ദമ്മാം: ഖത്തിഫിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ ആലപ്പുഴ പുന്നപ്ര കുറവൻതോട് സ്വദേശി സെറ്റിൽമെന്റ് കോളനിയിൽ വിജയന്റെ (52) മൃതദേഹം കഴിഞ്ഞ ദിവസം ജെറ്റ് എയർലൈൻസ് വിമാനത്തിൽ നാട്ടിൽ എത്തിച്ചു വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു.

സൗദി ആലപ്പുഴ വെൽഫെയർ അസ്സോസ്സിയേഷൻ (സവ ) കിഴക്കൻ പ്രവിശ്യയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നാസ് വക്കം, സിറാജ് പുറക്കാട് , ജാഫർ കൊണ്ടോട്ടി എന്നിവരാണ് വിജയന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. കഴിഞ്ഞ 6 വർഷമായി ഖത്തിഫിൽ ഒരു അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്ന വിജയൻ 18 ദിവസം മുൻപാണ് നാട്ടിൽനിന്ന് അവധികഴിഞ്ഞെത്തിയത്.

കെ.എസ്സ്.ആർ.ടി.സി. എംപാനൽ ജീവനകരിയായ ഉഷയാണ് ഭാര്യ, ഹരികൃഷ്ണൻ, വിഷ്ണു, വിശാഖ് എന്നിവർ മക്കളാണ്. വിജയന്റെ നിര്യാണത്തിൽ സൗദി ആലപ്പുഴ വെൽഫെയർ അസ്സോസ്സിയേഷൻ (സവ ) കിഴക്കൻ പ്രവിശ്യ സെൻട്രൽ കമ്മറ്റി അനുശോചിച്ചു.