- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആലോചിക്കാൻ രാഹുൽ ഗാന്ധി നാളെ ഇതാദ്യമായി വരാനിരിക്കെ പുതുച്ചേരിയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; ഒരു എംഎൽഎ കൂടി രാജി വച്ചതോടെ വി.നാരായണ സ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി; വിശ്വാസ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം; മോദിയെയും കിരൺ ബേദിയെയും പഴിച്ച് നാരായണസ്വാമി
പുതുച്ചേരി: ഒരു എംഎൽഎ കൂടി രാജി വച്ചതോടെ പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി. എംഎൽഎ എ. ജോൺ കുമാറാണ് രാജി വച്ചത്. 2019 ലെ തിരഞ്ഞെടുപ്പിൽ കാമരാജ് നഗറിൽ നിന്ന് ജയിച്ച നേതാവാണ്. ഇതോടെ കോൺഗ്രസ് സർക്കാരിന്റെ അംഗസംഖ്യ പത്തായി ചുരുങ്ങി. മൂന്നു ഡിഎംകെ അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയുണ്ട് സർക്കാരിന്. 30 തിരഞ്ഞെടുക്കപ്പെട്ട സീറ്റുകളും മൂന്നു നോമിനേറ്റഡ് സീറ്റുകളും ആണ് പുതുച്ചേരിയിൽ ഉള്ളത്.
പ്രതിപക്ഷത്ത് ഓൾ ഇന്ത്യ എൻ ആർ കോൺഗ്രസിന് ഏഴും എഐഎഡിഎംകെയ്ക്ക് നാലും എംഎൽഎമാരുണ്ട്. ബിജെപിയുടെ അംഗങ്ങൾ നാമനിർദ്ദേശം ചെയ്യപ്പെട്ടവരാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ അവശേഷിക്കേയാണ് കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്.
ഇതുവരെ രണ്ടുമന്ത്രിമാർ-എ.നമശിവായം, മല്ലാഡി കൃഷ്ണ റാവു- രണ്ടു എംഎൽഎമാർ-ഇ. തീപ്പായ്ന്താൻ, ജോൺ കുമാർ എന്നിവർ രാജിവച്ചിട്ടുണ്ട്. നമശിവായവും, തീപ്പായ്ന്താനും ബിജെപിയിൽ ചേർന്നു.
കോൺഗ്രസ് എംഎൽഎ എൻ.ധനവേലുവിനെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അയോഗ്യനാക്കി. നിലവിൽ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് 14 സീറ്റ് വീതമുണ്ട്. മന്ത്രി സ്ഥാനം രാജി വച്ച മല്ലാഡി കൃഷ്ണറാവും തിങ്കളാഴ്ച എംഎൽഎ സ്ഥാനവും ഒഴിഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം. സ്പീക്കറെ അഭിസംബോധന ചെയ്യുന്ന കത്തും റാവു ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ റാവുവിന്റെ രാജിയെ കുറിച്ച് സ്പീക്കറുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചൊവ്വാഴ്ച രാവിലെയാണ് കാമരാജ്നഗർ എംഎൽഎയായ ജോൺ കുമാർ രാജിവെച്ചത്.ജോൺകുമാർ ഡൽഹിയിൽ ബിജെപി നേതാക്കളുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയതോടെ ഭരണമുന്നണി വിടുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. കുമാർ മുഖ്യമന്ത്രി വി.നാരായണ സ്വാമിയുടെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നെല്ലിത്തോപ്പ് മണ്ഡലത്തിൽ നിന്ന് ജയിച്ച കുമാർ പിന്നീട് നാരായണസ്വാമിക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുത്തു. പിന്നീട് 2019 ലാണ് കാമരാജ് നഗർ ഉപതിരഞ്ഞെടുപ്പിൽ ജയിച്ചുകയറിയത്.
തമിഴ്നാടിനൊപ്പം മെയ് മാസത്തിലായിരിക്കും പുതുച്ചേരിയിൽ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ആവിഷ്കരിക്കാൻ നാളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുതുച്ചേരിയിൽ എത്തുന്നുണ്ട്. രാഹുലിന്റെ വരവിന് തൊട്ടുമുൻപാണ് നാല് എംഎൽഎമാരുടെ രാജി എന്നതും ശ്രദ്ധേയമാണ്. പുതുച്ചേരിയിൽ കോൺഗ്രസ് അധികാരത്തിലെത്തിയതിനു ശേഷം ഇതാദ്യമായാണ് രാഹുൽ ഇവിടം സന്ദർശിക്കുന്നത്.
നാരായണസ്വാമി സർക്കാർ ന്യൂനപക്ഷമായി എന്ന കാട്ടി പ്രതിപക്ഷം സഭയിൽ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 2016 ലെ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് 15 സീറ്റിലും ഡിഎംകെ നാലിലും ജയിച്ചു. ഒരുസ്വതന്ത്രന്റെ പിന്തുണ കിട്ടി. പ്രതിപക്ഷത്ത് എൻആർകോൺഗ്രസ് ഏഴും എഐഎഡിഎംകെ നാലും. എന്നാൽ, ലഫ്.ഗവർണർ കിരൺ ബേദി വോട്ടിങ് അവകാശത്തോടെ മൂന്ന് ബിജെപി അംഗങ്ങളെ നാമനിർദ്ദേശം ചെയ്തതോടെ 30 അംഗ സഭയുടെ അംഗബലം 33 ആയി ഉയർന്നു.
തന്റെ സർക്കാരിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ ലഫ്.ഗവർണർ അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി നാരായണസ്വാമി ആരോപിച്ചിരുന്നു. അടുത്തിടെ ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് മെമോറാണ്ടവും നൽകി. ബേദിയും പ്രധാനമന്ത്രിയും ചേർന്ന് പുതുച്ചേരിയുടെ പ്രത്യേക പദവി എടുത്തുകളയാനും അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ലയിപ്പിക്കാനും ശ്രമിക്കുന്നതായും നാരായണസ്വാമി ആരോപിച്ചിരുന്നു.