ഉദയ് പൂർ: കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ചിന്തൻ ശിബിരത്തിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന ആവശ്യം ഉയർത്തി സംഘടന കാര്യ അന്തിമ പ്രമേയം. രാഹുുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോയെന്ന ചർച്ചകൾ സജീവമായി നിലനിൽക്കെയാണ് സംഘടന കാര്യ അന്തിമ പ്രമേയം തയ്യാറായത്.

അതേ സമയം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ നിർദേശിച്ച് ഒരു വിഭാഗം. രാജസ്ഥാനിലെ ഉദയ്പൂരിൽ പുരോഗമിക്കുന്ന പാർട്ടിയുടെ ചിന്തൻ ശിബിറിൽ വിഷയം സജീവ ചർച്ചയാകുകയാണ്.

പാർട്ടി നേതാവ് ആചാര്യ പ്രമോദ് കൃഷ്ണനാണ് പ്രിയങ്കയുടെ പേര് നിർദേശിച്ചത്. ഏറ്റവുമധികം ജനപ്രീതി നേടിയ കോൺഗ്രസിന്റെ മുഖമെന്ന രീതിയിൽ പ്രിയങ്ക കോൺഗ്രസ് അദ്ധ്യക്ഷയാകണമെന്ന് ആചാര്യ പ്രമോദ് ചൂണ്ടിക്കാട്ടി.

'രാഹുലിനെ വീണ്ടും അദ്ധ്യക്ഷ സ്ഥാനത്തുകൊണ്ടുവരാനും അദ്ദേഹത്തെ സമ്മതിപ്പിക്കാനും കഴിഞ്ഞ രണ്ട് വർഷമായി പരിശ്രമിച്ചു. അദ്ദേഹം അതിന് തയ്യാറാകുന്നില്ലെങ്കിൽ അദ്ധ്യക്ഷ സ്ഥാനത്ത് പ്രിയങ്ക വാദ്ര വരണം.' ചിന്തൻ ശിബിറിൽ ആചാര്യ പ്രമോദ് ആവശ്യപ്പെട്ടു. രാജ്യത്തെ കോടിക്കണക്കിനാളുകൾ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് രാഹുലിന് ആഗ്രഹിക്കുന്നുണ്ടെന്നും ആചാര്യ കൂട്ടിച്ചേർത്തു.

സോണിയ ഗാന്ധിയുടെയും പ്രിയങ്കയുടേയും സാന്നിധ്യത്തിലാണ് ആവശ്യമുയർന്നത്. ഇരുവരും ഇക്കാര്യത്തിൽ പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. പാർട്ടിയെ മുന്നിൽ നിന്നും നയിക്കാൻ കോൺഗ്രസിലെ യുവനേതാക്കൾ വരണമെന്നും രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ കൂടുതൽ ഉപയോഗിക്കണമെന്നും ആചാര്യ ചിന്തൻ ശിബിറിൽ ആവശ്യപ്പെട്ടിരുന്നു.

ജനകീയ വിഷയങ്ങൾ ഉയർത്തി പദയാത്രകൾ നടത്തണം.പ്രാദേശിക പാർട്ടികളെ വോട്ട് ബാങ്കിലേക്ക് അനുവദിക്കരുത്.സഖ്യം പാർട്ടി ദയനീയ അവസ്ഥയിലുള്ള സംസ്ഥാനങ്ങളിൽ മാത്രം മതിയെന്നും നിർദേശമുണ്ട്.

പാർട്ടി പദവികളിൽ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾക്ക് 50% പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സാമൂഹിക നീതി സമിതിയുടെ കരട് പ്രമേയം ആവശ്യപ്പെട്ടു.പാർലമെന്ററി ബോർഡിൽ യുവാക്കൾക്ക് പ്രാതിനിധ്യം വേണം.മുഖ്യമന്ത്രിപദവിയിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു.

അന്തിമ രാഷ്ട്രീയ കാര്യ സമിതിയുടെ കരട് പ്രമേയം പാർലമെന്ററി ബോർഡ് പുനഃസ്ഥാപിക്കണമെന്ന് നിർദേശിക്കുന്നു.മേൽ നോട്ടം വഹിക്കാൻ അകഇഇ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി വേണം.തിരഞ്ഞെടുപ്പ് പ്രചാരണത്തിനും സമാന രീതിയിൽ സമിതി വേണമെന്നും പ്രമേയം നിർദേശിക്കുന്നു.

2019ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തോൽവി നേരിട്ടതോടെയാണ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ പിന്മാറിയത്. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടായിരുന്നു പിന്മാറ്റം. ഇതോടെ ഇടക്കാല അദ്ധ്യക്ഷയായി സോണിയ ഗാന്ധിയെ നിശ്ചയിക്കുകയായിരുന്നു.