിഞ്ഞ ദിവസം 40,026 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇത് വരെ 3,10,26,829 പേർക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. നിലവിൽ ചികിത്സയിലുള്ളത് 4,30,422 പേരാണ്. 97.28 ശതമാനം പേരും രോഗമുക്തി നേടി. 1.33 ശതമാനമാണ് മരണം നിരക്ക്. വാക്‌സിനേഷൻ നടപടികൾ പുരോഗമക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,78,078 പേർക്ക് കൂടി വാക്‌സീൻ നൽകി. 39,53,43,767 ഡോസ് വാക്‌സീനാണ് ഇത് വരെ രാജ്യത്ത് വിതരണം ചെയ്തത്.