- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുമതി നൽകിയത് ഏറ്റവും അടുത്ത മൂന്നു കുടുംബാംഗങ്ങളുമായി സംസാരിക്കാൻ; കോൾ ഡൈവേർഷനിലുടെ വിളിയെത്തുന്നത് ലഹരിക്കടത്തിലേക്കും മറ്റു സമൂഹവിരുദ്ധ പ്രവർത്തനങ്ങളിലേക്കും; തട്ടിപ്പ് പുറത്തായത് ജയിലിലെ അന്തേവാസി ഭാര്യയോടെന്ന പേരിൽ ലഹരിസംഘങ്ങളുമായി സംസാരിച്ചപ്പോൾ;ജയിലുകളിലെ സ്മാർട്ട്ഫോൺ ഓവർ സ്മാർട്ടാകുന്ന കഥ
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളും ജയിലുകളുമൊക്കെ കാലമാറ്റത്തിനനുസരിച്ച് മുഖം മിനുക്കുകയാണ്. പ്രതികളോടുൾപ്പടെ സമീപനം മാറണമെന്നും അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഒരു നടപടിയും ഉണ്ടാകരുതെന്നും പറയുമ്പോൾ ഇത്തരം മാറ്റങ്ങൾ അതീവ ശ്രദ്ധയോടും ജാഗ്രതയോടും കൂടി വേണമെന്ന സൂചനകളാണ് സമീപകാലസംഭവങ്ങൾ സുചിപ്പിക്കുന്നത്.ടിപി വധക്കേസ് പ്രതികൾ ജയിലിനുള്ളിൽ നിന്ന് തന്നെ ഇപ്പോഴും പല ഇടപാടുകളുംഫോൺ മുഖേന നടത്തുണ്ടെന്ന വിവരം പുറത്ത് വന്നിട്ട് അധികം നാളായില്ല.സ്വർണ്ണക്കടത്ത് കേസൊടെ ഇ വാദം കൂടുതൽ ശക്തമാവുകയും ചെയ്തു.അതിന് പിന്നാലെയിത സമാനരിതിയിലുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.ജയിലിനുള്ളിൽ അന്തേവാസികൾക്ക് ബന്ധുക്കളെ വിളിക്കാനായി ആരംഭിച്ച സ്മാർട്ട് ഫോൺ പദ്ധതിയുടെ വ്യാപക ദുർവിനിയോഗമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
തടവുകാർക്കു നൽകിയ സ്മാർട് കാർഡ് ഉപയോഗിച്ചു പൂജപ്പുര സെൻട്രൽ ജയിലിലെ ചില പ്രതികൾ കോൺഫറൻസ് കോൾ വഴി പുറത്തെ സംഘങ്ങളുമായി ആശയവിനിമയം നടത്തുന്നതായി കണ്ടെത്തി.ലഹരിക്കടത്തു കേസിൽ പൂജപ്പുര സെൻട്രൽ ജയിലിലുള്ള ഒരു തടവുകാരൻ ഇത്തരത്തിൽ ഭാര്യയെ വിളിച്ചു കോൺഫറൻസ് കോളിലൂടെ പുറത്തെ ലഹരിസംഘങ്ങളെ നിയന്ത്രിക്കുന്നതായി എക്സൈസ് കണ്ടെത്തിയതോടെയാണ് പദ്ധതിയുടെ ദുരുപയോഗം സംബന്ധിച്ച സൂചനകൾ അധികൃതർക്ക് ലഭിക്കുന്നത്.ഇത് ചോദ്യം ചെയ്തപ്പോൾ പ്രതികൾ അധികൃതരെ തിരിച്ചു ഭീഷണിപ്പെടുത്തുന്നതാണ് സ്ഥിതി.ഇതു തടയാൻ സോഫ്റ്റ്വെയറിൽ മാറ്റം വരുത്തിയതിനെ സ്വർണക്കടത്തു കേസ് പ്രതികൾ ചോദ്യം ചെയ്തു. തങ്ങളുടെ ഫോൺ റിക്കോർഡ് ചെയ്യുന്നുവെന്നാരോപിച്ച് ഇവർ ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി.
പ്രശ്നം ഗുരുതരമാണെന്നു വ്യക്തമായതോടെ അനുവദിക്കപ്പെട്ട നമ്പറുകൾക്കു പുറമേയുള്ളവരുമായി തടവുകാർ സംസാരിക്കുന്നതു ഗുരുതര സുരക്ഷാഭീഷണിയാണെന്നു ജയിൽ മേധാവി ഋഷിരാജ് സിങ് സൂപ്രണ്ടുമാർക്കു മുന്നറിയിപ്പു നൽകി. കോൾ ഡൈവേർഷൻ, കോൺഫറൻസ് കോൾ എന്നിവ നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകിക്കഴിഞ്ഞു. തമിഴ്നാട് ഈറോഡിലെ അലൻ ഗ്രൂപ്പ് എന്ന കമ്പനിയാണു ജയിലുകളിൽ സ്മാർട് കാർഡ് അധിഷ്ഠിത ഫോൺ വിളി സംവിധാനം ഒരുക്കിയത്. കാർഡിൽ മുൻകൂട്ടി നൽകിയിട്ടുള്ള അടുത്ത ബന്ധുക്കളായ 3 പേരെ മാത്രമേ വിളിക്കാൻ കഴിയൂ. ബിൽ ഒരു മാസം കഴിഞ്ഞു കമ്പനി അറിയിക്കും. തുക തടവുകാരുടെ കൂലിയിൽനിന്നു കുറയ്ക്കുമെന്ന തരത്തിലാണ് സംവിധാനം നടപ്പാക്കുന്നത്.
പ്രസ്തുത കമ്പനിയാണ് കോൾഡൈവേർഷൻ നടത്തുന്നതിനെക്കുറിച്ച് ജയിലധികൃതർക്ക് സൂചന നൽകിയത്.അവർ വിവരം അറിയിച്ചതോടെ പല നമ്പറുകളും നിരീക്ഷണത്തിലാക്കി. ചിലർ സ്മാർട് കാർഡിലുള്ള നമ്പറിലേക്കു വിളിച്ച ശേഷം ഡൈവേർഷനായി പുതിയ നമ്പർ നൽകും. ചിലർ ആ നമ്പറിലോ പുതിയ നമ്പർ വഴിയോ കോൺഫറൻസ് കോൾ നടത്തും. ഇതോടെ സോഫ്റ്റ്വെയറിൽ മാറ്റം വേണമെന്നു ജയിൽ സൂപ്രണ്ട് കമ്പനിയോട് ആവശ്യപ്പെട്ടു.മുൻകൂട്ടി നൽകുന്ന 3 നമ്പറുകളിലേക്കു മാസം 250 രൂപയ്ക്കു ഫോൺ വിളിക്കാനാണു തടവുകാർക്ക് അനുമതിയുണ്ടായിരുന്നത്. കോഫെപോസ തടവുകാർക്കു ഫോൺ വിളി അനുവദിച്ചിരുന്നില്ല. എന്നാൽ കോവിഡ് വ്യാപനം മൂലം സന്ദർശക നിയന്ത്രണം വന്നതോടെ ഇളവുണ്ടായി. കോഫെപോസക്കാർ ഉൾപ്പെടെ എല്ലാവർക്കും മാസം 450 രൂപയ്ക്കു വിളിക്കാമെന്നായി. ഇത് മുതലെടുത്താണ് ദുർവിനിയോഗം.
എന്നാൽ സംവിധനം കർശനമായി പരിശോധിക്കാൻ ആളില്ലെന്നതാണ് വലിയ വീഴ്ച്ച.പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാർക്കു സ്മാർട് കാർഡ് ഉപയോഗിച്ചു വിളിക്കാവുന്ന 9 ഫോണുകൾ ജയിൽ ടവറിനു സമീപത്തെ ബ്ലോക്കിലാണു സജ്ജമാക്കിയിട്ടുള്ളത്; നിരീക്ഷിക്കാനുള്ളത് ഒരു ഉദ്യോഗസ്ഥൻ മാത്രം. 9 പേർ ഒരേസമയം വിളിച്ചാൽ ഡൈവേർഷനോ കോൺഫറൻസോ നടക്കുന്നുണ്ടോയെന്ന് അറിയാൻ പറ്റില്ല. മറ്റു ബ്ലോക്കുകളിലും ഓരോ സ്മാർട് ഫോണുണ്ട്. അവിടെയും നിരീക്ഷണത്തിന് ആളില്ല.ഇതിനു പുറമെ ചില പ്രതികൾക്ക് പ്രത്യേക ഇളവുണ്ട്. സംസാരിക്കുന്നതു കേൾക്കാൻ കഴിയാത്ത അകലത്തിൽ വേണം ജയിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണമെന്ന കോടതി വിധിയും ഇവർക്കു ലഭിച്ചിട്ടുണ്ട്. 7 കോഫെപോസ തടവുകാർക്കാണ് ഈ അനുമതി.
4 വർഷം മുൻപു പൂജപ്പുര ജയിലിൽ സ്ഥാപിച്ച സ്മാർട് കാർഡ് സംവിധാനം പിന്നീടു സംസ്ഥാനത്തെ എല്ലാ സെൻട്രൽ ജയിലുകളിലും ജില്ലാ ജയിലുകളിലും സ്ഥാപിച്ചു. അവിടെയൊക്കെ തട്ടിപ്പു നടക്കുന്നുണ്ടോയെന്ന് ആരും പരിശോധിച്ചിട്ടില്ല. തിരുവനന്തപുരത്ത് നിന്ന് തന്നെ വീഴ്ച്ചയുണ്ടായ സാഹചര്യത്തിൽ മറ്റ് ജയിലുകളിലേക്കും കർശന പരിശോധനയ്ക്കാണ് അധികൃതർ ലക്ഷ്യമിടുന്നത്.
മറുനാടന് മലയാളി ബ്യൂറോ