തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പാന്നുള്ള തീയതി ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി പട്ടിക എത്രയും വേഗം പൂർത്തിയാക്കാനൊരുങ്ങുകയാണ് മുന്നണികൾ. ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച എത്രയും വേഗം പൂർത്തിയാക്കി സ്ഥാനാർത്ഥി പട്ടിക എത്രയും വേഗം പ്രഖ്യാപിക്കുക എന്നുള്ളതാണ് മുന്നണികളുടെ ലക്ഷ്യം. യുവാക്കൾക്ക് പ്രാതിനിധ്യം കൊടുക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെ ചർച്ചകളും സജീവമാണ്.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനാണ് പ്രഥമ പരിഗണന. കോഴിക്കോട് നോർത്ത്, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാ മണ്ഡലത്തിലാണ് അഭിജിത്തിന്റെ പേര് സജീവമായി പരിഗണിക്കുന്നത്. മീൻചന്ത ആർട്‌സ് കോളേജിൽ ബിരുദ വിദ്യാർത്ഥി ആയിരിക്കെ എസ്എഫ്‌ഐ യുടെ 28 വർഷത്തെ കുത്തക തകർത്ത് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായതോടു കൂടിയാണ് അഭിജിത്ത് സംഘടനാ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനായി. സംസ്ഥാന സർക്കാരിനെതിരെ വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന സമരത്തിലെ മുന്നളി പോരാളിക്ക് സിപിഎം കുത്തക തകർത്ത് നിയമസഭയിൽ എത്താൻ കഴിയും എന്നാണ് നേതൃത്വത്തിന്റെ കണക്ക്കൂട്ടൽ.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി അബ്ദുൾ റഷീദിനെ തളിപ്പറമ്പ്, തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിലെക്കാണ് പരിഗണിക്കുന്നത്. അഭിഭാഷകനായ റഷീദ് ലീഗ് നേതൃത്വവുമായി പുലർത്തുന്ന അടുത്ത ബന്ധവും അനുകൂല ഘടകമായി മാറും. മുൻ എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറിയും, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറിയുമായ അബിൻ വർക്കി കോടിയാട്ടിനെ ചെങ്ങന്നൂരിൽ പരീക്ഷിക്കാനാണ് നേതൃത്വത്തിന്റെ ആലോചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടൊപ്പം നിന്ന ഓർത്തഡോക്‌സ് വോട്ടുകൾ അബിൻ വർക്കി യിലൂടെ തിരിച്ചുപിടിക്കാനാകും എന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ.

തമിഴ്‌നാടിന്റെ ചുമതലയുള്ള എൻഎസ് യുഐ സെക്രട്ടറി ആയിരിക്കെ മദ്രാസ് ഐഐടിയിൽ ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ സംഭവത്തെ തുടർന്ന് നടന്ന സമര പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ച് ശ്രദ്ധേയനായതിലൂടെ എൻ.എസ്.യു.ഐ-യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിനും അബിൻ വർക്കിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ അവസരം നൽകണമെന്നുണ്ട്.

മുൻ എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറിയും, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറിയുമായ രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ടയിലെ സീറ്റുകളിൽ ഒന്ന് മത്സരിപ്പിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. മാധ്യമ ചർച്ചകളിൽ കോൺഗ്രസിന്റെ യുവ ശബ്ദം കൂടിയായ രാഹുലിന്റെ കാര്യത്തിലും എൻ.എസ്.യു.ഐ-യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് താത്പര്യമുണ്ട്.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ആർ.വി.സ്‌നേഹയെ അമ്പലപ്പുഴയിലേക്ക് പരിഗണിക്കുന്നുണ്ട്. പ്രതിപക്ഷ സമര പോരാട്ടങ്ങളിലെ ഈ പെൺകരുത്ത് സിനിമ-സീരിയൽ രംഗത്തും സജീവമാണ്. സ്‌നേഹക്ക് അമ്പലപ്പുഴയിൽ വിജയിക്കാനാകും എന്താണ് നേതൃത്വത്തിന്റെ ആലോചന.

പതിവിൽ നിന്ന് വിപരീതമായി കൂടതൽ യുവ സ്ഥാനാർത്ഥികൾക്ക് ഇത്തവണ കോൺഗ്രസ് നേതൃത്വം അവസരം നൽകാനാണ് സാധ്യത. ഈ സീറ്റ് ആർ എസ് പിക്ക് കൊടുത്തില്ലെങ്കിൽ സ്‌നേഹ സ്ഥാനാർത്ഥിയാകും.