- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗാളിൽ മോഹം സിപിഎമ്മുമായി ചേർന്ന് ഇടതു പക്ഷത്തെ സീറ്റ് നിലയിൽ പിന്നിലാക്കൽ; കേരളത്തിൽ ലക്ഷ്യം ഇടതു മുന്നണിയെ തറപറ്റിച്ച് തല ഉയർത്തലും; ക്രൈസ്തവ സഭകളെ തിരിച്ചെത്തിക്കാൻ ഗെലോട്ട് സജീവമാകും; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്ന് ഒരുമയുടെ സന്ദേശം നൽകും; ജീവന്മരണ പോരാട്ടത്തിന് ഹൈക്കമാണ്ട്
ന്യൂഡൽഹി: ബംഗാളിൽ തൃണമൂലൂം ബിജെപിയും തമ്മിലാണ് മത്സരം. ഇവിടെ ഇടതുപക്ഷവുമായി കൈകോർത്ത് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന കോൺഗ്രസിന് ആഗ്രഹം ഇടതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടുക മാത്രം. എന്നാൽ കേരളത്തിൽ എത്തുമ്പോൾ ലക്ഷ്യം ഒന്നു മാത്രം. എങ്ങനേയും സിപിഎമ്മിനെ തോൽപ്പിക്കൽ. തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരത്തിൽ എത്തും. ഇതിനൊപ്പം കേരളം കൂടി പിടിച്ചാൽ ദേശീയ തലത്തിൽ കോൺഗ്രസിന് തല ഉയർത്താം. അല്ലെങ്കിൽ നാണക്കേട് അതിഭീകരവും. അതുകൊണ്ടാണ് ഇലക്ഷൻ ചുമതലയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹലോട്ടിനെ തന്നെ കോൺഗ്രസ് കേരളത്തിലേക്ക് വിടുന്നത്.
ബിഹാർ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തോടെ കോൺഗ്രസ് പ്രതിസന്ധിയിലാണ്. അതുകൊണ്ട് ഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഏറ്റവുമധികം പ്രതീക്ഷയർപ്പിക്കുന്നതു കേരളത്തിൽ. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തോൽവി തിരിച്ചടിയായെങ്കിലും തിരിച്ചുവരാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണു ഹൈക്കമാൻഡ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര, ഗോവ മുൻ മുഖ്യമന്ത്രി ലൂസീഞ്ഞോ ഫലെയ്‌റോ എന്നിവരുൾപ്പെട്ട മൂന്നംഗ സമിതിക്കു രൂപം നൽകിയതിലൂടെ സംസ്ഥാന ഭരണം എങ്ങനേയും പിടിക്കുകയാണ് ലക്ഷ്യം.
പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവർ കൂടിയാലോചിച്ച ശേഷമാണ് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കേരളത്തിലേക്ക് അയ്ക്കുന്നത്. സാമുദായിക സംഘടനകളെ കോൺഗ്രസിനൊപ്പം നിർത്തുക എന്നതാണു ഗെലോട്ടിന്റെ മുഖ്യ ദൗത്യം. മുഖ്യമന്ത്രിയുടെ പദവിയുള്ള നേതാവ് ചർച്ചയ്ക്കായി നേരിട്ടെത്തുമ്പോൾ സാമുദായിക സംഘടനാ നേതാക്കൾക്ക് മുഖം തിരിക്കാനാകില്ല. എൻഎസ് എസും ക്രൈസ്തവ നേതൃത്വവുമായി ഗെലോട്ട് ആശയ വിനിമയം നടത്തും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായിരിക്കും താരപ്രചാരകർ. വയനാട്ടിൽ നിന്നുള്ള എംപിയാണ് രാഹുൽ. അതുകൊണ്ട് തന്നെ കൂടുതൽ സമയം രാഹുൽ കേരളത്തിൽ ഉണ്ടാകും.
തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ ഗ്രൂപ്പ് പോര് ഒരു കാരണവശാലും ബാധിക്കരുതെന്നാണു ഹൈക്കമാൻഡിന്റെ നിലപാട്്. ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നയിക്കണമെന്നാണ് ആവശ്യം. മൂന്നു പേർക്കും തുല്യ റോളാകും ഉണ്ടാവുക. മധ്യകേരളത്തിലെ ക്രൈസ്തവ സഭകൾ ഉൾപ്പെടെ ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങളുമായി ചർച്ച നടത്താൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഹൈക്കമാൻഡ് നിർദ്ദേശം നൽകി. ഇതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ഇരുവരും സംയുക്തമായി നയിക്കുമെന്ന് ഉറപ്പായി.
ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ ഇരുവരും ചങ്ങനാശ്ശേരി ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ എന്നിവരുമായികൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളിൽ കൂടുതൽ സഭ, സമുദായ നേതാക്കളുമായി ചർച്ചകൾ നടത്തും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ റിപ്പോർട്ടിലും മധ്യകേരളത്തിൽ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ വീണ്ടെടുക്കണമെന്നു നിർദ്ദേശിച്ചിരുന്നു. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവയുമായി താരിഖ് അൻവർ ചർച്ച നടത്തിയിരുന്നു. കത്തോലിക്ക സഭയിലെ ഒരു വിഭാഗം തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായി നിലപാട് സ്വീകരിച്ചില്ലെന്ന വിലയിരുത്തലുണ്ട്.
ഇതേത്തുടർന്നാണു ബിഷപ്പുമാരെ നേരിട്ടു കണ്ട് ചർച്ചകൾ നടത്തുന്നത്. സഭാ തർക്കത്തിൽ യാക്കോബായ വിഭാഗം പൂർണമായും ഇടതുമുന്നണിക്ക് ഒപ്പമാണ് നിന്നത്. അവരെ തിരിച്ചുപിടിക്കാൻ യാക്കോബായ സമുദായത്തിൽപ്പെട്ട കോൺഗ്രസ് നേതാക്കളെ പാർട്ടിയുടെ പദവികളിൽ നിയോഗിച്ച് സഭാ നേതൃത്വവുമായി ചർച്ചകൾക്ക് നിയോഗിക്കും.
മറുനാടന് മലയാളി ബ്യൂറോ