തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ലഭിച്ചതിനെക്കാൾ വോട്ടു വിഹിതം വർധിപ്പിച്ചപ്പോൾ എൽഡിഎഫ് കരസ്ഥമാക്കിയതു വൻവിജയം. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് യുഡിഎഫ് നിലനിർത്തി. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞു. ഏറ്റവും വലിയ നഷ്ടം ബിജെപിക്കാണ്. അവർ അമ്പേ പരാജയമായി.

2016ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയതിനെക്കാൾ 2.67 ശതമാനവും ലോക്‌സഭയിൽ നേടിയതിനെക്കാൾ 10.73 ശതമാനവുമാണ് എൽഡിഎഫിന്റെ വോട്ട് വർധന. ഇത് വ്യക്തമായ തരംഗത്തിന്റെ സൂചനയാണ്. ഭരണ വിരുദ്ധ വികാരം പോളിങ്ങിൽ അലയടിച്ചതുമില്ല. കിറ്റും പെൻഷനും വോട്ടായി മാറുകയും ചെയ്തു.

യുഡിഎഫിനു കഴിഞ്ഞ നിയമസഭയിൽ കിട്ടിയതിനെക്കാൾ 0.78% വോട്ടുകൾ ഇക്കുറി അധികം ലഭിച്ചു. എന്നാൽ 20 ൽ 19 സീറ്റുകളിലും വിജയം നേടിയ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുവിഹിതത്തെക്കാൾ 7.87% വോട്ടുകൾ കുറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ 14.93 % വോട്ടു വിഹിതത്തിൽ നിന്ന് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്തിയപ്പോൾ 15.53 ശതമാനമായി വോട്ടുകൾ വർധിപ്പിക്കാൻ ബിജെപിക്കു കഴിഞ്ഞിരുന്നു. ഇക്കുറി 2016ലേതിനെക്കാൾ താഴെയാണ് (12.47%) ബിജെപി വോട്ടുകൾ.

സിപിഎമ്മിന് എല്ലാ സീറ്റിലും നേട്ടമുണ്ടായി. നേമം സീറ്റിൽ 12.22% വോട്ടുകളാണ് ബിജെപിക്കു നഷ്ടപ്പെട്ടത്. വിജയിച്ച വി.ശിവൻകുട്ടിക്ക് 3.41% വോട്ടു കുറഞ്ഞപ്പോൾ മൂന്നാം സ്ഥാനത്തായ കെ. മുരളീധരന് 15.25% വോട്ടുകൾ അധികം കിട്ടി. കഴിഞ്ഞ തവണ ഒ. രാജഗോപാലിനു കിട്ടിയ വോട്ടുകളിൽ ഒരു പങ്ക് കോൺഗ്രസ് പിടിച്ചെടുത്തു.

കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് 3.04% വോട്ടു കുറഞ്ഞു. ഇവിടെ യുഡിഎഫിന് 5.14% വോട്ടുകളും നഷ്ടപ്പെട്ടു. ഇരു മുന്നണികളിലും നിന്നു വോട്ടു പിടിച്ചെടുത്താണ് എൽഡിഎഫിലെ കടകംപള്ളി സുരേന്ദ്രൻ ഭൂരിപക്ഷം വർധിപ്പിച്ചത്.

എന്നാൽ, മഞ്ചേശ്വരത്ത് 2.38 ശതമാനവും വട്ടിയൂർക്കാവിൽ 6.61 ശതമാനവും പാലക്കാട്ട് 6.26 ശതമാനവും മലമ്പുഴയിൽ 0.78 ശതമാനവും ചാത്തന്നൂരിൽ 9.05 ശതമാനവും കഴിഞ്ഞ തവണത്തെക്കാൾ വോട്ടുകൾ വർധിപ്പിക്കാൻ ബിജെപിക്കു കഴിഞ്ഞു.