കൊച്ചി: ഡോളർക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുകൾ പരാമർശിക്കപ്പെട്ടത് വൻ വിവാദമാകുമ്പോൾ ഇ.ഡി. യ്‌ക്കെതിരേ ഗുരുതര ആരോപണവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി. സ്വർണക്കടത്ത് കേസിൽ ഇ.ഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാൻ നിർബന്ധിച്ചു എന്ന് ആരോപിച്ച് ഇ.ഡി. യ്‌ക്കെതിരേ സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്തയച്ചു.

സന്ദീപ് നായർ ആർ എസ് എസുകാരനാണെന്നും സ്വർണ്ണ കടത്തിലെ മുഖ്യ കണ്ണി ഇയാളാണെന്നുമാണ് സിപിഎം ആരോപണം. അത്തരത്തിൽ സംഘി ബന്ധം സിപിഎം ചാർത്തിയ വ്യക്തിയാണ് കസ്റ്റംസിനെ വെട്ടിലാക്കി എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്തയച്ചത്. ഇതോടെ ഇനിയും ട്വിസ്റ്റുകൾ ആ കേസിൽ ഉണ്ടാകുമെന്ന് വ്യക്തമാകുകയാണ്.

മൂന്നുപേജുള്ള കത്താണ് പുറത്തുവന്നിരിക്കുന്നത്. ഉന്നത നേതാവിന്റെ മകന്റെ പേര് കൂടി പറയണമെന്നും ആവശ്യപ്പെട്ടതായി കത്തിൽ പറയുന്നു. ഇത്തരത്തിൽ പേരുകൾ പറഞ്ഞാൽ ജാമ്യം ലഭിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ സഹായിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി കത്തിൽ വ്യക്തമാക്കുന്നു. ഉന്നത നേതാവിന്റെ മകൻ ബിനീഷ് കോടിയേരിയാണെന്ന സൂചനകളാണ് ചർച്ചയാകുന്നത്.

കഴിഞ്ഞദിവസം കസ്റ്റംസ് സംഘം സന്ദീപ് നായരെ ഡോളർ കടത്ത് കേസിൽ പ്രതി ചേർത്തിരുന്നു. കേസിൽ അറസ്റ്റിനുള്ള അനുമതിയും ലഭിച്ചിരുന്നു. നിലവിൽ കോഫെപോസ വകുപ്പു പ്രകാരം തടവ് അനുഭവിക്കുകയാണ് സന്ദീപ് നായർ. അതേസമയം ഈ കത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇ.ഡി. പറയുന്നത്. വിഷയത്തിൽ പരിശോധന നടത്തുമെന്നും ഇ.ഡി. പറഞ്ഞു.

ജാമ്യം ലഭിക്കുന്നതിന് സഹായിക്കാമെന്ന് വാഗ്ദാനം നൽകി ഇവരുടെ പേര് പറയാൻ നിർബന്ധിച്ചെന്നാണ് സന്ദീപ് നായരുടെ ആരാപണം. പേര് പറഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കഴിക്കേണ്ടിവരുമെന്ന് ഭീഷണപ്പെടുത്തിയെന്നും കത്തിൽ പറയുന്നു. ഇ.ഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്റെ പേരെടുത്തും പറഞ്ഞിട്ടുണ്ട്.

സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചവരെ കുറിച്ച് അറിയാൻ ഇ.ഡി. ഇതുവരെ ശ്രമിച്ചിട്ടില്ല എന്നും അത്തരത്തിലുള്ള അന്വേഷണങ്ങൾക്ക് പകരം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാനാണ് നിർബന്ധിച്ചതെന്നും അന്വേഷണം വഴി തെറ്റിക്കാണ് ഇവർ ശ്രമിച്ചതെന്നും കത്തിൽ പറയുന്നു. തന്നെ അന്യായമായി തടവിൽ വെച്ചിരിക്കുകയാണെന്നും തനിക്ക് ജാമ്യം അനുവദിക്കണമെന്നും കാണിച്ചാണ് കത്തയച്ചിരിക്കുന്നത്.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇ.ഡിക്കെതിരെ രണ്ട് വനിതാ പൊലീസുകാരും മൊഴി നൽകിയിരുന്നു. നിർബന്ധിച്ച് മൊഴി രേഖപ്പെടുത്തി എന്നത് അടക്കമുള്ള കാര്യങ്ങളാണ് വനിതാ പൊലീസുകാരും പറഞ്ഞിരുന്നത്.