ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ റേഡിയോ പ്രസംഗ പരിപാടിയായ മൻ കി ബാത്ത് നിർത്തിവെക്കണമെന്ന് കോൺഗ്രസ്. റേഡിയോയിലൂടെ മോദി നടത്തുന്ന പ്രഭാഷണങ്ങളിൽ വികസന നേട്ടങ്ങൾ ഉയർത്തിക്കാണിക്കാനും പുതിയ വാഗ്ദാനങ്ങൾ നൽകാനും പ്രധാനമന്ത്രി ശ്രമിക്കുമെന്നാണ് കോൺഗ്രസിന്റെ ആരോപണം.

ബിഹാർ നിയമസഭാതെരഞ്ഞെടുപ്പിൽ ബിജെപിയെ നയിക്കുന്നത് പ്രധാനമന്ത്രിയാണ്. റേഡിയോ പ്രഭാഷണത്തിലൂടെ പ്രധാനമന്ത്രി ബിഹാറിലെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചേക്കും. അതിനാലാണ് തങ്ങൾ ഇതിനെ എതിർക്കുന്നതെന്നാണ് കോൺഗ്രസുകാർ പറയുന്നത്. അടുത്ത മൻകീ ബാത് വരുന്ന ഞായറാഴ്ചയാണ്.

എന്നാൽ പ്രഭാഷണം മുടക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകില്ലെന്നാണ് സൂചന. ഡൽഹി, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും സമാന ആരോപണം പ്രതിപക്ഷം ഉന്നയിച്ചുവെങ്കിലും പരിപാടി തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രഭാഷണം ഏതെങ്കിലും സംസ്ഥാനത്തെ ഉദ്ദേശിച്ചുള്ളതല്ലെന്നും ദേശീയ പ്രാധാന്യമുള്ളതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

അടുത്ത മാസം 12നാണ് അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് തുടക്കമാവുക. ജെ.ഡി.യു ആർ.എൽ.ഡി കക്ഷികൾക്കൊപ്പം വിശാല മതേതര മുന്നണി രൂപീകരിച്ചാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നവംബർ 8നാണ് വോട്ടെണ്ണൽ.