- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ.സി.വേണുഗോപാലിനെ സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണം; ഉത്തരേന്ത്യൻ രാഷ്ട്രീയവും ഹിന്ദിയും അറിയുന്ന പരിചയ സമ്പത്തുള്ള ആളെ പകരം കൊണ്ടുവരണം; സമഗ്ര അഴിച്ചുപണി ആവശ്യപ്പെട്ട് ജി-23 ക്ക് വേണ്ടി സോണിയയെ കണ്ട് ഗുലാം നബി ആസാദ്

ന്യൂഡൽഹി: കോൺഗ്രസിലെ വിമത ഗ്രൂപ്പായ ജി-23 ഇന്നലെ മൂന്നാം വട്ട ചർച്ച നടത്തിയതിന് പിന്നാലെ പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി മുതിർന്ന നേതാവ് ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ചത്തെ പ്രവർത്തക സമിതിയിൽ ഗാന്ധി കുടുംബത്തോട് കൂറുള്ളവരുടെ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ചാണ് വിമതർ മൂന്നുവട്ടം യോഗം ചേർന്നത്. അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും ഗാന്ധി കുടുംബാനുകൂലികൾ അവരുടെ നേതൃത്വത്തിനായാണ് വാദിക്കുന്നത്. ഇതാണ് ജി-23 യെ ചൊടിപ്പിച്ചത്. രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം എല്ലാ പദവികളിൽ നിന്നും ഒഴിയാനുള്ള സോണിയയുടെ വാഗ്ദാനം പ്രവർത്തക സമിതി തള്ളിയിരുന്നു.
ശനിയാഴ്ച രാഹുൽ ഗാന്ധി മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുമായി സംസാരിച്ചിരുന്നു. ആരാണ് പാർട്ടിയിൽ തീരുമാനം എടുക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത വേണമെന്ന് ഹൂഡ രാഹുലിനോട് ആവശ്യപ്പെട്ടതായാണ് സൂചന. കാരണം പല തീരുമാനങ്ങളും നേതാക്കൾ അറിയുന്നത് പത്രങ്ങളിലൂടെയാണ്.
അതേസമയം, കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ നീക്കണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ജി 23 നേതാക്കൾ. സംഘടന ജനറൽ സെക്രട്ടറിയായി ഉത്തരേന്ത്യൻ രാഷ്ട്രീയം അറിയുന്ന പരിചയ സമ്പത്തുള്ള ഒരാളെ കൊണ്ടു വരണം. മ ഭൂപീന്ദർ ഹൂഡ ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിച്ചു. ജി 23 നേതാക്കൾ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാണുമെന്ന് അറിയുന്നു.ജി 23 പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലന്ന് വ്യക്തമാക്കിയ ഹൂഡ വലിയ തീരുമാനങ്ങൾ കൂട്ടായി ചർച്ച ചെയ്ത് എടുക്കണമെന്ന് രാഹുലിനോട് ആവർത്തിച്ചു.
ഇതിനിടെ മോദിയല്ല പാർട്ടിയെ തകർക്കുന്നത്, നേതൃ നിരയിലുള്ളവരാണെന്നും തോൽവിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്നും മനീഷ് തിവാരി പ്രതികരിച്ചു. നവജ്യോത് സിങ് സിദ്ദു പാർട്ടിയെ തകർത്തു. പദവി നൽകിയവർ ഇതിന് മറുപടി നൽകണമെന്നും മനീഷ് തിവാരി കൂട്ടി ചേർത്തു.
അജയ് മാക്കൻ, രൺദീപ് സുർജെവാല തുടങ്ങി രാഹുൽവൃന്ദത്തിലെ മറ്റു ചിലരുടെ കാര്യത്തിലും വിമത നേതാക്കൾക്ക് അതൃപ്തിയുണ്ട്. തോൽവി പരിശോധിക്കാൻ മാക്കനെപ്പോലുള്ള കുടുംബ വിശ്വസ്തരെ നിശ്ചയിച്ചതിലും ജി-23ന് വിയോജിപ്പുണ്ട്. രാഹുലും പ്രിയങ്കയും ഉൾപ്പെടുന്ന ചെറുസംഘം എല്ലാ കാര്യവും ഏകപക്ഷീയമായി തീരുമാനിക്കുന്നതിലും വിയോജിപ്പുണ്ട്. സോണിയെ ഗുലാംനബി നേരിൽ കണ്ടതും ഈ നിർദ്ദേശങ്ങൾ മൂന്നോട്ട് വയ്ക്കാനാണ്.
ബുധനാഴ്ച ജി-23 യോഗത്തിനു മുമ്പായി ഗുലാംനബി, സോണിയയുമായി സംസാരിച്ചിരുന്നു. സോണിയ കുടുംബത്തിന്റെ വിശ്വസ്തനായ മണിശങ്കർ അയ്യർ അടക്കമുള്ളവർ വിമത യോഗത്തിൽ പങ്കെടുത്തത് ഹൈക്കമാൻഡിനെ ഞെട്ടിച്ചു. ശങ്കർ സിങ് വഗേല, രജീന്ദർ കൗർ ഭട്ടൽ, പ്രിഥ്വിരാജ് ചവാൻ തുടങ്ങി അഞ്ച് മുൻ മുഖ്യമന്ത്രിമാർ യോഗത്തിനെത്തി.


