മുംബൈ: ഐപിഎലിൽ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങും മുമ്പുതന്നെ പണി കിട്ടിയിരിക്കുകയാണ് കിങ്‌സ് ഇലവൻ പഞ്ചാബ് താരങ്ങൾക്ക്. ജഴ്‌സിയിൽ കോണ്ടത്തിന്റെ പരസ്യം പ്രിന്റ് ചെയ്തതാണ് താരങ്ങൾക്കു പാരയായത്.

ന്യൂഡൽഹിലുള്ള മാൻകൈൻഡ് ഫാർമയുമായി പഞ്ചാബ് ടീം സ്‌പോൺസർഷിപ്പ് കരാറിലൊപ്പിട്ടതാണ് താരങ്ങളെ ത്രിശങ്കുവിലാക്കിയത്. പ്രധാന സ്‌പോൺസറായ ടാറ്റ പ്രൈമിന്റെ പരസ്യത്തിനൊപ്പം മാൻഫോഴ്‌സ് കോണ്ടത്തിന്റെ പരസ്യവും കിങ്‌സ് ഇലവന്റെ ജഴ്‌സിയിൽ സ്ഥാനംപിടിക്കും.

ഇത് പക്ഷേ പല താരങ്ങൾക്കും തൃപ്തി നൽകുന്നില്ല. കുടുംബാംഗങ്ങൾ തങ്ങളുടെ കളി കാണാനിരിക്കുമ്പോൾ ഇത്തരം പരസ്യം പ്രദർശിപ്പിക്കുന്ന ജഴ്‌സി അണിയാൻ നാണക്കേടാണെന്ന് കിങ്‌സ് ഇലവൻ താരങ്ങൾ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്നാൽ, പ്രതിഷേധത്തിനുള്ള അവസരമില്ലാത്തതിനാൽ പേരു വെളിപ്പെടുത്താതെയാണ് അഭിപ്രായപ്രകടനം.

ആദ്യമായാണ് മാൻകൈൻഡ് ഒരു സ്പോർട്സ് ടീമുമായി കരാറിലെത്തുന്നത്. ഐപിഎൽ കാണികളിൽ ഭൂരിഭാഗവും പുരുഷന്മാരായതാണ് ഫാർമയെ ഇത്തരത്തിൽ ചിന്തിപ്പിച്ചത്. പഞ്ചാബിന് ഈ സീസണിൽ മൊത്തം 20 സ്‌പോൺസർമാരാണുള്ളത്. എന്തായാലും കോണ്ടത്തിന്റെ പരസ്യവുമായി കളത്തിലിറങ്ങുന്ന നാണക്കേടിന് എങ്ങനെ പരിഹാരം കാണുമെന്നറിയാതെ കുഴങ്ങകയാണ് പഞ്ചാബ് കിങ്‌സ് ഇലവൻ താരങ്ങൾ.

കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പാണ് കിങ്‌സ് ഇലവൻ പഞ്ചാബ്. ജോർജ് ബെയ്‌ലി നയിക്കുന്ന ടീമിൽ വിരേന്ദർ സെവാഗ്, ഗ്ലെൻ മാക്‌സ്‌വെൽ, ഡേവിഡ് മില്ലർ, മിച്ചൽ ജോൺസൺ തുടങ്ങിയ സൂപ്പർ താരങ്ങളുണ്ട്. ഏറെ ആരാധകരുള്ള ഒരു ടീം കൂടിയാണ് പഞ്ചാബ് കിങ്‌സ്. ഈ ഘടകങ്ങളാണ് മാൻകൈൻഡിനെ പഞ്ചാബ് ടീമിലേക്ക് ആകർഷിച്ചത്.