തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 70 ശതമാനത്തോളം സീറ്റുകളിൽ യുവാക്കളെയും സ്ത്രീകളെയും മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചിക്കുന്നു. ഒന്നാംനിര നേതാക്കൾ ഒഴികെ നാലു തവണയിൽ കൂടുതൽ മത്സരിച്ചവർ പട്ടികക്ക് പുറത്താക്കുമെന്നും സൂചനയുണ്ട്.

അതേസമയം സീറ്റിന് അവകാശവാദം ഉന്നയിക്കുന്ന മുതിർന്ന നേതാക്കൾ ഇടതുപക്ഷത്തെ പ്രമുഖർക്കെതിരെ മത്സരിക്കട്ടെ എന്നൊരു പുതിയ തീരുമാനവും കോൺഗ്രസ് നേതൃത്വത്തിന്റെ അജണ്ടയിലുണ്ട്. ഇതനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖരുടെ മണ്ഡലങ്ങളിലും മറ്റ് ഇടതു കോട്ടകളിലും മുൻ കേന്ദ്ര മന്ത്രിമാരും മുൻ കെപിസിസി പ്രസിഡന്റുമാരുമായ മുതിർന്ന നേതാക്കളാകും ഇത്തവണ അങ്കം കുറിക്കുക. വട്ടിയൂർക്കാവിൽ വി എം സുധീരനെ പരിഗണിക്കുന്നത് ഈ സാഹചര്യത്തിലാണ്.

എഴുപത് ശതമാനം സീറ്റുകൾ യുവാക്കൾക്കും സ്ത്രീകൾക്കും കൊടുക്കണമെന്നാണ് ആവശ്യം. എന്നാൽ മുതിർന്ന നേതാക്കളെ ഒഴിവാക്കാൻ കഴിയില്ല. തിരുവനന്തപുരത്തെ വട്ടിയൂർക്കാവും നേമവും എന്തുവന്നാലും ജയിക്കണമെന്നാണ് ആഗ്രഹം. ഇതിന് അനുസരിച്ചുള്ള സ്ഥാനാർത്ഥി നിർണ്ണയം ഉണ്ടാകും. ബിജെപിയുടെ വളർച്ച തടയാനാണ് ഇത്. ബിജെപിക്ക് ബദൽ കോൺഗ്രസ് ആണെന്ന സന്ദേശം നൽകുകയാണ് ലക്ഷ്യം.

വട്ടിയൂർക്കാവിൽ സുധീരനെ എങ്ങനേയും മത്സരിപ്പിക്കാനാണ് നീക്കം. നേമത്തേക്ക് വി എസ് ശിവകുമാറിനേയും പരിഗണിക്കും. കെ വി തോമസിനും പിജെ കുര്യനും സീറ്റ് നൽകും. എന്നാൽ ഇതൊന്നും എളുപ്പത്തിൽ ജയിച്ചു കയറുന്നതാകില്ല. സിപിഎം കോട്ടകളിൽ മത്സരിച്ച് ജയിക്കാനുള്ള കരുത്ത് എറണാകുളത്ത് തോമസിനുണ്ട്. അതുകൊണ്ട് അത്തരമൊരു മണ്ഡലം തോമസിനായി കണ്ടെത്താനാകും നീക്കം. മത്സരത്തിനില്ലെന്ന് പിജെ കുര്യൻ പറയുന്നുണ്ട്. എങ്കിലും പിജെ കുര്യനേയും സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ട്.

എന്നാൽ നേമത്ത് ശിവകുമാറിനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലുമുണ്ട്. ശിവകുമാർ തിരുവനന്തപുരത്ത് നിന്ന് മാറിയാൽ അവിടെ ജയസാധ്യത കുറയുമെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്തെ സമവാക്യങ്ങൾ എല്ലാം ശിവകുമാറിന് അനുകൂലമാണ്. ഗ്രൂപ്പ് നേതാക്കളായ മുതിർന്ന നേതാക്കൾക്ക് ഇത്തവണ സീറ്റ് കൊടുക്കുകയുമില്ല. കർശന നിരീക്ഷണങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാകും. എകെ ആന്റണിയാകും ഇത് നിരീക്ഷിക്കുക.

ഒരിക്കലും വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ യുവനേതാക്കളെ മത്സരിപ്പിച്ച് അവരുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കുന്ന പ്രവണത വളരെക്കാലമായി കേരളത്തിലെ കോൺഗ്രസ് വെച്ചുപുലർത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചതിനെ തുടർന്നാണ് ഇത്തരമൊരു ആലോചനയിലേക്ക് ഹൈക്കമാൻഡ് കടക്കുന്നത്. പ്രമുഖ നേതാക്കൾ ഇടതു കോട്ടകളിൽ മത്സരിച്ചാൽ അട്ടിമറി വിജയം നേടിവരുമെന്നും നേതൃത്വം വിലയിരുത്തുന്നു.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കാൻ മോഹമുണ്ട്. അങ്ങനെ മത്സരിക്കണമെങ്കിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കൽപ്പറ്റയിൽ മത്സരിക്കാനാണ് നിർദ്ദേശം. കൽപ്പറ്റ സിപിഎമ്മിൽ നിന്ന് പിടിച്ചെടുക്കാനാണ് മുല്ലപ്പള്ളിയെ ചുമതലപ്പെടുത്തുന്നത്. എംപിമാരുടെ നിർദ്ദേശം കൂടി മാനിച്ചാകും സ്ഥാനാർത്ഥി നിർണ്ണയം. എല്ലാ കാര്യത്തിനുമായി പത്തംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലെ ഈ സമിതിയെ ഹൈക്കമാണ്ട് നിരീക്ഷിക്കും. എല്ലാ കാര്യത്തിലും ഇടപെടലുണ്ടാകും.

മുതിർന്ന നേതാക്കൾ മാറി നിൽക്കണം എന്നാണ് ഹൈക്കമാൻഡ് നിർദ്ദേശമെങ്കിലും സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നവർ പാർട്ടി പറയുന്ന മണ്ഡലങ്ങളിൽ ആകണം മത്സരിക്കേണ്ടതെന്ന് നേതൃത്വം നിർദ്ദേശിക്കും. നാലു തവണയോ അതിൽ കൂടുതലോ മത്സരിച്ച 25ലേറെ നേതാക്കൾക്ക് ഇത്തവണ സീറ്റ് ഉണ്ടാകില്ല. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങി ആറോളം നേതാക്കൾക്ക് മാത്രമാണ് ഇതിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. 65 വയസ്സിനു മുകളിൽ പ്രായമുള്ളവരെ പരമാവധി ഒഴിവാക്കും.

കഴിഞ്ഞ ആഴ്ച കേരളത്തിലെത്തിയ ഹൈക്കമാൻഡ് പ്രതിനിധി താരിഖ് അൻവർ യൂത്ത് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യൂത്ത് കോൺഗ്രസ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിലേറെയും അദ്ദേഹം ഹൈക്കമാൻഡിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെപിസിസി ഭാരവാഹിത്വം വഹിക്കുന്നവരിൽ 10 ശതമാനത്തിന് മാത്രമാകും ഇത്തവണ സീറ്റുകൾ നൽകുകയെന്നും സൂചനയുണ്ട്.