- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇനിയും തുടർഭരണം വന്നാൽ കോൺഗ്രസ് എന്ന പാർട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകും! ഇന്നസെന്റിന്റെ തുടർഭരണം വേണ്ടെന്ന പ്രസ്താവനയിൽ പിണറായി കടുത്ത അതൃപ്തിയിൽ; കൊല്ലത്തെ മുകേഷിന്റെ പ്രചരണത്തിനിടെ ചാലക്കുടിയുടെ മുൻ എംപി പറഞ്ഞത് സിപിഎമ്മിന് തലവേദനയാകുമോ?
കൊല്ലം: നടൻ ഇന്നസെന്റിന്റെ തുടർഭരണം വേണ്ടെന്ന പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത അതൃപ്തിയിൽ. ഇടത് പ്രചരണ യോഗത്തിലാണ് ഇന്നസെന്റിന്റെ അഭിപ്രായ പ്രകടനമെന്നത് സിപിഎമ്മും ഗൗരവത്തോടെ എടുക്കുന്നു. സിപിഎമ്മിന്റെ മുൻ എംപിയുടെ അഭിപ്രായ പ്രകടനം അതിരു കടന്നുവെന്നാണ് സിപിഎം വിലയിരുത്തൽ.
സംസ്ഥാനത്ത് എൽഡിഎഫ് തുടർഭരണം വരുന്നതിൽ അത്ര താൽപര്യമില്ലെന്ന് നടനും മുൻഎംപിയുമായ ഇന്നസെന്റ് പറയുന്നു. ഇനിയും തുടർഭരണം വന്നാൽ കോൺഗ്രസ് എന്ന പാർട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകും. അതുകൊണ്ടാണ് തുടർഭരണത്തിൽ തനിക്ക് താൽപര്യമില്ലെന്നു പറഞ്ഞതെന്നും ഇന്നസെന്റ് പറഞ്ഞു. കൊല്ലത്ത് മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇപ്പോൾ ഏത് സ്ഥലത്താണ് ഇവർ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തിൽ നിന്നും പലരും ഇവിടേക്ക് വരുന്നു, അവിടെയൊന്നും ഇല്ല ഈ സാധനം. പലയിടത്തും അവസാനിച്ചു. ഇത്രയധികം വർഷങ്ങൾ കോൺഗ്രസ് ഭരിച്ചിട്ടും എന്താണ് അവർക്ക് ചെയ്യാൻ സാധിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കണം, മുഖ്യമന്ത്രി രാജിവയ്ക്കണം, ഇതുമാത്രമാണ് അവർക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോൾ എനിക്കും തോന്നി, എന്നാൽ ഒന്നു രാജിവച്ചുകൂടെ. എത്ര തവണയായി അയാൾ പറയുകയാണ്.' ഇന്നസെന്റ് പരിഹസിച്ചു.
'എനിക്ക് പപ്പടം വേണം, പപ്പടം വേണം എന്നു പറഞ്ഞ് കുട്ടി കരഞ്ഞാൽ അതുകൊടുക്കുകയല്ലേ മര്യാദ. ഈ പിണറായി അത് ചെയ്തില്ല. അപ്പോൾ മുഖ്യമന്ത്രി മാറി പിണറായി വിജയൻ രാജിവയ്ക്കണമെന്നായി, അതും മാറി വിജയൻ എന്നാക്കി. ഒരു ദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോൾ ഞാൻ ചോദിച്ചു, 'എത്രയോ നാളുകളായി അവർ ഇങ്ങനെ രാജിവയ്ക്കൂ, രാജിവയ്ക്കൂ എന്നു പറയുന്നു എന്നാൽ ഒന്ന് സമ്മതിച്ചുകൊടുത്തൂടെ.' അപ്പോൾ അദ്ദേഹം പറഞ്ഞു, ' ഇന്നസെന്റേ, ഞാൻ രാജിവച്ചിട്ട് ഈ സ്ഥാനം അവരുടെ കയ്യിൽ ഏൽപിച്ചാലുള്ള സ്ഥിതി ഒന്ന് ആലോചിച്ചു നോക്കിക്കേ.' ഇന്നസെന്റ് പറഞ്ഞു.
'ഞാൻ എംപിയായി, പാർലമെന്റിൽ പോയി. എട്ടാം ക്ലാസിലും ഏഴാം ക്ലാസിലും മൂന്ന് കൊല്ലം തോറ്റ ആള് പാർലമെന്റിൽ ചെല്ലുന്നു. എന്റെ വിചാരം ഏറ്റവും കുറവ് വിദ്യാഭ്യാസം ഉള്ള ആൾ ഞാനാണെന്നാണ്. അവിടെ െചന്നപ്പോഴാണ് മനസിലായത്, എന്നേക്കാൾ ബുദ്ധിയില്ലാത്തവരാണ് അവിടെ കൂടുതൽ. എന്റെ സിനിമകളൊക്കെ കാണാറുണ്ടെന്ന് അവിടെയുള്ളവർ എന്നോടു പറഞ്ഞു. റാം ജി റാവു സിനിമയൊക്കെ അവർക്കറിയാം.' മുകേഷിനെ എല്ലാവരും വിജയിപ്പിക്കണം. അങ്ങനെ കേരളത്തിലൊരു തുടർഭരണം ഉണ്ടാകണം. ആ തുടർഭരണത്തിലൂടെ പിണറായി വിജയൻ സർക്കാർ വീണ്ടും വരും.'ഇന്നസെന്റ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ