മനാമ: രാജ്യത്ത് ജോലിക്കായി എത്തുന്ന വിദേശികൾ സ്വഭാവ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കമെന്നുള്ള നിർദ്ദേശം പാർമെന്റിൽ പാസാക്കി. രാജ്യത്തെ സുരക്ഷയ്ക്ക് ഇത് ഏറെ സഹായകമാകുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഭൂരിഭാഗം എംപിമാരും നിർദേശത്തെ അനുകൂലിച്ചു വോട്ടു ചെയ്തു. ഇത് ഏറെ വിവാദങ്ങൾക്ക് കാരണമാകുമെന്ന് വ്യക്തമാക്കിക്കൊണ്ട് സർവീസ് കമ്മിറ്റി തള്ളിയെങ്കിലും പാർലമെന്റിൽ നിർദ്ദേശം പാസാകുകയായിരുന്നു.

ക്രിമിനൽ സ്വഭാവമുള്ള വിദേശികളെ രാജ്യത്ത് ജോലിക്കെടുക്കുന്നത് സുരക്ഷാ ഭീഷണി ഉയർത്തുമെന്നും രാജ്യസുരക്ഷ തങ്ങളുടെ കടമയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് എംപിമാർ നിർദേശത്തെ അനുകൂലിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഇത്തരത്തിൽ രാജ്യത്ത് കടന്നുകൂടി ഒട്ടേറെ കുറ്റകൃത്യങ്ങൾ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സ്വഭാവ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന നിർദ്ദേശം ഉയർന്നത്.

അതേസമയം വ്യാജ പാസ്‌പോർട്ട് നിർമ്മിച്ച് രാജ്യത്തേക്ക് കടക്കുന്നതു പോലെ തന്നെ വ്യാജ സ്വഭാവ സർട്ടിഫിക്കറ്റ് നേടി പലരും എത്തുമെന്നും അഭിപ്രായം പാർലമെന്റിൽ ഉയർന്നിരുന്നു. എന്നാൽ അധികൃതർ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാക്കിയാൽ പ്രശ്‌നം കൈകാര്യം ചെയ്യാവുന്നതേയുള്ളൂവെന്ന് എംപിമാർ വാദിച്ചു. നിർദ്ദേശം ഷൂരാ കൗൺസിലിന്റെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.