ന്യൂഡൽഹി: കെപിസിസി ഭാരവാഹികളുടെ കാര്യത്തിൽ അനിശ്ചിതത്വം ഉടലെടുത്തതോടെ, കോൺഗ്രസ് ഹൈക്കമാൻഡിനു പട്ടിക കൈമാറാനാവാതെ പ്രസിഡന്റ് കെ. സുധാകരൻ കേരളത്തിലേക്കു മടങ്ങിയതിന് കാരണം ജംബോ കമ്മറ്റികളിലുള്ള ചിലരുടെ പിടിവാശി. പരമാവധി പേരെ ഭാരവാഹികളാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ജംബോ കമ്മറ്റികൾ മാറ്റിയാൽ കൂടുതൽ നേതാക്കൾ സിപിഎമ്മിലേക്ക് ചേക്കേറുമെന്നാണ് കോൺഗ്രസ് ഭയം. ഈ സാഹചര്യത്തിലാണ് പുനഃസംഘടന നീളുന്നത്.

ജംബോ കമ്മറ്റികളുടെ അനിവാര്യതയാണ് ഹൈക്കമാണ്ടിന് മുമ്പിൽ കേരളത്തിലെ ഗ്രൂപ്പ് മാനേജർമാർ വച്ചത്. സ്ഥാനം നിഷേധിക്കുന്നവർ കൂട്ടത്തോടെ സിപിഎമ്മിലേക്ക് പോകുമെന്നും ഇത് പാർട്ടിയുടെ അടിത്തറ തകർക്കുമെന്നും വിലിയിരുത്തലുണ്ട്. അതുകൊണ്ട് പരമാവധി പേരെ ഭാരവാഹികളാക്കണമെന്നാണ് ആവശ്യം. കോൺഗ്രസിലെ അസംതൃപ്തരെ ചാക്കിട്ട് പിടിക്കാൻ സിപിഎം സജീവമായി നിലയുറപ്പിച്ചിട്ടുണ്ട്. ബിജെപിയും നീക്കങ്ങളുമായി സജീവം. ഈ സാഹചര്യത്തിൽ പരമാവധി നേതാക്കളെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പിടിച്ചു നിർത്തണമെന്നാണ് എ-ഐ ഗ്രൂപ്പുകളുടെ നിലപാട്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഇതിനെ പിന്തുണയ്ക്കുന്നു.

എന്നാൽ ജംബോ കമ്മറ്റി വേണ്ടെന്നും പോകുന്നവർ പോകട്ടെ എന്നതുമാണ് കെപിസിസി അധ്യക്ഷൻ സുധാകരന്റെ നിലപാട്. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതിനെ പിന്തുണയ്ക്കുന്നു. എന്നാൽ എല്ലാവരും പോകുന്ന സാഹചര്യം സ്വയം ഒരുക്കുന്നതാകരുത് പുനഃസംഘടനയെന്നതാണ് കെസിയുടെ നിലപാട്. ഇത് അംഗീകരിക്കില്ലെന്ന് സുധാകരനും പറയുന്നു. ജംബോ കമ്മറ്റി ഉണ്ടാകില്ലെന്ന് താൻ പറഞ്ഞതാണെന്നും അപമാനിക്കാനാണ് ശ്രമമെന്നും സുധാകരനും വിലയിരുത്തുന്നു. പാർട്ടി വിട്ട് ആരും പുറത്തു പോകില്ലെന്ന് ഉറപ്പിക്കാനാണ് പുനഃസംഘടന. അതിനെ ആ രീതിയിൽ കാണാനാണ് ഹൈക്കമാണ്ട് ശ്രമവും. ഈ സാഹചര്യത്തിലാണ് സുധാകരൻ പട്ടികയുമായി മടങ്ങുന്നത്.

51 പേരായി വെട്ടിച്ചുരുക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തേണ്ടവരെ സംബന്ധിച്ച് സംസ്ഥാനത്തു നിന്ന് ആവശ്യങ്ങളും പരാതികളും സമ്മർദവും ഉയർന്നതോടെയാണ് ജംബോ കമ്മറ്റിയെന്ന ആവശ്യം ശക്തമായത്. വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ഭാരവാഹിത്വത്തിനുള്ള മാനദണ്ഡങ്ങളിൽ ചിലർക്ക് ഇളവുകൾ നൽകാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയർന്നിട്ടുണ്ട്. പട്ടികയിൽ സാമുദായിക സന്തുലനം ഉറപ്പാക്കുന്നതിലും ആശയക്കുഴപ്പം നീങ്ങിയിട്ടില്ല. ഇതെല്ലാം പരിഹരിക്കാൻ കൂടുതൽ പേരെ ഭാരവാഹികളാക്കണമെന്നതാണ് കെസി വേണഗോപാലിന്റെ നിലപാട്.

ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള നേതാക്കളുമായി കേരളത്തിൽ സുധാകരൻ വീണ്ടും ചർച്ച നടത്തിയേക്കും. കെപിസിസി മുൻ പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം.സുധീരൻ എന്നിവരുമായി സംസ്ഥാന നേതൃത്വം ചർച്ച നടത്താത്തതിൽ ഇരുവരും അമർഷത്തിലാണ്. അനിശ്ചിതത്വം പരിഹരിച്ച ശേഷം ഈയാഴ്ച ഒടുവിൽ അദ്ദേഹം വീണ്ടും ഡൽഹിയിലെത്തുമെന്നാണു വിവരം. ജംബോ കമ്മറ്റി വേണ്ടെന്ന സുധാകരന്റെ നിലപാട് ഹൈക്കമാണ്ടിനും ഒടുവിൽ അംഗീകരിക്കേണ്ടി വരും.

പതിവുള്ള ജംബോ കമ്മിറ്റി അല്ലാത്തതിനാൽ, ഒട്ടേറെ പേരെ ഒഴിവാക്കേണ്ടി വരുമെന്നും തർക്കങ്ങളില്ലാതെ അതു നടപ്പാക്കാൻ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ബിഹാറിലേക്കു പോയതിനാലാണു പട്ടിക കൈമാറാൻ കഴിയാത്തതെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. താരിഖ് 15നു മടങ്ങിയെത്തിയ ശേഷമാവും ഇനി പട്ടിക കൈമാറുക.

പട്ടിക ഇന്നലെ ഹൈക്കമാൻഡിനു കൈമാറുമെന്ന് സംസ്ഥാന നേതൃത്വം ഞായറാഴ്ച അറിയിച്ചിരുന്നു. ചർച്ചകൾ പൂർത്തിയായെന്നറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അന്ന് വൈകിട്ട് കേരളത്തിലേക്കു മടങ്ങുകയും ചെയ്തു. സുധാകരൻ ഡൽഹിയിൽ തങ്ങി. ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയെച്ചൊല്ലിയുണ്ടായതു പോലുള്ള തർക്കങ്ങൾ കെപിസിസി ഭാരവാഹികളുടെ കാര്യത്തിൽ പാടില്ലെന്നാണു ഹൈക്കമാൻഡിന്റെ നിർദ്ദേശം.