ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇനിയും പൊരുത്തപ്പെടാത്ത രാഷ്ട്രീയക്കാരനാണ് ശശി തരൂർ എംപി. അതുകൊണ്ട് തന്നെയാണ് നല്ലത് കണ്ട് നല്ലതാണെന്ന് പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ പാർട്ടി നടപടി കേരളഘടകം ആക്രമണം ചൊരിഞ്ഞത്. നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് ചലഞ്ച് ഏറ്റെടുത്തതാണ് കേരളത്തിലെ കോൺഗ്രസുകാരെ ചൊടിപ്പിച്ചത്. ഇതോടെ തരൂരിന്റെ ദേശീയ വക്താവ് സ്ഥാനം തെറിപ്പിക്കാനായി തീവ്രശ്രമം. തരൂരിനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

പാർട്ടി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റാനാണ് സാദ്ധ്യത. തരൂരിനെതിരെ കെപിസിസി സമർപ്പിച്ച റിപ്പോർട്ട് നിലവിൽ എ.ഐ.സി.സി അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്. മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, സുശീൽ കുമാർ ഷിൻഡെ, മോട്ടിലാൽ വോറ എന്നിവരടങ്ങിയതാണ് അച്ചടക്ക സമിതി. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തരൂരിനെതിരായ ആരോപണങ്ങളും സ്വച്ഛഭാരത പദ്ധതിയിൽ പങ്കെടുക്കാനുള്ള മോദിയുടെ ക്ഷണം തരൂർ സ്വീകരിച്ചതും സമിതി വിശദമായി പരിശോധിക്കും. അതേസമയം ആരോപണങ്ങൾ ഉയരുമ്പോഴും തരൂരിന്റെ ജനപ്രീതിയിൽ ഇനിയും കുറവു വന്നിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ ഹൈക്കമാൻഡ് മുൻകരുതൽ നടപടി സ്വീകരിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകൾക്ക് ശേഷമേ ഇക്കാര്യത്തിൽ എന്തെങ്കിലും നടപടിയുണ്ടാകുകയുള്ളൂ.

അതിനിടെ സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ടുള്ള പുതിയ റിപ്പോർട്ടിന്റെ പേരിൽ ശശി തരൂർ എംപിക്കെതിരെ ഹൈക്കമാൻഡ് ഉടൻ നടപടി എടുക്കില്ലെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ തരൂരിന് പിന്തുണ നൽകാനാണ് പാർട്ടിയുടെ തീരുമാനം. സുനന്ദയുടെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് വന്ന ശേഷം തീരുമാനമെടുക്കുമെന്ന് പാർട്ടി വക്താവ് അഭിഷേക് സിങ്‌വി വ്യക്തമാക്കി.

സുനന്ദയുടെ മരണം സംബന്ധിച്ച അന്വേഷണം നടക്കുമ്പോൾ, ഓരോ ദിവസവും ഓരോ റിപ്പോർട്ടുകളും വിവരങ്ങളും പുറത്തുവരുമെന്നും അതിന്റെയൊക്കെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ ആവില്ലെന്നും പാർട്ടി വക്താവ് അഭിഷേക് സിങ്‌വി വ്യക്തമാക്കി. നിയമ നടപടി പൂർത്തിയായി അന്തിമ റിപ്പോർട്ട് പുറത്തുവരുമ്പോൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.