- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹൈക്കമാൻഡിൽ സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ട് കത്തഴുതിയ 23 വമ്പന്മാരിൽ ഗുലാംനബി ആസാദിനെ ഒതുക്കി കോൺഗ്രസിൽ വൻ അഴിച്ചുപണി; ആസാദിനെയും മല്ലികാർജ്ജുൻ ഖാർഗയെയും ജനറൽ സെക്രട്ടറി പദവിയിൽ നിന്നുനീക്കി; പാർട്ടിവക്താവ് രൺദീപ് സിങ് സുർജേവാലയ്ക്ക് പ്രമോഷൻ; സോണിയയെ സഹായിക്കാൻ ആറംഗ പ്രത്യേക കമ്മിറ്റി; പ്രവർത്തകസമിതിയും കേന്ദ്ര തിരഞ്ഞെടുപ്പ് അഥോറിറ്റിയും പുനഃ സംഘടിപ്പിച്ചു
ന്യൂഡൽഹി: ഹൈക്കമാൻഡിനെതിരെ കത്തയച്ച 23 പേരെ ഒന്നൊന്നൊയി ഒതുക്കിത്തുടങ്ങി. സംഘടനാതലത്തിൽ വൻ അഴിച്ചുപണിയാണ് കോൺഗ്രസ് തുടരുന്നത്. വെള്ളിയാഴ്ച ഗുലാംനബി ആസാദിനെയും മല്ലികാർജ്ജുൻ ഖാർഗയെയും ജനറൽസെക്രട്ടറി പദവിയിൽ നിന്ന് നീക്കി. പാർട്ടി വക്താവായ രൺദീപ് സിങ് സുർജേവാലയ്ക്ക് പ്രമോഷൻ നൽകി. ഹരിയാനയുടെ ചുമതലയുണ്ടായിരുന്ന ഗുലാം നബി ആസാദിനു പകരം വിവേക് ബൻസാൽ തൽസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
തന്നെ സംഘടനാ-പ്രവർത്തന കാര്യങ്ങളിൽ തന്നെ സഹായിക്കാൻ കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി ആറംഗ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. എ.കെ.ആന്റണി, അഹമ്മദ് പട്ടേൽ, അംബികാ സോണി, കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക്, രൺദീപ് സിങ് സുർജേവാല എന്നിവരാണ് പ്രത്യേക കമ്മിറ്റി അംഗങ്ങൾ.
സുർജേവാലയ്ക്ക് കർണാടകത്തിലെ പാർട്ടികാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി പദവിയും നൽകി. കത്തെഴുതിയ വിമതരിൽ മുകുൾ വാസ്നിക് മാത്രമാണ് സെപ്ഷ്യൽ കമ്മിറ്റിയിൽ ഇടം പിടിച്ചത്. മറ്റുള്ളവരെല്ലാം ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരാണ്. മോത്തിലാൽ വോറ, അംബിക സോണി, ലൂയിസിനോ ഫലേറിയോ എന്നിവരെയും ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി, കോൺഗ്രസ് പ്രവർത്തക സമിതിയും കേന്ദ്ര തിരഞ്ഞെടുപ്പ് അഥോറിറ്റിയും പുനഃസംഘടിപ്പിച്ചു. പ്രിയങ്ക ഗാന്ധിക്ക് ഉത്തർപ്രദേശിന്റെയും ഉമ്മൻ ചാണ്ടിക്ക് ആന്ധ്രപ്രദേശിന്റെയും ചുമതല തുടരും. താരിഖ് അൻവറിനാണ് കേരളത്തിന്റെ ചുമതല. ദിഗ്വിജയ് സിങ്, രാജീവ് ശുക്ല, മാണികം ടാഗോർ, പ്രമോദ് തിവാരി, ജയറാം രമേശ്, എച്ച്.കെ. പാട്ടീൽ, സൽമാൻ ഖുർഷിദ്, പവൻ ബൻസൽ, ദിനേശ് ഗുണ്ടുറാവു, മനീഷ് ചത്രത്ത്, കുൽജിത് നാഗ്ര എന്നിവരാണ് പ്രവർത്തകസമിതിയിലെ പുതിയ അംഗങ്ങൾ.
പി.ചിദംബരം, ജിതേന്ദ്ര സിങ്, രൺദീപ് സുർജേവാല എന്നിവരെ സ്ഥിരം പ്രവർത്തക സമിതി അംഗങ്ങളാക്കി. രാജീവ് ശുക്ല, പ്രമോദ് തിവാരി എന്നിവരും സിഡബ്ല്യുസിയിൽ ഇടം പിടിച്ചു. എന്നാൽ, ജനറൽ സെക്രട്ടറി പദവിയിൽ എത്തിയ താരിഖ് അൻവറിനെ പ്രവർത്തക സമിതിയിൽ എടുത്തത് അപ്രതീക്ഷിതമായി. പുനഃ സംഘടിപ്പിക്കപ്പെട്ട സിഡബ്ല്യുസിയിൽ 22 നേതാക്കളുണ്ടാകും. 26 സ്ഥിരം ക്ഷണിതാക്കളും 10 പ്രത്യേക ക്ഷണിതാക്കളും ഉണ്ടാകും. കേന്ദ്ര തിരഞ്ഞെടുപ്പ് അഥോറിറ്റി തലവൻ മധുസൂദൻ മിശ്രിയാണ്. നേരത്തെ മുകുൾ വാസ്നിക്കായിരുന്നു ഈ സ്ഥാനത്ത്. ്അരവിന്ദർ സിങ് ലവ്ലിയും അഥോറിറ്റിയിൽ ഇടംകണ്ടെത്തി.
ഗുലാംനബി ആസാദ് പാർട്ടിയിൽ സമ്പൂർണ പുനഃ സംഘടന വേണമെന്നും ഫുൾടൈം പ്രസിഡന്റ് വേണമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളിൽ ഒരാളാണ്. ആസാദും ആനന്ദ് ശർമയും പ്രവർത്തക സമിതിയിൽ സ്ഥിരാംഗങ്ങളായി തുടരും. അതേസമയം, ജിതിൻ പ്രസാദ സിഡബ്ല്യുസിയിലെ സ്ഥിരം ക്ഷണിതാവായി മാറി. നേരത്തെ പ്രത്യേക ക്ഷണിതാവായിരുന്നു. പ്രസാദയ്ക്ക് പശ്ചിമ ബംഗാളിന്റെ ചുമതലയും നൽകി.