ന്യൂഡൽഹി: കേരളം പിടിക്കാൻ രണ്ടും കൽപ്പിച്ച് കോൺഗ്രസ് ഹൈക്കമാണ്ട്. പ്രചരണത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായിട്ടുണ്ട്. എംപിമാരെ മത്സരിപ്പിക്കാതെ നിയമസഭയിലെ വിജയമാണ് ലക്ഷ്യമിടുന്നത്. എന്നാലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ജയസാധ്യതയുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ കണ്ടെത്താൻ സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചു ഹൈക്കമാൻഡ് സർവേ നടത്തും. ഈ സർവ്വേയിൽ എംപിമാരുടെ വിജയ സാധ്യത തെളിഞ്ഞാൽ പുനർചിന്തനത്തിനും കോൺഗ്രസ് ഹൈക്കമാണ്ട് തയ്യാറാകും.

2019 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയതിനു സമാനമായ സർവേയാകും നടത്തുക. 2019ൽ സർവ്വേ വിലയിരുത്തലുകൾ ശരിയായി. കോ്ൺഗ്രസ് ആലപ്പുഴയിൽ ഒഴികെ ബാക്കിയെല്ലായിടത്തും ജയിച്ചു. കേരളത്തിൽ അധികാരം പിടിച്ചില്ലെങ്കിൽ അത് ദേശീയ തലത്തിൽ പോലും തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് ഹൈക്കമാണ്ട് ഇടപെടൽ. സർവ്വേ വൈകാതെ ആരംഭിക്കുമെന്നു ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണിത്.

ജയസാധ്യതയ്ക്കു പുറമേ സാമുദായിക പരിഗണന കൂടി ചേർത്താവും സർവേ. ഉമ്മൻ ചാണ്ടി നേതൃത്വത്തിലെത്തുന്നതോടെ ക്രൈസ്തവരുടെ പരിഭവം മാറുമെന്നാണ് പ്രതീക്ഷ. സർവ്വേയിൽ സമുദായിക സംഘടനകളുടെ മനസ്സും അറിയാൻ ശ്രമിക്കും. സ്ഥാനാർത്ഥികളായി പരിഗണിക്കാവുന്ന യുവാക്കൾ, വനിതകൾ എന്നിവരുടെ പേരുകളും ശേഖരിക്കും. മണ്ഡലങ്ങളിൽ നേരിയ ജയസാധ്യത പോലുമില്ലാത്തവർ ആരൊക്കെയെന്നും സർവേ പരിശോധിക്കും.

ഇവരിൽ ആരുടെയെങ്കിലും പേരുകൾ ഗ്രൂപ്പ് നേതൃത്വങ്ങൾ സ്ഥാനാർത്ഥികളായി നിർദേശിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കും. അങ്ങനെ ആരെ നിർദ്ദേശിച്ചാലും അംഗീകരിക്കില്ല. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും അടക്കമുള്ള മുതിർന്ന നേതാക്കൾ മത്സരത്തിനുണ്ടാകും. വി എം സുധീരനേയും സ്ഥാനാർത്ഥിയായി പരിഗണിക്കും. ക്ലീൻ ഇമേജുള്ളവരെ മുന്നിൽ നിർത്താനാണ് നിർണ്ണായകം. സർവ്വേയാകും സ്ഥാനാർത്ഥി നിർണ്ണയത്തിൽ സ്വാധീനം ചെലുത്തുകയെന്നും സൂചനയുണ്ട്.

ഗ്രൂപ്പ് വീതംവയ്പിന്റെ അടിസ്ഥാനത്തിലുള്ള സ്ഥാനാർത്ഥി നിർണയം ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണു ജയസാധ്യതയുള്ളവരുടെ പട്ടിക തയാറാക്കാൻ നേതൃത്വം ഒരുങ്ങുന്നത്. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥി നിർണയത്തിനു മുൻപ് സർവേ നടത്തിയിരുന്നതായി ഹൈക്കമാൻഡ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാന ജാഥ നടത്തണമെന്ന അഭിപ്രായവും ഹൈക്കമാൻഡിനുണ്ട്.

അതിനു മുൻപ് ലോക്‌സഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ജാഥകൾ നടത്താൻ എംപിമാരോട് ആവശ്യപ്പെടും. പാർലമെന്റ് സമ്മേളനം ഒഴികെയുള്ള ദിവസങ്ങളിൽ മണ്ഡലങ്ങളിൽ തങ്ങി, തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് എംപിമാർ ചുക്കാൻ പിടിക്കണം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുലും പ്രിയങ്കയും കേരളത്തിലെത്തും. അനാരോഗ്യം മൂലം വിശ്രമിക്കുന്ന സോണിയ ഗാന്ധി എത്തില്ല. രാഹുലിന്റെ സജീവ ഇടപെടലുകൾ കേരളത്തിലുണ്ടാകും. വയനാട്ടിലെ എല്ലാ സീറ്റും ജയിക്കുകയാണ് ലക്ഷ്യം.