ന്യൂഡൽഹി: ഇനി വെട്ടിനിരത്തൽ. യുവാക്കൾക്കും വനിതകൾക്കുമായുള്ള ഹൈക്കമാണ്ട് ഇടപെടൽ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ കണ്ടെത്താൻ ഹൈക്കമാണ്ട് ആശ്രയിക്കുക സർവ്വേ ഫലത്തെ. പല മണ്ഡലങ്ങളിലും ഒന്നിലധികം പേരുകൾ പരിഗണനയിലുണ്ട്. ചിലയിടത്ത് 5 പേർ വരെയുണ്ട്. ഇതെല്ലാം ഇനി ഒന്നായി മാറും. ഒറ്റ പേരിലേക്ക് ഇതിനെ ചുരുക്കുക എന്ന ദൗത്യത്തിനു തിരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റി തുടക്കമിട്ടു. ഡൽഹിയിൽ ഇന്നലെ രാത്രി വരെ നീണ്ട യോഗം ഇന്നും തുടരും.

സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടതു ജയസാധ്യതയുടെ മാത്രം അടിസ്ഥാനത്തിലാവണമെന്നും ഗ്രൂപ്പ് താൽപര്യങ്ങൾ മാറ്റിവയ്ക്കണമെന്നും സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാൻഡ് ആവർത്തിച്ചു. സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ ഡൽഹിയിലെത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ ദേശീയ നേതൃത്വവുമായി ചർച്ച നടത്തി. പല പ്രമുഖർക്കും സീറ്റ് നഷ്ടമാകും. എ ഗ്രൂപ്പിലെ പ്രമുഖരെയാകും ഇത് ബാധിക്കുക. കെസി ജോസഫും എംഎം ഹസനും പോലും വലിയ പ്രതിസന്ധിയിലാണ്. മുതിർന്ന ചില നേതാക്കളെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. വി എം സുധീരനാണ് അതിൽ പ്രധാനി.

ഇവർ കൂടി ഉൾപ്പെട്ട സ്‌ക്രീനിങ് കമ്മിറ്റി പാർട്ടി എംപിമാരുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിൽ ഉമ്മൻ ചാണ്ടി ഒഴികെ തുടർച്ചയായി 5 തവണ ജയിച്ചവരെയും തുടർച്ചയായി 2 തവണ തോറ്റവരെയും സ്ഥാനാർത്ഥി പട്ടികയിൽ നിന്നൊഴിവാക്കണമെന്ന് എംപിമാരിൽ ചിലർ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റുമാർക്കു സീറ്റ് നൽകരുതെന്നും ആവശ്യമുയർന്നു. ഇതും എ ഗ്രൂപ്പിന് വിനയാകും. ഇതിനിടെ ഹസനും കെസി ജോസഫിനും സീറ്റ് വേണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെടും. ഐ ഗ്രൂപ്പിന് ഇത്ര വലിയ പ്രതിസന്ധിയില്ല.

രമേശ് ചെന്നിത്തലയുടെ വിശ്വസ്തരെല്ലാം സെയ്ഫ് സോണിലാണ്. മൂവാറ്റുപുഴ ജോസഫ് വാഴക്കന് ഉറപ്പിക്കുക മാത്രമാണ് വെല്ലുവിളി. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ തമ്പാനൂർ രവിക്കും സീറ്റ് കിട്ടാനിടയില്ല. ഡൊമനിക് പ്രസന്റേഷന പോലുള്ളവരും പ്രതിസന്ധിയിലാണ്. ആറന്മുളയിൽ ശിവദാസൻ നായർക്കും സീറ്റ് കിട്ടാൻ ഇടയില്ല. ഇതെല്ലാം എ ഗ്രൂപ്പിനെ വേദനിപ്പിക്കുന്ന ഘടകങ്ങളാണ്. കെ ബാബുവിന്റെ തൃപ്പുണ്ണിത്തുറയിലെ കാര്യത്തിലും ഹൈക്കമാണ്ട് തീരുമാനം നിർണ്ണായകമാകും. എല്ലാ സിറ്റിങ് എംഎൽഎമാർക്കും സീറ്റ് അനുവദിക്കുമ്പോഴാണ് കെസി ജോസഫിന് ഇരിക്കൂർ നഷ്ടമാകുന്നതെന്നതാണ് വസ്തുത.

അതിനിടെ മത്സരിക്കുന്ന കാര്യത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തീരുമാനമറിയിച്ചിട്ടില്ലെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ, ഹൈബി ഈഡൻ എംപി എന്നിവർ സംസ്ഥാന നേതാക്കളെ സമീപിച്ചു. സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കുന്നതിനോട് ഹൈക്കമാൻഡിന് എതിർപ്പില്ല. ഇരിക്കൂർ മണ്ഡലം ഒഴിഞ്ഞ കെ.സി. ജോസഫ് കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാൻ താൽപര്യമറിയിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. എന്നാൽ കാഞ്ഞിരപ്പള്ളി സിറ്റിങ് സീറ്റല്ല. അതുകൊണ്ട് തന്നെ ജോസഫിന് അവസരം കിട്ടാനും സാധ്യതയുണ്ട്.

പാർട്ടി ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ തുടങ്ങിയവരുൾപ്പെട്ട കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുമായി സംസ്ഥാന നേതാക്കൾ നാളെ കൂടിക്കാഴ്ച നടത്തും. അതിനിടെ കേരളമടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും വനിതകൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ നിർവാഹക സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് ആണ് വിഷയം ഉന്നയിച്ചത്. ഇക്കാര്യത്തോട് തനിക്ക് അനുകൂല നിലപാടാണെന്നും സംസ്ഥാന നേതൃത്വങ്ങൾക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രാഹുൽ വ്യക്തമാക്കി.