കോഴിക്കോട്:മുതിർന്ന കോൺഗ്രസ് നേതാവ് എ.ബാലറാം (79) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഒരാഴ്ചയിലധികമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോൺഗ്രസ് നേതൃനിരയിലെ പ്രമുഖനായിരുന്ന ബാലറാം. ദീർഘകാലം കോഴിക്കോട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായും കെപിസിസി. നിർവ്വാഹക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ കുന്ദമംഗലത്ത് നിന്നും ഒരു തവണ ബാലുശ്ശേരി മണ്ഡലത്തിൽ നിന്നും സംസ്ഥാന നിയമ സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.

പ്രഥമ ജില്ലാ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാലറാം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗം, ജില്ലാ പഞ്ചായത്ത് ഭരണ സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ആർ.ടി.എ.അംഗം, ഡിആർഡിഎ ഗവേണിങ് ബോർഡംഗം, ടെലഫോൺ ഉപദേശക സമിതി അംഗം, പട്ടികജാതി വികസന കോർപ്പറേഷൻ ഡയരക്ടർ, പട്ടികജാതി- പട്ടികവർഗ ഉപദേശക സമിതി അംഗം എന്നീ നിലകളിൽ വിവിധ കേന്ദ്ര - സംസ്ഥാന ബോർഡുകളിലും കോർപ്പറേഷനുകളിലും അംഗമായിരുന്നു.

അടിത്തട്ടിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുഖ്യധാരയിലേക്കെത്തിയ അപൂർവ്വം ദലിത് നേതാക്കളിലൊരാളായിരുന്ന ബലറാം നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഭൂദാന പ്രസ്ഥാനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാരതീയ അധ: കൃതവർഗലീഗ്, ദലിത് കോൺഗ്രസ് എന്നിവയുടെ സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ച എ. ബലറാം ദലിത് സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു.

ബാലാജിയുടെ നിര്യാണ വാർത്തയറിഞ്ഞ് മുൻ ഡിസിസി പ്രസിഡണ്ട് കെ.സി.അബു, മുൻ എംഎ‍ൽഎ യു.സി.രാമൻ എന്നിവരും ഡിസിസി ഭാരവാഹികളും സുഹൃത്തുക്കളും മെഡിക്കൽ കോളേജിൽ എത്തിച്ചേർന്നു.മൃതദേഹം ഡിസിസി ഓഫീസിൽ പൊതുദർശനത്തിനു വെച്ചു.

ഭാര്യ ജാനകി മക്കൾ റീന, റിജേഷ് റാം, റിനീഷ്ബാൽ, മരുമക്കൾ ശങ്കരൻ, അപർണ. സഹോദരങ്ങൾ സുനിതി, സുശീല, റീന.-സംസ്‌കാരം ഇന്ന് (ഞായർ) വൈകുന്നേരം മൂന്നു മണിക്ക് തറവാട്ട് വീട്ടുവളപ്പിൽ.