- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേന്ദ്രനെ സംരക്ഷിക്കാനാകില്ല; അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണം; വിവാദങ്ങൾ കത്തിനിൽക്കെ മുരളീധര പക്ഷത്തിനെതിരെ പടയ്ക്ക് ഒരുങ്ങി ശോഭ, കൃഷ്ണദാസ് വിഭാഗങ്ങൾ; നിലപാട് കേന്ദ്രനേതൃത്വത്തെ അറിയിച്ചതായി റിപ്പോർട്ട്
ന്യൂഡൽഹി: കേരളത്തിൽ ബിജെപി പ്രതിസന്ധിയിലാണെന്നും കെ സുരേന്ദ്രനെ സംരക്ഷിക്കാനാകില്ലെന്നും കേന്ദ്ര നേതൃത്വത്തെ നിലപാട് അറിയിച്ച് ശോഭ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ് വിഭാഗങ്ങൾ. മുരളീധരനും സുരേന്ദ്രനും ബിജെപിയെ കുടുംബസ്വത്താക്കുകയാണ്. പാർട്ടിയെ സംരക്ഷിക്കാൻ ഒന്നിച്ചു നിൽക്കും. മുരളീധരനു വേണ്ടിയും സുരേന്ദ്രന് വേണ്ടിയും നിൽക്കാനാകില്ലെന്നും നേതാക്കൾ നിലപാടെടുത്തതായാണ് റിപ്പോർട്ട്.
വലിയ ഭിന്നതയാണ് കേരള ബിജെപിയിൽ. കേന്ദ്രനേതൃത്വം അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ശോഭാ സുരേന്ദ്രൻ, കൃഷ്ണദാസ് വിഭാഗങ്ങൾ ആവശ്യപ്പെട്ടു. അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണമെന്നും ഇരു വിഭാഗങ്ങളും ആവശ്യപ്പെട്ടു.
തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പ്രചരണ സാമഗ്രികൾ വിതരണം ചെയ്യുന്നതിലും സാമ്പത്തിക കാര്യങ്ങളിലും പരിണിത പ്രജ്ഞരായ നേതാക്കളെയും യുവാക്കളെയും ഉപയോഗപ്പെടുത്താതെ തന്റെ സുഹൃത്തുക്കളെയും കുടുംബാങ്ങളെയും സുരേന്ദ്രൻ നിയോഗിച്ചതാണ് ഇന്നത്തെ അവസ്ഥക്ക് കാരണം. ഗ്രൂപ്പിന്റെ പേരിൽ മാത്രം നൂറു കണക്കിന് നേതാക്കളെ മാറ്റി നിർത്തിയാണ് സുരേന്ദ്രൻ ഇത്തരം നടപടികൾ സ്വീകരിച്ചത്. അതുകൊണ്ട്, സുരേന്ദ്രൻ വ്യക്തിപരമായി സൃഷ്ടിച്ച പ്രതിസന്ധിയാണ് പാർട്ടിക്കുണ്ടായതെന്നും ഇരുവരും കേന്ദ്രത്തെ അറിയിച്ചു.
അതേസമയം, പാർട്ടിയെയും പ്രവർത്തകരെയും അപമാനത്തിൽ നിന്ന് മുക്തമാക്കാൻ കൃഷ്ണദാസ് -ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങുമെന്നും ഉറപ്പ് നൽകി. കേരളത്തിലെ ആർഎസ്എസ് നേതൃത്വവും സുരേന്ദ്രനെ സംരക്ഷിക്കേണ്ട ബാധ്യത പ്രസ്ഥാനത്തിനില്ല എന്ന നിലപാടിലാണ്.
തെരഞ്ഞെടുപ്പിൽ ലക്ഷകണക്കിന് ആർഎസ്എസ് പ്രവർത്തകരെയും നൂറുകണക്കിന് നേതാക്കളെയും വെച്ച് നടത്തിയ സംഘടനാ പ്രവർത്തനം പാഴായി പോയത് സുരേന്ദ്രന്റെ പക്വതയില്ലാത്ത നിലപാടുകളും ഗ്രൂപ്പ് പ്രവർത്തനവും കാരണമാണെന്ന് ആർഎസ്എസ് ഇതിനോടകം വിലയിരുത്തിയിട്ടുണ്ട്. ഈ വിലയിരുത്തൽ ആർഎസ്എസ് കേന്ദ്രത്തെ തെരെഞ്ഞെടുപ്പിനു ശേഷം അറിയിച്ചിരുന്നു.
എന്നാലിപ്പോൾ, കൊടകര വിഷയത്തിൽ ബിജെപിക്കാരനായ ധർമരാജൻ ആർഎസ്എസ് പ്രവർത്തകനാണെന്ന് പ്രചരിപ്പിച്ചത് ഔദ്യോഗിക പക്ഷത്തിന്റെ ഗൂഢാലോചനയാണെന്നും, ആർഎസ്എസ്സിന്റെ പേര് വലിച്ചിഴച്ച് സംഘടനാപരമായ സംരക്ഷണം നേടാനാണ് ഔദ്യോഗിക പക്ഷം ശ്രമിച്ചതെന്നുമുള്ള സംഘപരിവാർ വിലയിരുത്തൽ കേന്ദ്രം ഗൗരവമായാണ് കാണുന്നത്.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബിജെപിയുടെ പ്രതിഛായക്ക് വലിയ കോട്ടമുണ്ടാക്കിയ സംഭവങ്ങളാണ് കൊടകര കുഴപ്പണ വിവാദവും മഞ്ചേശ്വരത്ത് കോഴ നൽകിയതും. വിവാദങ്ങളിൽ പ്രധാനമന്ത്രി തന്നെ അതൃപ്തി അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വം പരാജയമെന്നാണ് കേന്ദ്ര നേതാക്കളുടെ വിലയിരുത്തൽ.
അതേസമയം,കുഴൽപ്പണ- കോഴ വിവാദങ്ങളിൽ പ്രതികൂട്ടിൽ നിൽക്കുമ്പോൾ പ്രതിരോധിക്കാൻ മാർഗ്ഗങ്ങൾ തേടി കെ സുരേന്ദ്രൻ ഡൽഹിയിലെത്തി. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന മുട്ടിൽ മരംമുറിയിൽ കേന്ദ്ര ഇടപെടണമെന്ന് ആവശ്യപ്പെട്ട് വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കാണുമെന്നാണ് സൂചന. ഇതോടൊപ്പം സ്വർണ്ണക്കടത്ത് ഉൾപ്പടെയുള്ള വിവാദങ്ങളിലെ അന്വേഷണം ശക്തിപ്പെടുത്താനുള്ള ഇടപെടൽ തേടിയുള്ള കൂടിക്കാഴ്ചകളും ഉണ്ടായേക്കും.
നേതൃത്വം സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചതാണെന്ന സൂചന ചില നേതാക്കൾ നൽകുമ്പോൾ, ആരും വിളിച്ചിട്ടല്ല ഡൽഹിക്ക് വന്നതെന്ന് സുരേന്ദ്രൻ വിശദീകരിക്കുന്നു. പാർട്ടി നേതാക്കളെയാരെയും കാണുന്നില്ലെന്നും ചില വിഷയങ്ങളിൽ കേന്ദ്ര മന്ത്രിമാരെ കാണാനാണ് വന്നതെന്നും സുരന്ദ്രൻ അറിയിച്ചു. തെരഞ്ഞെടുപ്പിലെ ഫണ്ട് വിനിയോഗത്തിൽ കെ.സുരേന്ദ്രനെതിരെയും കേന്ദ്ര മന്ത്രി വി. മുരളീധരനെതിരെയും നിരവധി പരാതികൾ കേന്ദ്ര നേതൃത്വത്തിന് കിട്ടിയിട്ടുണ്ട്. സംസ്ഥാന നേതാക്കളിൽ വലിയൊരു വിഭാവും ഇവർക്കെതിരെ നീക്കം ശക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്