കണ്ണൂർ: കെ.സുധാകരനും കണ്ണൂർ ഡി.സി.സി ക്കുമെതിരെ എ.വിഭാഗത്തിന്റെ കോർ ഗ്രൂപ്പ്. സുധാകരനും അനുയായികളും കോൺഗ്രസ്സിനുണ്ടാക്കുന്ന അവമതിപ്പുകൾ ഇനി തുടരാൻ അനുവദിക്കരുതെന്ന നിലപാടെടുത്താണ് മുതിർന്ന എ.വിഭാഗം നേതാക്കൾ കണ്ണൂരിൽ ഗ്രൂപ്പ് യോഗം ചേർന്നത്. കെപിസിസി. ജനറൽ സെക്രട്ടറി പി.രാമകൃഷ്ണൻ, മുൻ മന്ത്രി കെ.സി. ജോസഫ്, എ.ഡി. മുസ്തഫ, എന്നീ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാണ് രഹസ്യ ഗ്രൂപ്പ് യോഗം നടന്നത്.

യോഗത്തിൽ കെ.സി. ജോസഫ് എം.എൽ എ.ക്കെതിരേയും രൂക്ഷമായ വിമർശനം നടന്നു. കെ.സുധാകരനോടുള്ള കെ.സി. ജോസഫിന്റെ നാളിതുവരെയുള്ള മൃദു സമീപനമാണ് ജില്ലയിലെ എ. ഗ്രൂപ്പിനെ അവഗണിക്കാൻ സുധാകരന് ശക്തി പകർന്നതെന്ന് ചിലർ ആരോപിച്ചു. സ്വയം വിമർശനത്തോടുകൂടി നടന്ന യോഗത്തിൽ ശക്തമായി സുധാകരനേയും ഉപചാപക വൃന്തങ്ങളേയും നേരിടാൻ തന്നെ തീരമുനിച്ചിരിക്കയാണ്.

കെ.സുധാകരൻ എന്ത് പറയുന്നുവോ അതനുസരിക്കുന്ന നേതൃത്വമായി കണ്ണൂർ ഡി.സി.സി. അധ: പതിച്ചിരിക്കയാണെന്ന് യോഗത്തിൽ നേതാക്കൾ വിമർശനം അഴിച്ചു വിട്ടു. കെ.സുധാകരന്റെ ശൈലി അനുസരിച്ച് സഹഭാരവാഹികളോടുപോലും ആലോചിക്കാതെയാണ് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി തീരുമാനങ്ങൾ നടപ്പാക്കുന്നത്. കണ്ണൂരിലെ കോൺഗ്രസ്സ് താനാണെന്നും മേനി പറഞ്ഞ് നാളിതുവരെ കെപിസിസി. യെ നിലക്ക് നിർത്തുകയായിരുന്നു സുധാകരന്റെ രീതി.

പാലക്കാട്ടെ സ്വകാര്യ മുതലാളിയുമായുള്ള കച്ചവടത്തിന്റെ പേരിൽ കുറ്റാരോപിതനായ വ്യക്തിക്കു വേണ്ടി പാർട്ടിയെ തീറെഴുതാൻ ശ്രമിച്ചത് കോൺഗ്രസ്സിന് നാണക്കേടുണ്ടാക്കിയിരിക്കയാണ്. കെ.പി.സി. സി. നേതൃത്വത്തെ വെല്ലു വിളിക്കുന്ന സുധാകരന്റെ നടപടിയെ ഇനി അംഗീകരിക്കാനാവില്ല. യോഗത്തിലുള്ളവർ ശക്തമായി ഉന്നയിച്ചു.

പാലക്കാട് പ്രശ്നത്തിന്റെ പേരിലും കെപിസിസി. യെ വെല്ലു വിളിക്കുന്ന കെ.സുധാകരന്റെ നടപടിയെ ഇനിയും അംഗീകരിക്കാനാവില്ല. സംഭവത്തിന്റെ പേരിൽ ഡി.സി.സി. പോലും കെപിസിസി. നിലപാട് അംഗീകരിക്കാത്ത അവസ്ഥയിലാണ് എല്ലാം സുധാകരന്റെ നിർദേശ പ്രകാരം. മുൻ മന്ത്രി കെ.പി. നൂറുദ്ദീന്റെ വിയോഗത്തിന് ശേഷം ആദ്യമായാണ് എ.ഗ്രൂപ്പ് നേതാക്കൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കണ്ണൂരിൽ ഒത്തു ചേരുന്നത്. സംഘടനയെ ഇനിയും സുധാകരന്റേയും ഉപചാപക വൃന്തങ്ങളുടേയും കാൽ ചുവട്ടിൽ തളക്കാനുള്ള ശ്രമത്തെ ചെറുക്കാൻ കൂടിയാണ് കോർ ഗ്രൂപ്പ് യോഗം ചേർന്നത്.

ദേശീയ തലത്തിൽ തന്നെ കന്നു കുട്ടിയ കശാപ്പ് ചെയ്ത സംഭവം കോൺഗ്രസ്സിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. അതിനും ഉത്തരവാദിയായത് സുധാകരന്റെ വിശ്വസ്ഥനായ യുവ നേതാവാണ്. പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തിട്ടും അയാളിന്നും ഡി.സി.സി. ഓഫീസിലെ പതിവുകാരനാണ്. പ്രതിഷേധയോഗങ്ങളിലെ പ്രാസംഗികനായും പ്രകടനം നയിക്കാനും അയാളെ ഡി.സി.സി. അനുവദിക്കുന്നു. സുധാകരന്റെ പിൻതുണയോടെ വീണ്ടും പാർട്ടിയിൽ അവരോധിക്കാനുള്ള ശ്രമം തുടരുകയാണ്.

കണ്ണൂരിലെ കോൺഗ്രസ്സിനുണ്ടായ പിന്നോക്കാവസ്ഥക്ക് കാരണക്കാരൻ കെ.സുധാകരനും ഡി.സി.സി. നേതൃത്വവുമാണ്. അടുത്ത കാലം വരെ കണ്ണൂർ പാർലിമെന്റ് സീറ്റും നിയമസഭാ സീറ്റും നഗരസഭയും കോൺഗ്രസ്സിന്റെ കുത്തകയായിരുന്നു. സുധാകരന്റെ സ്വജനപക്ഷപാതം മൂലം എല്ലാം കളഞ്ഞു കുളിച്ചു. ഇനിയും കെപിസിസി. അടിയന്തിരമായും ഇടപെട്ടില്ലെങ്കിൽ ജില്ലയിലെ പാർട്ടി സമ്പൂർണ്ണ തകർച്ചയിലേക്ക് എത്തിച്ചേരും. ഇത്തരം കാര്യങ്ങൾ വിശദമായി തയ്യാറാക്കിയ പരാതി കെപിസിസി. ക്ക് നൽകാൻ തീരുമാനിച്ചിരിക്കയാണ് എ.വിഭാഗം.