തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ മനസ് അനുകൂലമാകുമ്പോൾ കേരളം പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കൊല്ലം-ആലപ്പുഴ ജില്ലകളിൽ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇരു ജില്ലകളിലുമായുള്ള 20 സീറ്റുകളിൽ ആകെ രണ്ടെണ്ണം മാത്രമാണു യുഡിഎഫിന്റെ പക്കലുള്ളത്; രണ്ടും കോൺഗ്രസ് മണ്ഡലങ്ങളാണ് ഹരിപ്പാടും (രമേശ്‌ െചന്നിത്തല) അരൂരും (ഷാനിമോൾ ഉസ്മാൻ).

അതിശക്തമായ പോരാട്ടം കാഴ്ച വച്ചാൽ പകുതിയോളം സീറ്റുകൾ വരെ യുഡിഎഫിനു പിടിക്കാൻ സാധിക്കുമെന്നാണു വിലയിരുത്തൽ. ഹരിപ്പാട്, കരുനാഗപ്പള്ളി, ചവറ. ഇതിനു പുറമെ കുട്ടനാട്, ചേർത്തല, അമ്പലപ്പുഴ, കായംകുളം, കൊല്ലം, കുണ്ടറ, പത്തനാപുരം, ചടയമംഗലം, കൊട്ടാരക്കര സീറ്റുകളിൽ കഴിഞ്ഞ തവണത്തേതിൽനിന്നു വ്യത്യസ്തമായി ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണു വിലയിരുത്തൽ. ഈ മണ്ഡലങ്ങളിലെ ഫലമാകും വിജയിയെ അന്തിമമായി തീരുമാനിക്കുക. ഇതിനൊപ്പം ക്രൈസ്തവ സഭകളുടെ പിന്തുണയിൽ കോട്ടയവും എറണാകുളവും ഇടുക്കിയും തൃശൂരും പിടിക്കാമെന്നും കണക്കു കൂട്ടുന്നു.

2019ലെ ഉപതിരഞ്ഞെടുപ്പിൽ അരൂരിൽ ജയിച്ച ഷാനിമോൾ ഉസ്മാൻ ഇക്കുറി ശക്തമായ വെല്ലുവിളി നേരിടുന്നുവെന്നാണു വിലയിരുത്തൽ. മന്ത്രി ജി.സുധാകരൻ മത്സരക്കളത്തിലില്ലാത്ത അമ്പലപ്പുഴയിൽ വിജയ പ്രതീക്ഷയുണ്ടെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കായംകുളത്ത് അരിത ബാബുവിനൊപ്പം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോയിൽ അണിനിരന്ന വൻ ജനക്കൂട്ടം വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. കരുനാഗപ്പള്ളിയിൽ സി ആർ മഹേഷ് ഏതാണ്ട് വിജയം ഉറപ്പിച്ചിട്ടുണ്ട്.

മഞ്ചേശ്വരം, പേരാവൂർ, അഴീക്കോട്, കണ്ണൂർ, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, കൊടുവള്ളി, പൊന്നാനി, പെരിന്തൽമണ്ണ, തവനൂർ, താനൂർ, തൃശൂർ, ഗുരുവായൂർ, കുന്നംകുളം, പാലക്കാട്, തൃത്താല, തൃക്കാക്കര, തൃപ്പുണിത്തുറ, കുന്നത്തുനാട്, കളമശ്ശേരി,പൂഞ്ഞാർ, പാല, കായംകുളം, കുണ്ടറ, കരുനാഗപ്പള്ളി, കാട്ടാക്കട, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം എന്നീ മുപ്പത് മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് നടക്കുന്നത്. ഇതിൽ എൻഡിഎയ്ക്ക് രണ്ടു സീറ്റുവരെ കിട്ടുമെന്നാണ് വിലയിരുത്തൽ.

ഈ മുപ്പത് മണ്ഡലങ്ങളിൽ ബഹുഭൂരിപക്ഷത്തിലും ബിജെപിയാണ് വിജയിയെ നിശ്ചയിക്കുന്ന ഫാക്ടർ. മഞ്ചേശ്വരത്തും തൃശൂരും പാലക്കാടും നേമത്തും കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും തിരുവനന്തപുരത്തും നേമത്തും ബിജെപി ജയവും ലക്ഷ്യമിടുന്നു. മലമ്പുഴയിലും ബിജെപിക്ക് പ്രതീക്ഷയുണ്ടെങ്കിലും ഇവിടെ സിപിഎം സർവ്വേകളിൽ വളരെ ദൂരം മുന്നിലാണ്.

കേരളം യുഡിഎഫ് ഭരിക്കുമെന്ന് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ സർവ്വേയും പറയുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിൽ രാഹുലും പ്രിയങ്കയും കൂടുതൽ സജീവമാകുന്നത്. ദേശീയ നേതാക്കളുടെ സാന്നിധ്യം കോൺഗ്രസിന് കൂടുതൽ മുൻതൂക്കം നൽകുമെന്നാണ് വിലയിരുത്തൽ. ഇഞ്ചോടിഞ്ഞ് പോരട്ടമാണ് നടക്കുന്നതെന്നാണ് വിലയിരുത്തൽ.

74 സീറ്റിൽ യു.ഡി.എഫിന് വിജയമുണ്ടാകുമെന്നാണ് രാഹുൽഗാന്ധിയുടെ സ്പെഷ്യൽ സർവേ ടീം നൽകിയ റിപ്പോർട്ട്. രാഹുലും പ്രിയങ്കയും കളത്തിലിറങ്ങിയാൽ മനംമാറുന്ന പത്തുമണ്ഡലങ്ങളുണ്ടെന്നാണ് കണക്ക്. കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കോൺഗ്രസിന് ഇതിന്റെ ഗുണം കിട്ടും. കൊല്ലം, ആലപ്പുഴ ജില്ലകളിലെ പല സിപിഎം. മണ്ഡലങ്ങളും തിരിച്ചു പിടിക്കാനാകുമെന്നാണ് കോണ്ഡഗ്രസിന്റെ വിലയിരുത്തൽ.

കല്പറ്റ, മാനന്തവാടി, കോഴിക്കോട് നോർത്ത്, നാദാപുരം മണ്ഡലങ്ങളാണ് രാഹുൽ ഇറങ്ങിയാൽ ഉറപ്പായാലും യു.ഡി.എഫിന് ലഭിക്കുമെന്ന് സർവേ ടീം കണക്കാക്കുന്നത്. ഈ സ്ഥലങ്ങളിൽ എല്ലാം രാഹുൽ പ്രചരണത്തിൽ സജീവമാകും. ഇരട്ട വോട്ടിലെ കണ്ടെത്തലുകളും ജയം സമ്മാനിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് വേണ്ടിയാണ് കള്ളവോട്ട് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. ആഴക്കടലും തീരമേഖലയിൽ വോട്ടാകുമെന്നാണ് പ്രതീക്ഷ.