തൃശൂർ: വനഭൂമി വിഷയത്തിൽ മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായെന്നു സമ്മതിച്ച് മന്ത്രി അടൂർ പ്രകാശ്. സർക്കാർ ഭൂമി ഏറ്റെടുക്കാൻ വനം വകുപ്പ് താനറിയാതെ ചില ഉത്തരവുകളിറക്കിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷണനുമായി മന്ത്രിസഭാ യോഗത്തിനിടെ താൻ വാക്കുതർക്കത്തിലേർപ്പെട്ടെന്നുമാണ് അടൂർ പ്രകാശ് പറഞ്ഞത്.

എന്നാൽ, അടൂർ പ്രകാശിനു മറുപടിയുമായി തിരുവഞ്ചൂരും രംഗത്തെത്തി. നിയമവിധേയമായി മാത്രമേ ഭൂമിയുടെ പട്ടയം വിതരണം ചെയ്യൂ എന്ന സർക്കാർ നിലപാടിനെ മുൻനിർത്തിയാണ് വനംമന്ത്രി മറുപടി നൽകിയത്. നിയമവിധേയമായല്ലാതെ മുന്നോട്ടു പോയാൽ തിരിച്ചടിയുണ്ടാവാൻ സാധ്യതയുണ്ടെന്നും സർക്കാർ കാഴ്ചപ്പാടിലേ എല്ലാവരും പോകാവൂ എന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിൽ പട്ടയ വിതരണവുമായി ബന്ധപ്പെട്ട പൊതുചടങ്ങിലാണ് അടൂർ പ്രകാശ് മന്ത്രിസഭായോഗത്തിലെ പ്രശ്‌നങ്ങൾ വെളിപ്പെടുത്തിയത്. തങ്ങൾ തമ്മിലുണ്ടായ തർക്കത്തിന് മന്ത്രി സി എൻ ബാലകൃഷ്ണൻ സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മന്ത്രിസഭയിലെ രഹസ്യങ്ങൾ പുറത്തുപറയുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന നിലപാടിലാണു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.

അടൂർ പ്രകാശ് ഇത്തരം വാക്കുകൾ പറഞ്ഞില്ലെന്നാണ് വിശ്വാസം. ഇക്കാര്യത്തിൽ നിർദേശങ്ങളുണ്ടെങ്കിൽ സ്വീകരിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.

റവന്യൂ വകുപ്പിന്റെ കൈവശമുള്ള ഭൂമിയിൽ വനം വകുപ്പ് ഉത്തരവിറക്കിയതിനെ താൻ എതിർത്തുവെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. ഇതിന്റെ പേരിൽ തിരുവഞ്ചൂരുമായി വാക്കുതർക്കമുണ്ടായി. പാവങ്ങൾക്കുള്ള ഭൂമി പുറംവാതിലിലൂടെ പുറത്തുപോകാൻ അനുവദിക്കില്ല. ഹാരിസൺ പല തവണ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ തന്നെ സമീപിച്ചിരുന്നുവെന്നും അതിന് താൻ വഴങ്ങിയില്ലെന്നും മന്ത്രി പറഞ്ഞു.