തിരുവനന്തപുരം: കെപിസിസിയുടെ അനുമതിയില്ലാതെ സംഘടനകൾ രൂപീകരിക്കരുതെന്ന് നേതാക്കൾക്കു കെപിസിസി നേതൃത്വത്തിന്റെ മുന്നറിയിപ്പ്. കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുന്ന രീതിയിൽ ചില നേതാക്കളും പ്രവർത്തകരും പല പേരുകളിൽ സംഘടനകൾ ഉണ്ടാക്കി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു.

കെപിസിസിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരം സംഘടനകൾ രൂപീകരിക്കുകയോ അവയിൽ പ്രവർത്തിക്കുകയോ ചെയ്യുന്നത് സമാന്തര പ്രവർത്തനമായി കണക്കാക്കും. അത്തരം ആളുകളെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യുമെന്നും കെ. സുധാകരൻ എംപി അറിയിച്ചു.

രമേശ് ചെന്നിത്തല അധ്യക്ഷനായ 'സംസ്‌കാര' യുടെ പരിപാടിയിൽ സംഘർഷമുണ്ടായതിനു പിന്നാലെയാണ് കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശം പുറത്തുവന്നത്. കാസർകോട് പീലിക്കോട്ടാണ് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. ചെന്നിത്തല പങ്കെടുക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കുകയായിരുന്നു. സംസ്‌കാര കാസർകോട് ജില്ലാ സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷത്തിനാണ് രമേശ് ചെന്നിത്തല അവിടെ എത്തിയത്. പരിപാടിക്ക് മുമ്പേയാണ് കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിലടിക്കുന്ന സാഹചര്യമുണ്ടായത്.

പ്രവർത്തകർ തമ്മിൽ രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. ഒരു വിഭാഗം നേതാക്കൾ ഗ്രൂപ്പ് കളിക്കുന്നുവെന്ന് ആരോപിച്ചാണ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നത്. ഇതോടെ കെ.വി കുഞ്ഞിക്കണ്ണനെയും മുൻ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെയും വാഹനം ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞു. ഇവരെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായെന്നാണ് വിവരം. പിന്നീട് പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

കെപിസിസിയുടെ ഗാന്ധിദർശൻ സമിതിക്ക് ബദലായാണ് ചെന്നിത്തലയുടെ സംസ്‌കാര സമിതി എന്നാരോപണം ഉണ്ട്. സ്വന്തം ഗ്രൂപ്പ് നേതാക്കളെ ജില്ലാ ഭാരവാഹികളാക്കിയാണ് ചെന്നിത്തലയുടെ നീക്കം. അതേസമയം വി സി കബീറിന്റെ നേതൃത്വത്തിൽ ഗാന്ധിദർശൻ സമിതിയുടെ പരിപാടിയും ഇവിടെ നടക്കുന്നുണ്ട്. എല്ലാ ജില്ലയിലും ചെന്നിത്തല നേരിട്ടെത്തിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുക. കെ സുധാകരനെയും വി ഡി സതീശനെയും അനുകൂലിക്കുന്നവരെ പൂർണമായും ഒഴിവാക്കി എന്നും ആരോപണം ഉണ്ടായിരുന്നു.