- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേമത്ത് മത്സരിക്കുക ഉമ്മൻ ചാണ്ടിയെന്ന ചർച്ച സജീവം; റിസ്ക് എടുക്കാൻ ചെന്നിത്തലയും തയ്യാർ; സിറ്റിങ് എംപിമാരെ മത്സരിപ്പിക്കാത്തത് 'നേമത്ത്' മികച്ച സ്ഥാനാർത്ഥിയെ കിട്ടിയതിനാൽ തന്നെ; സസ്‌പെൻസ് തുടരുന്നത് ബിജെപിയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തു വരാൻ; ചെന്നിത്തലയും ചാണ്ടിയും ഡൽഹിയിൽ നിന്ന് മടങ്ങുന്നത് ചർച്ചകൾ പൂർത്തിയാക്കി തന്നെ
ന്യൂഡൽഹി: കോൺഗ്രസ് മത്സരിക്കുന്ന എല്ലാ സീറ്റിലും സ്ഥാനാർത്ഥികളിൽ ഏകദേശ ധാരണയായെന്ന് സൂചന. ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പേരുകൾ പുറത്തു വിട്ടാൽ മതിയെന്നാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ തീരുമാനം. ഈ സാഹചര്യത്തിലാണ് പ്രഖ്യാപനം വൈകുന്നത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞതും ഈ സാഹചര്യത്തിലാണ്. ആകെ 91 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. 81 സീറ്റുകളിലെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. നേമം ഉൾപ്പെടെ ബാക്കി 10 സീറ്റുകളിൽ ഉടൻ തീരുമാനമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
എന്നാൽ എല്ലാ സീറ്റിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ചുവെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നാട്ടിലേക്ക് മടങ്ങുന്നത്. കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. വിശദമായ ചർച്ച വേണ്ടതിനാലാണ് പത്തു സീറ്റുകളിൽ തീരുമാനം ആകാത്തതെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിസന്ധിയൊന്നുമില്ലെന്നും വൈകാനുള്ള കാരണം പട്ടിക വരുമ്പോൾ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും തൃപ്തികരമായ തീരുമാനം എടുക്കുമെന്ന് മുല്ലപ്പള്ളി അറിയിച്ചു. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നും ഒരാൾ രണ്ടു മണ്ഡലത്തിൽ മത്സരിക്കില്ലന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.
എന്നാൽ നേമം ഉൾപ്പെടെയുള്ള സീറ്റുകളിൽ സ്ഥാനാർത്ഥികൾ ആയി കഴിഞ്ഞു. നേമത്ത് സസ്‌പെൻസ് തുടരട്ടേ എന്നാണ് തീരുമാനം. ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കാനാണ് സാധ്യത. കെ മുരളീധരനും സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എന്നാൽ ഇക്കാര്യം ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പറയാനാണ് കോൺഗ്രസ് തീരുമാനം. ഇന്ന് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഈ പട്ടിക കൂടി പരിഗണിച്ച് ആവശ്യമെങ്കിൽ ചില മാറ്റങ്ങൾ വരുത്തും. തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളെ മനസ്സിലാക്കാൻ വേണ്ടി കൂടിയാണ് ഇത്. നേമത്ത് ഉമ്മൻ ചാണ്ടിക്കൊപ്പം മത്സരിക്കാൻ താനും തയ്യാറാണെന്ന് രമേശ് ചെന്നിത്തലയും ്അറിയിച്ചിട്ടുണ്ട്.
പേരാമ്പ്രയും പുനലൂരും മുസ്‌ലിം ലീഗിന് നൽകാനും കോൺഗ്രസ് യോഗത്തിൽ ധാരണയായി. എ.കെ.ആന്റണി, രാഹുൽ ഗാന്ധി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പേരുവിവരങ്ങൾ ഞായറാഴ്ച ഡൽഹിയിൽ വെച്ച് പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. മുസ്ലിം ലീഗിന് 27 സീറ്റുകൾ നൽകി. കേരള കോൺഗ്രസിന് 10 സീറ്റുകൾ നൽകും. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, ഇടുക്കി, കടുത്തുരുത്തി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കുട്ടനാട് തിരുവല്ല, തൃക്കരിപ്പൂർ എന്നിവയാണിത്.
ആർഎസ്‌പിക്ക് അഞ്ച് സീറ്റുകളാണ്. മട്ടന്നൂർ, ചവറ, കുന്നത്തൂർ, ഇരവിപുരം, ആറ്റിങ്ങൽ എന്നിവയാണ് അവ. എലത്തൂരിലും പാലയിലും മാണി സി കാപ്പന്റെ എൻസിപി മത്സരിക്കും. ജനതാദൾ വിട്ടു വന്നവർക്ക് മലമ്പുഴയും നൽകും. നെന്മാറയിൽ സിഎംപിയും. വടകരയിൽ രമ മത്സരിക്കുകയാണെങ്കിൽ യുഡിഎഫ് പിന്തുണയ്ക്കും. ഫോർവേഡ് ബ്ലോക്കിന് ധർമ്മടവും നൽകി. എന്നാൽ ധർമ്മടത്ത് മത്സരിക്കാനില്ലെന്നാണ് ഫോർവേഡ് ബ്ലോക്കിന്റെ നിലപാട്.
ബിജെപിയുടെ ഏക സീറ്റായ നേമത്ത്, പാർട്ടിയുടെ തുറുപ്പുചീട്ട് ആരായിരിക്കുമെന്നതിനെക്കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇന്നലെയും നേതാക്കൾ നൽകിയത് ഉരുളൻ മറുപടികളാണ്. ഇതോടെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് അണികളിലും ആശയക്കുഴപ്പമേറി.
മറുനാടന് മലയാളി ബ്യൂറോ