- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണ്ണാടകയിലേക്ക് പോകാൻ നെഗറ്റീവ് സർട്ടഫിക്കറ്റോ ഒരു ഡോസ് വാക്സിനേഷനോ; കേരളത്തിലേക്ക് തിരിച്ചുവരാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; യാത്രക്കാരെ വലച്ച് രണ്ട് സംസ്ഥാനങ്ങളിലെ രണ്ട് നിയമം; കൂടുതൽ പ്രതിസന്ധി കർണ്ണാടകയിലേക്ക് ബസ് സർവ്വീസ് ആരംഭിക്കുന്നതോടെ
ബത്തേരി: കർണാടകയിലേക്കു കേരളത്തിൽ നിന്ന് ഇന്നു മുതൽ കെഎസ്ആർടിസി ബസ് സർവീസുകൾ തുടങ്ങാനിരിക്കെ, അതിർത്തി കടക്കാൻ രണ്ടു സംസ്ഥാനങ്ങളിലും വ്യത്യസ്ത നിബന്ധനകളുള്ളതു യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു.
കർണാടകയിലേക്ക് പോകുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഒരു ഡോസെങ്കിലും കോവിഡ് പ്രതിരോധ വാക്സീൻ എടുത്ത സർട്ടിഫിക്കറ്റോ മതി. എന്നാൽ കേരളത്തിലേക്കു വരണമെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കോവിഡ് വാക്സീൻ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ള ആൾ ബെംഗളൂരുവിലോ മൈസൂരുവിലോ പോയി അതേ ബസിൽ തിരിച്ചു വരുമ്പോൾ ആർടിപിസിആർ ടെസ്റ്റ് കൂടി നടത്തണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
കോഴിക്കോട്, ബത്തേരി എന്നിവിടങ്ങളിൽ നിന്നാണ് കർണാടകയിലേക്കു കെഎസ്ആർടിസി ഇന്നു മുതൽ സർവീസ് നടത്തുന്നത്. കോഴിക്കോട്ടു നിന്നു രാവിലെ 7നും 10 നുമായി 2 ബെംഗളൂരു സർവീസുകളും ബത്തേരിയിൽ നിന്നു രാവിലെ 7 നും 9 നുമായി 2 ഗുണ്ടൽപേട്ട സർവീസുകളുമാണ് ആദ്യഘട്ടത്തിൽ ഓടുക. വാക്സിനേഷൻ സർട്ടിഫിക്കറ്റ് മതിയെന്നതിനാൽ കർണാടകയിലേക്കു യാത്രക്കാർ കൂടുമെങ്കിലും, 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ ഫലം വേണമെന്നതു കേരളത്തിലേക്കുള്ള യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും.
ആവശ്യമായ സർട്ടിഫിക്കറ്റുകളിൽ വ്യക്തത ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡിപ്പോകളിലേക്കു യാത്രക്കാരുടെ തുടർച്ചയായ ഫോൺവിളികളാണു വരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കേരളത്തിലേക്കുള്ള പ്രവേശനത്തിനും ആർടിപിസിആർ അല്ലെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് മതിയെന്ന തീരുമാനം ഉണ്ടാകണമെന്നാണു പൊതുവേ ഉയരുന്ന ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ