പ്രമുഖ കലാകാരൻ ഷക്കീബ് ഖാൻ പരിപാടിയിൽ പങ്കെടുക്കാൻ എത്താത്തതിനെ തുടർന്ന് ഇന്ത്യൻ ക്ലബിൽ ഉണ്ടായ സംഘർഷത്തിൽ 20 പേർക്ക് പരിക്കേറ്റു.

ക്ലബിൽ സംഘടിപ്പിച്ച സംഗീത പരിപാടിക്കെത്തിയ ബംഗ്ലാദേശി കാണികളാണ് സംഘർഷത്തിന് പിന്നിലെന്നാണ് സൂചന. സംഘർഷത്തിൽ ക്ലബ്ബിലെ കസേരകൾ വലിച്ചെറിയുകയും തകർക്കുകയും ചെയ്തു. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് ബംഗ്ലാദേശി മ്യൂസിക് നൈറ്റ് നടത്തിയത്. ഇതിൽ വിവിധ കലാകാരന്മാർ പങ്കെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ഷക്കീബ് ഖാൻ പരിപാടിയിൽ എത്തില്ലെന്ന് അറിയിച്ചതോടെ കാണികളിൽ ചിലർ രോഷാകുലരാവാൻ തുടങ്ങിയെന്ന് സാക്ഷികൾ പറയുന്നു. ഖാനിന്റെ വിസ ലഭിച്ചത് അവസാന നിമിഷത്തിലായതാണ് ഇദ്ദേഹത്തിന് പരിപാടിയിൽ പങ്കെടുക്കാൻ തടസമായത്. തുടർന്ന് കസേരയും മേശയുമെല്ലാം എറിയുകയും ജനൽ, റിസപ്ഷൻ എന്നിവയെല്ലാം നശിപ്പിക്കുകയും ചെയ്തു. സംഘർഷത്തിൽ പരിക്കേറ്റവരെ സാൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ എത്തിച്ചിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല.

പരിപാടിയുടെ സംഘടകർക്കെതിരെ ക്ലബ് പ്രസിഡന്റ് അനന്ദ് ലോബോ പരാതി നൽകിയിട്ടുണ്ട്. പരിപാടി സംഘടിപ്പിക്കുവാനായി ക്ലബ്ബിലെ സൗകര്യം വാടകക്ക് നല്ഡകുകയാണ് ചെയ്തത്. 3000 ബിഡിയ്കിന് മുകളിൽ നാശനഷ്ടം ക്ലബിന് ഉണ്ടായതായാണ് വിലയിരുത്തൽ. അതേസമയം, സംഭവത്തിന്റെ വീഡിയോ വൈറൽ ആയിട്ടുണ്ട്.