ന്യൂഡൽഹി: ഞായറാഴ്ച കോൺഗ്രസിന്റെ നിർണായക പ്രവർത്തക സമിതിയോഗം ചേരാനിരിക്കെ, ഗാന്ധി കുടുംബാംഗങ്ങൾ രാജി വയ്ക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വാർത്തകളും വന്നു. എന്നാൽ, ഇത് തികച്ചും അന്യായമെന്നും, തെറ്റായ വാർത്ത എന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിൽ നിന്ന് രാജിസന്നദ്ധത അറിയിക്കുമെന്നാണ് വിവരം. പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചേക്കുമെന്നാണ് വാർത്തകൾ. 2019ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മോശം പ്രകടനത്തെത്തുടർന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. അന്നുമുതൽ സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരുകയാണ്. പാർട്ടിക്ക് ഇതുവരെ സ്ഥിരം അധ്യക്ഷനെ കണ്ടെത്താനായിട്ടില്ല.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിക്ക് പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തക സമിതിയോഗം നാളെ ചേരുന്നത്. സെപ്റ്റംബറിൽ നിശ്ചയിച്ചിരുന്ന സംഘടനാ തിരഞ്ഞെടുപ്പ് നേരത്തെ ആക്കാൻ സാധ്യതയുണ്ട്. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി സെപ്റ്റംബറിലേക്ക് പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. തീരുമാനം നാളത്തെ പ്രവർത്തകസമിതിയിൽ ഉണ്ടായേക്കും. നാളെ നാല് മണിക്കാണ് യോഗം.

തെരഞ്ഞെടുപ്പ് അവലോകനം ചർച്ച ചെയ്യാനാണ് യോഗം ചേരുന്നതെങ്കിലും വലിയ പൊട്ടിത്തെറികൾ പ്രതീക്ഷിക്കാമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലും ഗ്രൂപ്പ് 23 നേതാക്കൾ, ഇനി ഗാന്ധി കുടുംബം നേതൃസ്ഥാനത്തുണ്ടാവരുത് എന്ന കർശന നിലപാട് സ്വീകരിച്ചിട്ടുണ്ട്. പകരം ഫോർമുല എന്ന രീതിയിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാർജുന ഖാർഗെയെ പാർലമെന്ററി പാർട്ടി നേതാവാക്കാനുമുള്ള ഒരു നിർദ്ദേശം ഗാന്ധി കുടുംബം മുന്നോട്ട് വെക്കാൻ സാധ്യതയുണ്ട്. ഇത് അംഗീകരിക്കരുതെന്നും ഗ്രൂപ്പ് 23 നേതാക്കൾ തീരുമാനമെടുത്തിട്ടുണ്ട്.

തീരുമാനം വളരെ വൈകി എന്നാണ് ജി-23 നേതാക്കളുടെ വിമർശനം. ഈ ദുരന്തം സംഭവിക്കാമെന്ന് പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും നേതൃത്വം ഗൗനിച്ചില്ല. ഞങ്ങൾ ദേഷ്യം കൊണ്ടല്ല, സങ്കടം കൊണ്ടാണ് ഇങ്ങനെ പറയുന്നത്. തിരഞ്ഞെടുപ്പ് കാര്യത്തിൽ തീരുമാനം എടുക്കാൻ ഞങ്ങളോട് ഒന്ന് ആലോചിച്ചിട്ടുപോലുമില്ല, ഒരു നേതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന ജി-23 നേതാക്കളുടെ യോഗത്തിൽ തീരുമാനിച്ചത് ഇനിയും ഗാന്ധി കുടുംബത്തിന്റെ വാക്കോ ഫോർമുലയോ സ്വീകരിക്കേണ്ടതില്ല എന്നാണ്. മാറ്റം പാർട്ടിക്ക് ആവശ്യമെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തതും ഈ പശ്ചാത്തലത്തിലാണ്. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ നിലവിലെ നേതൃത്വം ഒന്നും ചെയ്യുന്നില്ല എന്നതിലാണ് ജി-23 നേതാക്കൾ രോഷം കൊള്ളുന്നത്. അസം, ബംഗാൾ, കേരളം, പുതുച്ചേരി എന്നിവടങ്ങിലെ തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്ത് തയ്യാറാക്കിയ കമ്മിറ്റി റിപ്പോർട്ട് പാർട്ടിയിൽ ഇതുവരെ ചർച്ച ചെയ്തിട്ടുപോലുമില്ല.

കപിൽ സിബൽ, ആനന്ദ് ശർമ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് ഗുലാംനബി ആസാദിന്റെ വീട്ടിൽ ഒത്തു കൂടിയത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗാന്ധി കുടംബം പിന്മാറണം. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്തും അഴിച്ചു പണി വേണം. പഞ്ചാബിലെ തോൽവിയടക്കം ചൂണ്ടിക്കാട്ടി പ്രവർത്തക സമിതിയിൽ കെ സി വേണുഗോപാലിനെതിരെ നിലപാട് ശക്തമാക്കാനാണ് ഗ്രൂപ്പ് 23 ന്റെ തീരുമാനം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം പോലും ഏകപക്ഷീയമായിരുന്നു. തോൽവിക്ക് പ്രധാനകാരണമായി നേതാക്കൾ വിലയിരുത്തി.

എന്നാൽ, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരായ നേതാക്കൾ ഇതിന് കടക വിരുദ്ധമായ കാര്യമാണ് പറയുന്നത്. കോൺഗ്രസിനെ ഐക്യപ്പെടുത്താനും മുന്നോട്ട് കൊണ്ടുപോകാനും ഗാന്ധി കുടുംബം ഇല്ലാതെ സാധിക്കില്ല എന്നാണ് കർണാടകയിലെ ഡി.കെ.ശിവകുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്.