ബർലിൻ: നിയമസഭാ സ്പീക്കറും മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ജി. കാർത്തികേയന്റെ അകാല നിര്യാണത്തിൽ ഒഐസിസി യൂറോപ്പ് അനുശോചിച്ചു. കാർത്തികേയന്റെ  വേർപാടുമൂലം സമാനതകളില്ലാത്ത ഒരു പൊതുപ്രവർത്തകനെയും അധികാരമോഹത്തിന്റെ പിടിയിലകപ്പെടാത്ത ഒരു ജനനേതാവിനെയും നഷ്ടമായി. എക്കാലവും പ്രവർത്തകരെയും പാർട്ടിയെയും സ്‌നേഹിച്ച നേതാവെന്ന നിലയിൽ കുലീനമായ പെരുമാറ്റവും ഉൾക്കാഴ്ച തുളുമ്പുന്ന പ്രാസംഗിക ചാരുതയും കാർത്തികേയന്റെ വ്യക്തിത്വത്തെ വേറിട്ടതാക്കി. അദ്ദേഹത്തിന്റെ  ശക്തമായ നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ തിളക്കം കൂട്ടുന്നവയായിരുന്നു.

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയശേഷം നിയമബിരുദവും കരസക്കഥമാക്കി. കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി, സെനറ്റംഗം, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നിങ്ങനെ പലപടവുകൾ കയറി കോൺഗ്രസിന്റെ നേതൃനിരയിലെത്തി ശേഷം ഭരണ രംഗത്തെത്തി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ്, പാർട്ടി ചീഫ് വിപ്പ്, നിയമസഭാ പെറ്റീഷൻസ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ച അദ്ദേഹം  പദവികൾക്കായി നെട്ടോട്ടമോടാതെ ആദർശത്തിൽ എന്നും ഉറച്ചുനിന്ന വ്യക്തിയായിരുന്നു എന്നും ഒഐസിസി യൂറോപ്പ് അനുസ്മരിച്ചു.

നിയമവ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും നിയമസഭാംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു കൃത്യസമയത്തു മന്ത്രിമാർ മറുപടി നൽകണമെന്നു നിഷക്കകർഷത പുലർത്തിയിരുന്ന, ഇരുത്തം വന്ന സാമാജികനായിരുന്ന കാർത്തികേയന്റെ ആത്മാവിന് നിത്യശാന്തി നേർന്നു. ഒഐസിസി യൂറോപ്പ് കോ ഓർഡിനേറ്റർ ജിൻസൺ ഫ്രാൻസ് കല്ലുമാടിക്കൽ (ജർമനി) വാർത്താകുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.