- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തരൂരിന്റെ നയതന്ത്ര വൈദഗ്ധ്യത്തിൽ മോദിയെ തളയ്ക്കാമെന്ന ആശയത്തിന് നേരെ കണ്ണടച്ച് രാഹുൽ ഗാന്ധി; വിശ്വപൗരന്റെ ഇമേജുള്ള നേതാവിനെ മറക്കുന്നത് ഭാവിയിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കേണ്ടി വരുമെന്ന ഭീതിയിൽ; അധീർ രഞ്ജൻ ചൗധരി കോൺഗ്രസ് ലോക്സഭാ നേതാവായി തുടരും
ന്യൂഡൽഹി: ശശി തരൂരിനെ പ്രതിപക്ഷ നേതാവാക്കാൻ രാഹുൽ ഗാന്ധിക്ക് താൽപ്പര്യക്കുറവ്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായി കോൺഗ്രസിന്റെ തന്ത്രപ്രധാനസമിതിയോഗം ബുധനാഴ്ച ചേർന്നുവെങ്കിലും നിർണ്ണായക തീരുമാനം എടുത്തില്ല. കോൺഗ്രസിന്റെ വേരുകളെല്ലാം നഷ്ടപ്പെട്ട ബംഗാളിൽ നിന്നുള്ള നേതാവ് തന്നെ പ്രതിപക്ഷ നേതാവായി തുടരും.
ലോക്‌സഭയിലെ കക്ഷിനേതൃസ്ഥാനത്തുനിന്ന് അധീർ രഞ്ജൻ ചൗധരിയെ തത്കാലം മാറ്റില്ലെന്നതാണ് ഹൈക്കമാണ്ട് തീരുമാനം. അധീർ ചൗധരി ഈ സമ്മേളനത്തിലും കക്ഷിനേതാവായി തുടരുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ശശി തരൂർ, മനീഷ് തിവാരി, ഗൗരവ് ഗൊഗോയി, രൺവീത് ബിട്ടു തുടങ്ങിയവരുടെ പേരുകളാണ് ചൗധരിയുടെ പകരക്കാരനായി പരിഗണിച്ചിരുന്നത്. ഇതിൽ തരൂരിനായിരുന്നു മുൻതൂക്കം. ഇത് മനസ്സിലാക്കി ചിലർ ചരടുവലികൾ നടത്തിയതോടെ അധീർ രഞ്ജൻ ചൗധരിക്ക് കോളടിച്ചു.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കടുത്ത വിരോധിയായതുകാരണം അധീർ രഞ്ജൻ ചൗധരിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തൃണമൂൽ അംഗങ്ങൾ മടിക്കുകയാണ്. ഇതു ലോക്‌സഭയിലെ പ്രതിപക്ഷഐക്യത്തെയടക്കം ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു് അധീറിനെ മാറ്റാൻ കോൺഗ്രസ് ആലോചിച്ചിരുന്നത്. ഇതിനൊപ്പം ലോക്‌സഭയിൽ പ്രകടനത്തിലും അധീർ പിന്നിലാണ്. ഇതോടെയാണ് വിശ്വ പൗരനെന്ന പരിവേഷവുമായി തരൂരിനെ പ്രതിപക്ഷ നേതാവാക്കാനുള്ള ചർച്ചകൾ ഉയർന്നു വന്നത്.
എന്നാൽ കോൺഗ്രസ് യോഗം ഇതൊന്നും പരിഗണിച്ചില്ല. സോണിയയും രാഹുലും പങ്കെടുത്ത യോഗത്തിൽ അധീറിനുപുറമേ രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ, മുതിർന്ന പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി, സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ചീഫ് വിപ്പുമാരായ കൊടിക്കുന്നിൽ സുരേഷ്, ജയറാം രമേഷ്, ഇരുസഭകളിലെയും ഉപനേതാക്കളായ ആനന്ദ് ശർമ, ഗൗരവ് ഗൊഗോയി തുടങ്ങിയവരും പങ്കെടുത്തു. ജയറാം രമേശിനെ പോലുള്ളവർ നേതൃതലത്തിൽ മാറ്റം ആഗ്രഹിക്കുന്നവരാണ്. എന്നാൽ യോഗത്തിലുള്ള ബാക്കി എല്ലാവരും ഗാന്ധി കുടുംബത്തിന് ഒപ്പം നിൽക്കുന്നവരും.
കെസി വേണുഗോപാലിന്റെ നിലപാട് അധീർ ചൗദരിക്ക് തുണയായി. ആന്റണിയും തരൂരിന് വേണ്ടി വാദിച്ചില്ല. കൊടിക്കുന്നിൽ സുരേഷും മൗനത്തിലായി. ഇതോടെ ബംഗാൾ നേതാവ് പ്രതിപക്ഷ നേതാവായി തുടരുമെന്ന് ഉറപ്പായി. തരൂരിനെ പ്രതിപക്ഷ നേതാവാക്കിയാൽ ഭാവിയിൽ പ്രധാനമന്ത്രി പദത്തിലേക്ക് തരൂരിന് അവകാശ വാദം വരും. ഇത് മനസ്സിലാക്കിയാണ് ദുർബ്ബലനെന്ന് ഏവരും വിലയിരുത്തുന്ന അധീറിനെ തന്നെ പ്രതിപക്ഷ നേതാവായി നിലനിർത്തുന്നത്.
പഞ്ചാബ് കോൺഗ്രസിലുയർന്ന പ്രശ്നങ്ങളും യോഗത്തിൽ ചർച്ചയായി. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ ഒരു സുപ്രധാന തീരുമാനമുണ്ടാകുമെന്നാണ് വിവരം. ഇതിനെ തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. പ്രശാന്ത് കിഷോർ കോൺഗ്രസ് നേതൃത്വവുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണിത്.
മറുനാടന് മലയാളി ബ്യൂറോ